പിണറായി ഓടിയ വഴിയില്‍ ഇതുവരെ പുല്ലുകിളിർത്തിട്ടില്ല, വീമ്പുകള്‍ കേട്ടു മടുത്തു

Advertisement

തിരുവനന്തപുരം: പഴയ പിണറായി വിജയനെക്കുറിച്ചുള്ള വീമ്പുകള്‍ കേരളം കേട്ടുമടുത്തതാണെന്നും അതിന് ഉചിതമായ മറുപടി നൽകിയപ്പോള്‍ പിണറായി ഓടിയ വഴിയില്‍ ഇതുവരെ പുല്ലുകിളിർത്തിട്ടില്ലെന്നും പരിഹസിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. സഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കാണ് സുധാകരൻ മറുപടി നൽകിയത്.

സഭയിൽ പ്രതിപക്ഷ നേതാവിന്‍റെ വിമർശനത്തോട് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ‘മുഖ്യമന്ത്രി വീട്ടിലിരുന്നാൽ മതിയെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പഴയ വിജയനാണെങ്കിൽ അപ്പോഴേ ഇതിന് മറുപടി പറഞ്ഞിട്ടുണ്ടാകും. ഇപ്പോൾ അതല്ലല്ലോ. ആ മറുപടി അല്ലല്ലോ ഇപ്പോൾ ആവശ്യം. ഇതൊന്നുമില്ലാത്ത കാലത്ത്, നിങ്ങൾ സർവ്വ സജ്ജരായി നിന്ന കാലത്ത് ഞാൻ ഒറ്റത്തടിയായി നടന്നുവല്ലോ, സുധാകരനോട് ചോദിച്ചാൽ മതി’-എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

ഇത്ര വീരശൂര പരാക്രമിയാണ് പുതിയ പിണറായി വിജയനെങ്കില്‍ എന്തുകൊണ്ടാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യലിന് ഇ.ഡിക്ക് വിട്ടുകൊടുക്കാത്തതെന്ന് കെ. സുധാകരൻ ചോദിച്ചു. ഇ.ഡി ചോദ്യം ചെയ്താല്‍ കുരുക്കുമുറുകുന്നത് തനിക്കാണെന്ന് ഉത്തമബോധ്യമുള്ളതിനാലാണ് ഭീരുവായ മുഖ്യമന്ത്രി രവീന്ദ്രന്‍റെ സംരക്ഷണം ഏറ്റെടുത്തത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറെ ഏറെനാള്‍ മുഖ്യമന്ത്രി സംരക്ഷിച്ചെങ്കിലും അന്വേഷണം ആഴങ്ങളിലേക്കു നീങ്ങിയപ്പോള്‍ കൈവിടേണ്ടി വന്നു. ഇതു തന്നെയാണ് രവീന്ദ്രന്‍റെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നത്.

സി.എം. രവീന്ദ്രനെ നിയമസഭയില്‍ തന്‍റെ ചിറകിനു കീഴില്‍ മുഖ്യമന്ത്രി ഒളിപ്പിക്കുകയാണ്. തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനാണ് ഇ.ഡി നിര്‍ദേശിച്ചിരുന്നതെങ്കിലും രവീന്ദ്രന്‍ പോയത് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ്. നിയമസഭാ സമ്മേളനത്തിന്‍റെ തിരക്കാണ് എന്നാണ് രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചത്. എന്നാല്‍, നിയമസഭയില്‍ രവീന്ദ്രന് ഒരു റോളുമില്ല എന്നതാണ് വസ്തുതയെന്നും സുധാകരൻ പറഞ്ഞു.

Advertisement