സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി

Advertisement

എറണാകുളം: വരാപ്പുഴയിലെ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.

താന്‍ സ്ഥിരമായി ഇരിക്കുന്ന സ്ഥലമാണെന്നും സുഹൃത്തുക്കള്‍ നടത്തുന്ന പടക്ക നിര്‍മാണ ശാലയാണ് സ്‌ഫോടനത്തില്‍ തകര്‍ന്നതെന്നും നടന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

‘എന്റെ വളരെയടുത്ത സുഹൃത്തിന്റെ ചേട്ടനും അനിയനും ചേര്‍ന്ന് നടത്തുന്ന കടയാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. ഞങ്ങള്‍ എപ്പോഴും വന്നിരിക്കുന്ന സ്ഥലമാണ്. രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഞാന്‍ രക്ഷപ്പെട്ടത്. ഇവിടുള്ള വെടിക്കെട്ടുകള്‍ എല്ലാം നടത്തുന്ന ആള്‍ക്കാരാണ് ഇവര്‍. ലൈസന്‍സ് ഉള്ളവരാണ്. പക്ഷെ, ഇത്രയും ഇടുങ്ങിയ ഒരു സ്ഥലത്ത് പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രശ്നം. അവര്‍ ഇവിടെ നിന്നും മാറാന്‍ ഇരിക്കുകയായിരുന്നു. പാലക്കാട്ടേയ്ക്ക് മാറാന്‍ ഇരുന്ന സമയത്താണ് ദുരന്തം ഉണ്ടായത്’ എന്ന് ധര്‍മ്മജന്‍ പറഞ്ഞു.

അതേസമയം, സ്‌ഫോടനമുണ്ടായത് അനധികൃത ശേഖരത്തില്‍ നിന്നാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു. ജയ്‌സന്‍ എന്നയാള്‍ക്ക് പടക്കം വില്‍പ്പനയ്ക്കുള്ള ലൈസന്‍സ് മാത്രമാണ് ഉള്ളതെന്നും അതിന്റെ മറവില്‍ അനധികൃതമായി വന്‍തോതില്‍ പടക്കം സൂക്ഷിക്കുകയായിരുന്നുവെന്നും ജില്ലാ കളക്ടര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ചൂടാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് നിഗമനം.