ആലപ്പുഴ: സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ഭാര്യയെ ഒഴിവാക്കാൻ ഏരിയാ കമ്മിറ്റി അംഗമായ യുവാവ് ആഭിചാരക്രിയ നടത്തിയതായി പരാതി. യുവനേതാവിനെതിരെ ഭാര്യയുടെ പിതാവ് മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറിക്കും ആലപ്പുഴ ജില്ലാ സെക്രട്ടറിക്കും പരാതി നൽകി. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഭാര്യാപിതാവും പാർട്ടി അംഗമാണ്.
കായംകുളത്തെ സിപിഎമ്മിലെ ചേരിപ്പോരില്‍, ജില്ലാ പഞ്ചായത്ത് അംഗവും കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ യുവനേതാവിനെതിരായ ഗാര്‍ഹിക പീഡനപരാതി ഗ്രൂപ്പുകള്‍ക്ക് ആയുധമായി. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയാണ് പാര്‍ട്ടി നേതൃത്വത്തിനും പൊലീസിനും ലഭിച്ചിരിക്കുന്നത്. ആരോപണവിധേയനായ യുവനേതാവ് നാട്ടില്‍നിന്ന് മാറിനില്‍ക്കുകയാണ്.
സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും എസ്എഫ്ഐ, ഡിവൈഎഫ്ഐ മുന്‍ ഭാരവാഹിയുമായിരുന്നു മര്‍ദനമേറ്റ യുവനേതാവിന്‍റെ ഭാര്യ. തദ്ദേശ സ്ഥാപന ഭാരവാഹിയും പാര്‍ട്ടി കായംകുളം ഏരിയ കമ്മിറ്റി അംഗവുമാണ് യുവനേതാവ്. ഇരുവരുടേതും മിശ്രവിവാഹമായിരുന്നു. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി ഇവരുടെയിടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും പല തവണ പാര്‍ട്ടി നേതൃത്വം ഇടപെട്ട് പ്രശ്പരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിയിൽ പറയുന്നു.
ഔദ്യോഗിക വാഹനത്തിന്‍റെ ബോര്‍ഡ് മറച്ച്, ബന്ധമുള്ള സ്ത്രീയുമായി യാത്ര പോയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് യുവനേതാവ് ഭാര്യയെ ക്രൂരമായി മര്‍ദിച്ചതെന്ന് പരാതിയിൽ പറയുന്നു. പരുക്കേറ്റ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയതിനു പിന്നാലെയാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ യുവതിയുടെ പിതാവ് മുഖ്യമന്ത്രിക്കും പാര്‍ട്ടി ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്കും പരാതി നല്‍കിയത്. മര്‍ദനവിവരം പുറത്തുവന്നതോടെ ഫെബ്രുവരി 28ന് രാത്രിയോടെ യുവതിയുടെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു.
മകളെ ഒഴിവാക്കാനായി ഈ സ്ത്രീക്കൊപ്പം വിവിധ ക്ഷേത്രങ്ങളിൽപ്പോയി ആഭിചാരക്രിയകൾ നടത്തിയതായും ഇതിന്റെ തെളിവുകളും പാർട്ടി നേതാക്കൾക്കും മുഖ്യമന്ത്രിക്കും അയച്ച പരാതിക്കൊപ്പം ചേർത്തിട്ടുണ്ടെന്നാണ് വിവരം. ‘‘വ്യാജ സന്ദേശങ്ങൾ തയാറാക്കി മകളെ ഈ സ്ത്രീ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ കുടുംബം സംഘപരിവാർ ബന്ധമുള്ളവരാണ്. രക്തസാക്ഷികളെ അവഹേളിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്ത ആളാണ് ഈ സ്ത്രീ. ബന്ധം നിലനിർത്തുന്നതിനുവേണ്ടി മകളെ ഇല്ലാതാക്കുമെന്ന ഭയമുണ്ട്’’ – പിതാവ് നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം, കായംകുളത്തെ ചേരിപ്പോരില്‍ ഒരു പക്ഷത്ത് സജീവമായി നിലകൊള്ളുന്ന നേതാവിനെതിരായ ആരോപണം പാര്‍ട്ടിക്കു പുതിയ തലവേദനയായി. കുടുംബപ്രശ്നമെന്ന നിലയില്‍ ആദ്യം ഇതിനെ അവഗണിച്ചെങ്കിലും പൊലീസ് മൊഴി രേഖപ്പെടുത്തിയതോടെ പാര്‍ട്ടിക്കും വിഷയം പരിശോധിക്കേണ്ടിവരും. ആരോപണം നേരിടുന്ന യുവനേതാവിന്‍റെ എതിര്‍ചേരി നടപടിയുണ്ടാകണമെന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.