കണ്ണൂരിൽ കാർ കത്തി ദമ്പതികൾ മരിച്ച സംഭവം; വാഹനത്തിലുണ്ടായിരുന്നത് പെട്രോൾ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്

Advertisement

കണ്ണൂർ: കാർ കത്തി ദമ്പതികൾ മരിച്ച സംഭവത്തിൽ വാഹനത്തിൽ പെട്രോൾ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒരുമാസത്തോളം നീണ്ട പരിശോധകൾക്ക് ശേഷമാണ് ഫോറൻസിക് റിപ്പോർട്ട് തളിപ്പറമ്പ് സബ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. ഫെബ്രുവരി രണ്ടിനാണ് കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ചത്. ഗർഭിണിയായ ഭാര്യയുമായി കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. കുറ്റ്യാട്ടൂർ സ്വദേശികളായ റീഷയും പ്രജിത്തുമാണ് മരിച്ചത്. കാറിന്റെ പിൻ സീറ്റിലുണ്ടായിരുന്ന ഒരു കുട്ടി ഉൾപ്പടെ നാലു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

കാറിൽ വേഗത്തിൽ തീ പടർന്നു പിടിക്കാനുള്ള കാരണം എന്താണെന്ന പരിശോധനയിൽ പെട്രോളിന്റെ സാന്നിധ്യം ഫോറൻസിക് സംഘം കണ്ടെത്തിയിരുന്നു. വാഹനത്തിനുള്ളിൽ പെട്രോളിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കാറിനുള്ളിൽ വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും പെട്രോൾ സൂക്ഷിച്ചിരുന്നില്ലെന്നുമാണ് കുടുംബം പറയുന്നത്.