തിരുവനന്തപുരം: കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. സംഘപരിവാറില്‍നിന്നു കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല.
ചില താല്‍ക്കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്‍റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്‍റെ മണ്ണില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ ബിജെപി ജയത്തിനു പിന്നാലെയാണ് കേരളത്തിലും ബിജെപി സർക്കാർ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ‘‘വരും വർഷങ്ങളിൽ കേരളത്തിലും ബിജെപി സർക്കാർ വരും. ന്യൂനപക്ഷങ്ങൾ ഇപ്പോൾ ബിജെപിയെ ഭയക്കുന്നില്ല. ഗോവയിൽ അതു കണ്ടതാണ്. ഇപ്പോൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ സഹോദരങ്ങൾ ബിജെപിക്ക് ഒപ്പം നിന്നു. പല സംസ്ഥാനങ്ങളിലും ഗുസ്തി പിടിക്കുന്നവർ വടക്ക് കിഴക്കൻ മേഖലയിൽ ദോസ്തി ആണ്. ഇതു കേരള ജനതയും കാണുന്നുണ്ട്.’’ – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു