കോഴിക്കോട് : വിവാഹ തീയതിയും സമയവും തെറ്റാതെ മനസ്സിൽ സൂക്ഷിച്ചു വീടുകൾ കയറി വിശദമായി തന്നെ ക്ഷണം നടത്തുന്ന തെക്കേപ്പുറത്തുകാരുടെ ഇച്ചാമന ഇനി ഓർമ. ഇടിയങ്ങര റോഡ് – ചെമ്മങ്ങാട് റോഡ് ജംക്‌ഷനിലെ കൈതപറമ്പ് വസതിയിൽ ഇമ്പിച്ചാമിനബി എന്ന ഇച്ചാമന (92)യുടെ മരണത്തോടെ പഴയ രീതികളുടെ അവസാന കണ്ണികളിൽ ഒന്നാണ് ഇല്ലാതായത്.
വിവാഹ ക്ഷണക്കത്ത് ഇല്ലാത്ത കാലത്തു കല്യാണം വിളിക്കാൻ പ്രത്യേകം ആളുകളെ നിയോഗിച്ചിരുന്നു. അത്തരത്തിൽ ആറു പതിറ്റാണ്ടിലേറെ കാലം കല്യാണം വിളി നടത്തിയ ആളാണ് ഇമ്പിച്ചാമിനബി. കാച്ചി മുണ്ടും തട്ടവും അണിഞ്ഞു നിറി ചിരിയോടെ അവർ എത്തുമ്പോൾ മുസ്‌ലിം വീടുകളുടെ അകത്തളങ്ങളിൽ സ്ത്രീകൾ പരസ്പരം പറയും ഇച്ചാമന വന്നു കല്യാണം ഉണ്ട്. വീട്ടിലേക്കു കയറിയ ഉടൻ വീട്ടിലെ എല്ലാവരെയും വിളിക്കും. ഇന്നേടത്ത് ഇന്നയാളുടെ കല്യാണം ഇന്ന ദിവസം ഇന്ന സ്ഥലത്തു നടക്കും എല്ലാവരും എത്തണം എന്ന് ഉറക്കെ പറഞ്ഞു ഇച്ചാമന തന്റെ ദൗത്യം പൂർത്തിയാക്കും. പിന്നെ അൽപനേരം നാട്ടുവിശേഷം. അതു കഴിഞ്ഞ് അടുത്ത വീട് ലക്ഷ്യമാക്കി യാത്ര തുടരും.
ക്ഷണക്കത്ത് ഇല്ലാതിരുന്ന കാലത്ത് ബന്ധുക്കളെയും സുഹൃത്തുക്കളെയും കല്യാണം വിളിക്കാൻ ഇച്ചാമനയെയാണ് ഏൽപിച്ചിരുന്നത്. വീട്ടുകാർ ക്ഷണിക്കേണ്ടവരുടെ ലിസ്റ്റ് ഇച്ചാമനയ്ക്കു നൽകും. ഒരു വീടിന് ഇത്ര എന്ന നിലയിൽ പ്രതിഫലവും നൽകും. ഇച്ചാമന ലിസ്റ്റുമായി ജില്ല മുഴുവൻ സഞ്ചരിച്ചു കല്യാണം വിളിക്കും. ഇച്ചാമന വിളിച്ചാൽ അതിന് ഔദ്യോഗിക സ്വഭാവമായി. വരന്റെയോ വധുവിന്റെയോ തൊട്ടടുത്ത ബന്ധു വിളിക്കുന്നതിനു സമമാണ്.
ഇത്തരത്തിൽ കല്യാണം വിളിക്കാൻ ഒരു കാലത്തു ധാരാളം ആളുകൾ ഉണ്ടായിരുന്നു. കാലം മാറിയപ്പോൾ ഇച്ചാമനയും മറ്റ് ഏതാനും പേരും മാത്രമായി. ക്ഷണക്കത്തും സോഷ്യൽ മീഡിയ വഴിയുള്ള ക്ഷണവും വന്നപ്പോഴും ഇവന്റ് മാനേജ്മെന്റിന്റെ പഴയകാല രൂപമായ ഇച്ചാമന സജീവമായി തന്നെ രംഗത്തുണ്ടായിരുന്നു. കുറച്ചു കാലം മുൻപു വരെ അവർ തെക്കേപ്പുറത്തെ വീടുകളിൽ കല്യാണം വിളിക്കാൻ എത്തിയിരുന്നു. പിന്നെ പ്രായം സഞ്ചാരത്തിനു വിലക്കു കൽപിച്ചതോടെയാണു കല്യാണം വിളി നിർത്തിയത്.