സി.പി.എം ജനകീയ പ്രതിരോധ ജാഥയിൽ ഇ.പി ജയരാജൻ ഇന്ന് തൃശൂരിൽ പ​ങ്കെടുക്കും

Advertisement

തൃശൂർ: സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ. പി ജയരാജൻ സി.പി.എം ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന യാത്ര ഇന്ന് തൃശൂരിലെത്തുമ്പോൾ ഏതെങ്കിലും ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് ഇ.പിയുടെ തീരുമാനം. പരിപാടിയിൽ പങ്കെടുക്കാനായി ഇ.പി രാവിലെ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് തിരിക്കും.

സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ഇ.പി ജയരാജൻ സി.പി.എം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയിൽ ഇതുവരെ ഒരിടത്തും പങ്കെടുത്തില്ല. കണ്ണൂരിൽ ഉണ്ടായിട്ടും ജില്ലയിലെ ജാഥയിൽ പങ്കെടുക്കാതെയാണ് ജയരാജൻ നേതൃത്വത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്. ജാഥയിൽ പങ്കെടുക്കാതെ വിവാദ ദല്ലാൾ നന്ദകുമാറിൻറെ അമ്മയെ ആദരിച്ച ചടങ്ങിൽ ഇ.പി എത്തിയതും ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചതും പാർട്ടിക്കുള്ളിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്നത്.

സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് ജാഥയിൽ പങ്കെുക്കാനുള്ള തീരുമാനം ഇ.പി എടുത്തത്. തൃശൂരിൽ നടക്കുന്ന പൊതുസ്വീകരണ പരിപാടിയിൽ എവിടെയെങ്കിലും ജയരാജൻ പങ്കെടുക്കും.

Advertisement