തിരുവനന്തപുരം; അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുതിയൊരു മാതൃകയുമായി കഥക് നർത്തകി ഡോ.പാലി ചന്ദ്രയും ശിഷ്യകളും. കേരളത്തിൻ്റെ മനോഹാരിതയിൽ മയങ്ങി, കേരളത്തിൽ നൃത്ത ചിത്രീകരണം നടത്താൻ വർഷങ്ങളായി വരുന്നവരാണ് ഇവർ. എന്നാൽ പുളിയറക്കോണത്തിന് അടുത്ത് മൈലമൂട് പ്രദേശത്ത് കരമനയാറിന്റെ തുടക്കത്തിൽ ചിത്രീകരണത്തിനിറങ്ങിയപ്പോൾ ചുറ്റും കണ്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ അവരെ നിരാശപ്പെടുത്തി.
പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിന് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ഒരു പ്രചരണം ആവാം എന്ന് നർത്തക സംഘം തീരുമാനിച്ചു. വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻറ് ലില്ലി മോഹനും അംഗമായ സൂസി ബീനയും തീരുമാനത്തെ സർവാത്മനാ സ്വാഗതം ചെയ്തു.
രാവിലെ എട്ടു മുതൽ ഗുരു പാലി ചന്ദ്രയും ശിഷ്യരായ മൈഥിലി പട്ടേലും,ജാനകി തോറാട്ടും, ജൂലിയയും, വൃന്ദ ഭാൻഡുലയും, സ്വരശ്രീ ശ്രീധറും( എല്ലാവരും വിവിധ വിദേശ യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികൾ) പഞ്ചായത്തിലെ വനിത നേതാക്കൾക്കും സമീപവാസികൾക്കും ഗീതാഗോവിന്ദം ചിത്രീകരണം സംഘടിപ്പിച്ച നാട്യസൂത്ര ഓൺലൈൻ ഡോട്ട് കോം പ്രവർത്തകർക്കും ഒപ്പം പുഴ ശുചീകരണം ആരംഭിച്ചു. ഏകദേശം ഒരു കിലോമീറ്റർ ഓളം ദൂരത്തിൽ പുഴയുടെ ഇരു ഭാഗവും പ്ലാസ്റ്റിക് വിമുക്തമാക്കി.
സ്വിറ്റ്സർലൻഡിൽ സ്ഥിരതാമസക്കാരിയായ ഡോ. പാലി ചന്ദ്ര ഏതാണ്ട് അഞ്ച് വർഷമായി ഗീതഗോവിന്ദം പൂർണമായും നൃത്തരൂപത്തിൽ ആവിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ചരിത്രത്തിലാദ്യമായാണ് ഗീതഗോവിന്ദത്തിന് എല്ലാ പദങ്ങളും നൃത്തരൂപത്തിൽ ആലേഖനം ചെയ്യുന്നത്.