കൊച്ചി: സ്വർണക്കള്ളക്കടത്തുകാരി എന്നാണ് താൻ അറിയപ്പെടുന്നതെന്നും ഇതിലൊന്നും പങ്കാളിയല്ലാതിരുന്നിട്ടും അതിൽ പെടുകയായിരുന്നു എന്നും സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ ഭാര്യയും മകളും പല കാര്യങ്ങൾക്കും വേണ്ടി എന്നെ ഉപയോഗിക്കുകയായിരുന്നു. തുടർന്ന് എന്നെ ജയിലിൽ അടച്ചു.
ജയിലിൽ വച്ചുതന്നെ തുറന്നു പറയാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ശിവശങ്കർ ഉൾപ്പെടെയുള്ളവരുടെ കള്ളത്തരം ഉൾപ്പെടെ തിരിച്ചറിഞ്ഞതോടെയാണ് പ്രതികരിക്കാൻ തുടങ്ങിയത്. വിജേഷ് പിള്ള എന്നൊരാൾ കണ്ണൂരിൽനിന്നു നിരന്തരം വിളിച്ചു ഇന്റർവ്യൂ എടുക്കാനെന്ന് പറഞ്ഞു. അതനുസരിച്ച് ബെംഗളൂരുവിലെ ഹോട്ടലിലെത്തി. എന്നാൽ അവിടെ എത്തിയപ്പോൾ അത് സെറ്റിൽമെന്റ് സംസാരമായിരുന്നു. ഹരിയാന, ജയ്പുർ എന്നിവിടങ്ങളിലേക്ക് മാറണം.– സ്വപ്ന ഫെയ്സ്ബുക് ലൈവിൽ പറഞ്ഞു.
‘‘ഹരിയാന, ജയ്പുർ എന്നിവിടങ്ങളിലേക്ക് മാറണമെന്ന് വിജേഷ് പിള്ള പറഞ്ഞു. മലേഷ്യയിലേക്ക് മൂന്നുമാസത്തിനുള്ളിൽ കള്ളവീസ തയാറാക്കിത്താരാം. 10 കോടി തരാം എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അത് 30 കോടിയാക്കി. എം.വി.ഗോവിന്ദനും മുഖ്യമന്ത്രിയും എല്ലാ സഹായവും നൽകും. പിന്നെ ജീവിച്ചിരിക്കുന്നത് പോലും ആരും അറിയാൻ പാടില്ല. മരണം ഉറപ്പാണെന്ന് അതിൽനിന്ന് എനിക്ക് ഉറപ്പായി. കാരണം എനിക്ക് ഒരു തന്തയേയുള്ളൂ. ഗോവിന്ദൻ മാഷ് തീർത്തുകളയുമെന്ന് പറഞ്ഞു.
ആദ്യം അപേക്ഷയുടെ രൂപത്തിലും പിന്നീട് ഭീഷണിയുടെ രൂപത്തിലും പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം മെയിലായി അഭിഭാഷകൻ കൃഷ്ണരാജിന് നൽകി. കർണാടക ഡിജിപിക്കും എൻഫോഴ്സ്മെന്റ് ഡയറ്കടർക്കും ഈ വിവരം കൈമാറിയിട്ടുണ്ട്. ഒടുക്കം കാണാതെ ഇതു നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല എന്ന് പിണറായി വിജയനോട് വ്യക്തമായും പറയുന്നു. ജീവനുണ്ടെങ്കിൽ നിങ്ങളുടെ മകളുടെ എല്ലാ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് എല്ലാ വിവരങ്ങളും പുറത്തുവിടും.