തിരുവനന്തപുരം: മഹിള കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പൊലീസ് സംഘർഷമുണ്ടാക്കിയെന്ന് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം.പി. നാലുവട്ടം ജലപീരങ്കി പ്രയോഗിച്ച പൊലീസ് മനഃപൂർവം കുഴപ്പമുണ്ടാക്കുകയായിരുന്നു.
പൊലീസ് ബലപ്രയോഗത്തിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ലീനക്ക് പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലീനയെ പൊലീസ് തള്ളിയിട്ട് മർദിച്ചെന്ന് ജെബി മേത്തർ പറഞ്ഞു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം പൊലീസ് നിർത്തിയില്ലെങ്കിൽ സമരം ക്ലീഫ് ഹൗസിന് മുന്നിലേക്ക് മാറ്റുമെന്ന് ജെബി മേത്തർ വ്യക്തമാക്കി.
ക്രാഫ്റ്റ് മാഷായ ഗോവിന്ദൻ മാഷ് താത്വിക അവലോകനം നടത്തി സി.പി.എമ്മിനെ കുഴപ്പത്തിലാക്കി കൊണ്ടിരിക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കെ. മുരളീധരൻ എം.പി പറഞ്ഞു. അപ്പം വിറ്റ് ജീവിക്കണമെന്ന് പറയുന്ന മാഷിന് കണക്കുമറിയില്ല, സിദ്ധാന്തവുമറിയില്ല. വിലക്കയറ്റത്തിനെതിരെയുള്ള സ്ത്രീകളുടെ സമരം തുടരുമെന്നും മുരളീധരൻ പറഞ്ഞു. മാത്യു കുഴൽനാടൻ എം.എൽഎ, ജില്ല പ്രസിഡന്‍റ് ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.