ചോദ്യക്കടലാസിലെ ചുവന്ന മഷി വിദ്യാഭ്യാസ വകുപ്പിലെ കമ്യൂണിസ്റ്റ് വൽക്കരണത്തിൻ്റെ അടയാളം – എൻ ടി യു

Advertisement

കൊല്ലം. വെളളിയാഴ്ച നടന്ന ഹയർ സെക്കൻണ്ടറി പരീക്ഷയിൽ കുട്ടികൾക്ക് നൽകിയ ചോദ്യക്കടലാസിലെ ചുവന്ന അക്ഷരങ്ങൾ വിദ്യാഭ്യാസ വകുപ്പിലെ കമ്യൂണിസ്റ്റ് വൽക്കരണത്തിൻ്റെ അടയാളമാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ ടി യു)സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ ആരോപിച്ചു.
കാലങ്ങളായി പൊതു പരീക്ഷകൾക്ക് ഉപയോഗിക്കുന്ന ചോദ്യക്കടലാസ് അച്ചടിക്കുന്നത് കറുത്ത മഷിയിലാണ്.
വ്യക്തമായി വായിക്കാനുള്ള സൗകര്യം പരിഗണിച്ചാണിത്‌.
ആയാസരഹിതമായി വായിക്കാൻ വെളുപ്പിലെ കറുത്ത അക്ഷരങ്ങൾ കണ്ണുകൾക്ക് നല്ലതാണെന്ന് ശാസ്ത്രീയ യാഥാർത്ഥ്യവും ഇതിന് പിന്നിലുണ്ട്.
വെള്ളിയാഴ്ച ആരംഭിച്ച ഒന്നാം വർഷ ഹയർ സെക്കൻഡറി സെക്കൻഡ് ലാംഗ്വേജ് ഹിന്ദി, മലയാളം, സംസ്കൃതം തുടങ്ങിയ വിഷയങ്ങളുടെ ചോദ്യപേപ്പറുകളാണ് ഭരണകക്ഷിയുടെ കൊടിയുടെ നിറത്തിൽ അച്ചടിച്ചിരിക്കുന്നത്.

ചോദ്യപേപ്പറിൻ്റെ നിറം മാറ്റത്തിന് പിന്നിലെന്താണ് സംഭവിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കണം.
രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കാൻ മത്സരിക്കുന്ന ഉദ്യോഗസ്ഥർ മാത്രമാണിതിന് പിന്നിലെന്ന് കരുതാൻ വയ്യ.
ഈയിടെയായി കറുപ്പിനെതിരെ കലാപം പ്രഖ്യാപിച്ചിരിക്കുന്ന മുഖ്യമന്ത്രിയോട് അനുഭാവം പ്രകടിപ്പിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ ശ്രമമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ക്ലാസ് മുറിയിലെ കറുത്ത ബോർഡുകൾക്ക് പകരം പച്ച ബോർഡുകൾ സ്ഥാപിച്ച ലീഗിൻ്റെ വിദ്യാഭ്യാസ മേഖലയിലെ ഇസ്ലാമിക വൽക്കരണത്തേക്കാൾ ഭയാനകമായി കമ്യൂണിസം കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ മേഖലയെ മൊത്തത്തിൽ ഗ്രസിച്ചിരിക്കുന്നതായാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത് എന്നും ഗോപകുമാര്‍ പറഞ്ഞു.

Advertisement