‘കേരളത്തിൽ തമ്മിലടിക്കുന്നവർ ത്രിപുരയിൽ ഒന്നിച്ചു; ജനം ബിജെപിയെ തിരഞ്ഞെടുത്തു’

Advertisement

തൃശൂർ: കേരളത്തിൽ തമ്മിലടിക്കുന്ന കോൺഗ്രസും സിപിഎമ്മും ത്രിപുരയിൽ ഒന്നിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിലനിൽപിനു വേണ്ടിയാണ് അവർ ഒന്നിച്ചത്. എന്നാൽ ജനം ബിജെപിയെ തിരഞ്ഞെടുത്തെന്ന് അമിത് ഷാ പറഞ്ഞു. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടന്ന ബിജെപിയുടെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘കേരളത്തിന് മോദി സർക്കാർ കഴിഞ്ഞ അഞ്ചുവർഷം 1,15,000 കോടി രൂപ നൽകി. എന്നാൽ, യുപിഎ സർക്കാർ നൽകിയത് 45,900 കോടി രൂപ മാത്രമാണ്. തൊഴിലുറപ്പ് പദ്ധതിയിൽ 8500 കോടി രൂപ നൽകി. ഇത്രയും തുക മറ്റൊരു സംസ്ഥാനത്തിനും നൽകിയിട്ടില്ല. ഗുരുവായൂരിൽ 317 കോടി രൂപ നൽകി. കാസർകോടിൽ 50 മേഗാവാട്ടിന്റെ സൗരോർജ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായി 1950 കോടി രൂപയാണ് അനുവദിച്ചത്’’– അദ്ദേഹം പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേരളത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ പറഞ്ഞു. കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ഇത് അംഗീകരിക്കില്ല. അവർ കളിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും അദ്ദേഹം ആരോപിച്ചു. െകാച്ചി 11 ദിവസമായി പുകയുന്നു. എന്നാൽ സംസ്ഥാന സർക്കാരിന് നടപടി എടുക്കാൻ കഴിയുന്നില്ല. കേരളത്തിന്റെ വികസനം സാധ്യമാക്കാൻ കോൺഗ്രസിനോ കമ്യൂണിസ്റ്റുകാർക്കോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024ലെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനു മുന്നോടിയായാണ് അമിത് ഷാ തൃശൂരിലെത്തിയത്. ഉച്ചയോടെ നെടുമ്പാശേരിയിലെത്തിയ അമിത് ഷാ തുടർന്ന് ഹെലികോപ്റ്റർ മാർഗം തൃശൂരിലെത്തി. ശക്തൻ തമ്പുരാൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ജോയ്സ് പാലസ് ഹോട്ടലിൽ നടക്കുന്ന പാർലമെന്റ് മണ്ഡലം നേതൃയോഗത്തിൽ അദ്ദേഹം പങ്കെടുത്തു. തുടർന്ന് വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി. അതിനു ശേഷമാണ് തേക്കിൻകാട്ടിലെ പൊതുയോഗത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തത്.