അൾട്രാവയലറ്റ് സൂചികയും അപകടനിലയിൽ; 11.30 മുതൽ മൂന്നുവരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം
തിരുവനന്തപുരം: ചൂട് കനത്തതോടെ സൂര്യരശ്മികളിൽനിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളുടെ തോതും സംസ്ഥാനത്ത് അപകടകരമായ നിലയിലേക്ക് ഉയരുന്നു. കേന്ദ്ര കാലാവസ്ഥനിരീക്ഷണ കേന്ദ്രം ശേഖരിച്ച കണക്കുകളിലാണ് അൾട്രാ വയലറ്റ് സൂചിക (യു.വി ഇൻഡക്സ്) കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉയരുന്നതായി വ്യക്തമായത്.
അന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ കനം കുറഞ്ഞതും വിള്ളലും തെളിഞ്ഞ അന്തരീക്ഷവും അൾട്രാവയലറ്റ് സൂചിക ഉയരാൻ കാരണമാണ്. കേരളത്തിൽ 12-13 ആണ് അൾട്രാവയലറ്റ് സൂചിക. ഏറ്റവും മാരകമായ തോതാണിത്. അതിനാൽ മാർച്ച് 14 വരെ രാവിലെ 11.30 മുതൽ ഉച്ചക്ക് മൂന്നുവരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. അൾട്രാവയലറ്റ് വികിരണത്തിൻറെ അളവ് ഏറ്റവും കൂടുതലുള്ള മണിക്കൂറുകളാണിത്.
കത്തുന്ന വെയിൽ തുടർച്ചയായി ഏൽക്കുന്നത് ശരീരത്തിൽ അൾട്രാവയലറ്റ് രശ്മികൾ പതിക്കാൻ ഇടയാക്കും. ഇത് പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. ചർമത്തിൽ അർബുദം, അന്ധത, പ്രതിരോധശേഷിക്ക് കോട്ടം എന്നിവയെല്ലാം ഇതിൻറെ ഭാഗമായി ഉണ്ടാകാം. അൾട്രാവയലറ്റ് രശ്മികളിൽനിന്ന് ചർമത്തെ സംരക്ഷിക്കാൻ വാട്ടർ റെസിസ്റ്റൻറ് ആയതും എസ്.പി.എഫ് 30 ഉള്ളതുമായ സൺസ്ക്രീൻ ഉപയോഗിക്കണം. കുട്ടികളെ പുറത്തിറക്കുമ്പോഴും സൺസ്ക്രീൻ പുരട്ടണം. നീളമുള്ള കൈകളുള്ള വസ്ത്രങ്ങളും കുടയും തൊപ്പികളും സൺഗ്ലാസുകളും ഉപയോഗിക്കണം. ഇവ സൂര്യപ്രകാശം നേരിട്ട് അടിക്കുന്നതിൻറെ അളവ് കുറക്കും.
അതേസമയം, ചൂടിൽനിന്ന് താൽക്കാലികാശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ ലഭിച്ചു. ഞായറാഴ്ച പത്തനംതിട്ട വെൺകുറിഞ്ഞിയിൽ ഒരു സെ.മീറ്റർ മഴ രേഖപ്പെടുത്തി. റാന്നിയിൽ നാല് മി.മീറ്ററും കുരുടമണ്ണിൽ 0.4 മി.മീറ്ററും വാഴക്കുന്നത്ത് 0.5 മി.മീറ്ററും മഴ പെയ്തു. മഴ എത്തിയതോടെ സംസ്ഥാനത്തെ താപസൂചികയിലും (ഹീറ്റ് ഇൻഡക്സ്) കുറവുണ്ടായിട്ടുണ്ട്. ഞായറാഴ്ച കൂടുതൽ ചൂട് അനുഭവപ്പെട്ടത് കണ്ണൂർ വിമാനത്താവള ഭാഗങ്ങളിലാണ്-39.4 ഡിഗ്രി സെൽഷ്യസ്. കുറവ് കൊല്ലം ജില്ലയിലെ പുനലൂരും 21.5. പാലക്കാട്, എറണാകുളം ജില്ലകളിൽ രാത്രികാല ചൂട് 26 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്നിട്ടുണ്ട്.