കോഴിക്കോട്: ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികൾ ഈമാസം 28ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. കേന്ദ്ര ട്രാൻസ്പോർട്ട് നിയമത്തിന്റെ പേരിൽ ചരക്കുകടത്ത് മേഖലയിലെ തൊഴിലാളികളോട് സമാനതകളില്ലാത്ത ശിക്ഷാനടപടികളാണ് റവന്യൂ, പൊലീസ്, ആർ.ടി.ഒ, ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. മാത്രമല്ല,
ചരക്കു വാഹന വാടക നിശ്ചയിക്കുന്നതിന് ചുമതലപ്പെടുത്തിയ ജസ്റ്റിസ് രാമചന്ദ്രൻ കമീഷന്റെ പ്രവർത്തനം ഇതുവരെ ആരംഭിച്ചിട്ടുമില്ല. ഇതിനെല്ലാം പരിഹാരം തേടിയാണ് പണിമുടക്ക്. ജില്ല കലക്ടറേറ്റുകളിലേക്ക് 28ന് മാർച്ച് നടത്താനും ഓൾ കേരള ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് കോഓഡിനേഷൻ കമ്മിറ്റി കൺവെൻഷൻ തീരുമാനിച്ചു.ദേശീയ വർക്കിങ് പ്രസിഡന്റ് കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു.
ഗുഡ്സ് ട്രാൻസ്പോർട്ട് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം. ഇബ്രാഹിംകുട്ടി സമരപ്രഖ്യാപന രേഖ അവതരിപ്പിച്ചു. ടി.കെ. രാജൻ, പരാണ്ടി മനോജ്, പി.എസ്. ജയചന്ദ്രൻ (സി.ഐ.ടി.യു), പി.കെ. നാസർ (എ.ഐ.ടി.യു.സി), രാമചന്ദ്രൻ (ഐ.എൻ.ടി.യു.സി), എൻ.കെ.സി. ബഷീർ, വി.എ.കെ. തങ്ങൾ (എസ്.ടി.യു), മനയത്ത് ചന്ദ്രൻ (എച്ച്.എം.എസ്), കെ.കെ. ഹംസ (ലോറി ഓണേഴ്സ്), പി.എം. മോഹൻരാജ് (ടിപ്പർ ഓണേഴ്സ്), കെ.ജെ. സ്റ്റാൻലിൻ, പി.കെ. ബഷീർ (ലോറി ഓണേഴ്സ് അസോസിയേഷൻ) എന്നിവർ സംസാരിച്ചു.