തിരുവനന്തപുരം: ജലജീവൻ പദ്ധതിക്ക് വേണ്ടി സംസ്ഥാനത്തെ 1.5 ലക്ഷം പൊതുടാപ്പുകൾ പൂട്ടാനുളള ആദ്യനീക്കം പാളിയതിനു പിന്നാലെ നിരക്ക് കുത്തനെ വർധിപ്പിച്ച് ടാപ്പുകൾക്ക് താഴിടുന്നു. പൊതുടാപ്പുകളിൽ വെള്ളമെത്തിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളാണ് ജല അതോറിറ്റിക്ക് പണമടയ്ക്കുന്നത്. ഈ നിരക്കാണ് ഇരട്ടിയിലേറെ കൂട്ടിയത്. കോർപറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും കീഴിലുള്ള ഒരു പൊതുടാപ്പിന് ഈടാക്കിയിരുന്ന നിരക്ക് 8,692 രൂപയിൽനിന്ന് 21,838 രൂപയായാണ് ഒറ്റയടിക്ക് കൂട്ടിയത്.
പഞ്ചായത്ത് ടാപ്പുകളുടേത് 5,788 രൂപയിൽനിന്ന് 14,559 രൂപയാക്കി. തദ്ദേശ സ്ഥാപനങ്ങൾ പൊതുടാപ്പുകളുടെ ഇനത്തിൽ ഇതുവരെ 777 കോടി രൂപ അതോറിറ്റിക്ക് കുടിശ്ശികയായി നൽകാനുണ്ട്. പിരിച്ചെടുക്കാനുള്ള ഊർജിത നീക്കവും തുടങ്ങിയിട്ടുണ്ട്. ഇതിനിടെയുണ്ടായ നിരക്ക് വർധനയുടെ പശ്ചാത്തലത്തിൽ ബാധ്യതയാകുന്ന പൊതുടാപ്പുകളിൽനിന്ന് തദ്ദേശ സ്ഥാപനങ്ങൾ തലയൂരുമെന്നതാണ് സാഹചര്യം. കോളനികളടക്കം സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന മേഖലകളിലാണ് പൊതുടാപ്പുകൾ കൂടുതലും.
സ്വന്തമായി കിണറില്ലാത്തവരുടെയും കിണർ കുഴിക്കാൻ സ്ഥലമില്ലാത്തവരുടെയുമെല്ലാം ആശ്രയവുമാണ് സൗജന്യമായി കിട്ടുന്ന ഈ പൈപ്പുവെള്ളം. ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് 15,000 ലിറ്റർ വരെ അതോറിറ്റി സൗജന്യമായാണ് വെള്ളം നൽകുന്നതെന്നിരിക്കെയാണ് ഭൂരിഭാഗവും ദാരിദ്ര്യരേഖക്ക് താഴെയുള്ളവർ കഴിയുന്ന കോളനികളിലേക്കുള്ള പൈപ്പുവെള്ളത്തിന് മൂന്നിരട്ടി വരെ നിരക്കുയർത്തിയത്. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും ടാപ്പുകളിലൂടെ കുടിവെള്ളമെത്തിക്കുക എന്നതാണ് ജലജീവൻ മിഷൻറെ ലക്ഷ്യം. ഇതനുസരിച്ച് 55 ലക്ഷം കണക്ഷനുകൾ കൊടുക്കേണ്ടി വരുമെന്നാണ് ജല അതോറിറ്റിയുടെ കണക്ക്.
നിലവിൽ ജലഅതോറിറ്റിക്ക് കീഴിൽ 25 ലക്ഷത്തോളം കണക്ഷനുകളാണുള്ളത്. ഇതിൻറെ ഇരട്ടിയിലധികം കണക്ഷനുകൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കിയാലേ ജലജീവൻ മിഷൻ ദൗത്യം കൈവരിക്കാനാകൂ. ഇതിനുള്ള എളുപ്പവഴിയാണ് നിലവിലെ പൊതുടാപ്പുകൾ നിർത്തലാക്കാനുള്ള ആലോചനകൾക്ക് പിന്നിൽ. ഒരു ടാപ്പ് നിർത്തിയാൽ പകരം അഞ്ചു കുടുംബങ്ങൾ കണക്ഷൻ കൊടുക്കാമെന്ന് അതോറിറ്റിയുടെ കണക്കുകൂട്ടൽ. അതായത്, 1.5 ലക്ഷം പൊതു ടാപ്പുകൾ നിർത്തിയാൽ പകരം 7.5 ലക്ഷം കുടുംബങ്ങൾ കാശീടാക്കുന്ന കണക്ഷനുകളെടുക്കും.