കൊല്ലം:
1981 ൽ കേരളാ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ മുഖാന്തിരം കൊല്ലം, പത്തനം തിട്ട ജില്ലകളിൽ കാക്കിയണിഞ്ഞു കടന്നു വന്നവർ 42 വർഷങ്ങൾക്ക് ഇപ്പുറം ഒരിക്കൽ കൂടി ഒത്തു ചേർന്നു . തൊണ്ണൂറ്റിയഞ്ചോളം പോലീസ് ഉദ്യോഗസ്ഥർ ആയിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. നാല് പതിറ്റാണ്ടുകൾക്കിപ്പുറം പതിനഞ്ചിലധികം പേർ മരണപ്പെട്ടു. പത്തോളം പേർ വിവിധ അസുഖങ്ങളാൽ വലയുന്നവർ. 42 വർഷങ്ങൾക്ക് ശേഷം കൊല്ലം അഞ്ചാലുംമൂട്ടിൽ നടന്ന ഈ കൂടിച്ചേരലിൽ പങ്കു ചേർന്നത് 42 പേർ. മനുഷ്യാവകാശങ്ങൾ ചർച്ചപോലും ചെയ്യപ്പെടാതിരുന്ന ഒരു കാലഘട്ടത്തിലെ അതി കഠിന പോലീസ് പരിശീലനത്തെ അതിജീവിച്ചവർ വർഷങ്ങൾക്കിപ്പുറം അന്നത്തെ അനുഭവങ്ങൾ പങ്കു വെച്ചപ്പോൾ വേദനകൾ കരകവിഞ്ഞെങ്കിലും ആവേശത്തിനും ഒട്ടും കുറവില്ലായിരുന്നു. ആദ്യ ബാച്ചിലെ പത്തോളം പേർ ഇതര വകുപ്പുകളിലേക്ക് പിൽക്കാലത്തു മാറിപ്പോയിരുന്നു. എക്‌സൈസ് വകുപ്പിലേക്ക് ചുവട് മാറ്റി പിന്നീട് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആയി ദീർഘനാൾ പ്രവർത്തിച്ച കെ രവികുമാർ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ജലാലുദീൻ കുഞ്ഞു അധ്യക്ഷത വഹിച്ച കൂട്ടായ്മയിൽ പങ്കു ചേർന്നവർക്ക് മോഹൻ കുമാർ സ്വാഗതവും,വിജയകുമാർ നന്ദിയും പറഞ്ഞു. ഔദ്യോഗിക കർത്തവ്യ നിർവ്വഹണത്തിൽ നിന്നും വിരമിച്ചു വർഷങ്ങൾ പിന്നിടുമ്പോഴും, പഴയകാല പോലീസ് കാരന്റെ ആവേശത്തോടെ നിരവധി പേർ കാർഷിക രംഗത്തു കഠിനാദ്ധ്വാനവുമായി ഇപ്പോഴും വ്യാപൃതരാണ്. തുടർന്നുള്ള ദിനങ്ങളിൽ പഴയകാല കൂട്ടുകാരിൽ അവശരായി കഴിയുന്നവരെ കാണുന്നതിനും, മുൻ സഹപ്രവർത്തകർ പ്രോജ്വലമായി പരിപാലിച്ചുവരുന്ന കൃഷിയിടങ്ങൾ സന്ദർശിക്കുന്നതിനുമൊക്കെ തീരുമാനിച്ചാണ് കൂട്ടായ്മ സമാപിച്ചത് .