പുത്തൻ ബി.എം.ഡബ്ല്യു സെവൻ സീരീസ് സ്വന്തമാക്കി നടൻ ആസിഫ് അലി

Advertisement

ബി.എം.ഡബ്ല്യുവിന്റെ ഫ്ലാഗ്ഷിപ്പ് സെഡാൻ സെവൻ സീരീസ് സ്വന്തമാക്കി നടൻ ആസിഫ് അലി. സെവൻ സിരീസിലെ ടോപ്പ് എൻഡ് മോഡലായ 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്പോര്‍ട്ട് എന്ന മോഡല്‍ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 1.35 കോടി രൂപയാണ് വാഹനത്തിന്റെ ടോപ്പ് മോഡലിന്റെ വില.

കാര്‍ 5.4 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആണ് ടോപ്‌സ്പീഡ്. 7 സീരീസിന് അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷനും ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് ഡാംപറുകളും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. മുന്‍ തലമുറ മോഡലില്‍ നിന്ന് വ്യത്യസ്തമായി, അധിക സ്ഥലസൗകര്യത്തിനായി ലോങ് വീല്‍ബേസില്‍ മാത്രമേ വാഹനം ലഭ്യമാകൂ.

പരമ്പരാഗത ഡോർ ഹാന്‍ഡിലുകള്‍ക്ക് പകരം ഇന്റേണൽ ടച്ച്പാഡും ഇലക്ട്രോണിക് മെക്കാനിസവും ഉള്ള ഡോര്‍ ഹാന്‍ഡിലുകളാണ് വാഹനത്തിലുളളത്. 19 ഇഞ്ച് വീലുകള്‍ സ്റ്റാന്‍ഡേര്‍ഡാണ്. ഇത് 22 ഇഞ്ചിലേക്ക് അപ്ഗ്രേഡ് ചെയ്യാം. പുതിയ 7 സീരീസിൽ ഇപ്പോള്‍ ഒരു നവീകരിച്ച ക്യാബിനാണ് കമ്പനി നൽകിയിരിക്കുന്നത്.

കമ്പനിയുടെ ഏറ്റവും പുതിയ കര്‍വ്ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ നൽകിയിട്ടുണ്ട്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ടച്ച്സ്‌ക്രീനും ഇതിൽ ഉൾപ്പെടുന്നു. മുന്‍ സീറ്റുകള്‍ക്കിടയില്‍ ഒരു ഗിയര്‍ സെലക്ടര്‍, പരമ്പരാഗത റോട്ടറി ഐഡ്രൈവ് കണ്‍ട്രോളര്‍, മറ്റ് ടച്ച് സെന്‍സിറ്റീവ് കണ്‍ട്രോളുകള്‍ എന്നിവയുള്ള കണ്‍ട്രോള്‍ പാനലും ലഭിക്കും.

ആമസോണ്‍ ഫയര്‍ ടിവി വഴി വീഡിയോ സ്ട്രീമിങ് വാഗ്ദാനം ചെയ്യുന്ന 7 സീരീസിൽ ഇപ്പോള്‍ 31.3 ഇഞ്ച്, 8K ‘സിനിമാ’ സ്‌ക്രീനും ലഭിക്കും. റൂഫില്‍ ഘടിപ്പിച്ച് ഈ സ്‌ക്രീനില്‍ 16:9, 32:9, 21:9 ഫോര്‍മാറ്റുകളില്‍ വീഡിയോ സ്ട്രീം ചെയ്യാം. റിയര്‍ ഡോര്‍ പാഡുകളിലെ 5.5 ഇഞ്ച് ടച്ച്സ്‌ക്രീനുകള്‍, സോഫ്റ്റ് ക്ലോസിങ് ഡോറുകള്‍, എല്‍ഇഡി ലൈറ്റിങ് ഘടകങ്ങളുള്ള പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിങ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

ആഗോളതലത്തില്‍, മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍, കൂടാതെ ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് പെട്രോള്‍ ഉള്‍പ്പെടെയുള്ള പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ 7 സീരീസിന് ലഭിക്കും. എങ്കിലും ബിഎംഡബ്ല്യു ഇന്ത്യയില്‍ ഒരു എഞ്ചിന്‍ ഓപ്ഷന്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. 380 bhp പവറുളള 3.0 ലിറ്റര്‍, ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ (740i) എഞ്ചിന്‍ ആണത്. ഈ എഞ്ചിന് മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കിയിട്ടുണ്ട്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിന്.

മഹേഷും മാരുതിയുമാണ് ആസിഫ് അലിയുടെ പുതിയ റിലീസ്. സേതു രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായിക. എൺപതുകളിലെ ഒരു മാരുതി കാറിനേയും ‘ഗൗരി’ എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന ‘മഹേഷ്’ എന്ന ചെറുപ്പക്കാരന്റെ ട്രയാംഗിൾ പ്രണയ കഥയാണ് ചിത്രം പറയുന്നത്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസും വി എസ് എൽ ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്‍ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു.