ജിഷമോളുടെ ഫോൺ പരിശോധിച്ചപ്പോൾ ലഭിച്ചത് നിർണായക വിവരങ്ങൾ; കള്ളനോട്ട് നിർമാണം, വിതരണം വെളിപ്പെടുന്നു

Advertisement

ആലപ്പുഴ:എടത്വ കൃഷി ഓഫിസർ എം.ജിഷമോൾ പ്രതിയായ കള്ളനോട്ട് കേസിലെ പ്രധാന പ്രതികളിലൊരാൾ കൂടി പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ വെസ്റ്റ് വില്ലേജിൽ സക്കറിയ ബസാറിൽ യാഫി പുരയിടം വീട്ടിൽ ഹനീഷ് ഹക്കിമിനെയാണ് (36) ആലപ്പുഴ സൗത്ത് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.ഡി.റെജിരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കള്ളനോട്ട് കേസിൽ ആലപ്പുഴയിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

പാലക്കാട്ട് നിന്നു പിടിയിലായ, കുഴൽപണം തട്ടിയെടുക്കുന്ന സംഘത്തിലെ മൂന്നു പേരെക്കൂടി ചോദ്യം ചെയ്തുവരികയാണ്. ആലപ്പുഴയിൽ അറസ്റ്റിലായവർക്കു കള്ളനോട്ടുകൾ എത്തിച്ചിരുന്നത് ഈ സംഘമാണെന്നാണ് വിവരം. മുൻപ് ഈ സംഘത്തിലെ നാലു പേർക്കു കള്ളനോട്ട് ഇടപാടുള്ളതായി സ്ഥിരീകരിച്ചിരുന്നു. ഇവരെ ആലപ്പുഴ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

കേസിലെ പ്രധാന കണ്ണികളായ രണ്ടു പേരെക്കൂടി ഇതിനിടെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജിഷമോളുടെ ഫോൺ പരിശോധനയിലാണ് ഇവരെക്കുറിച്ചു വിവരം ലഭിച്ചത്. ഇവരെ പിടികൂടിയാൽ കള്ളനോട്ട് നിർമാണം, വിതരണം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുമെന്നാണു സൂചന.

പാലക്കാട് ഹൈവേയിൽ കുഴൽപണം തട്ടിയെടുക്കുന്ന ഏഴംഗ സംഘത്തെ വാളയാർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ജിഷയുടെ സുഹൃത്ത് ആലപ്പുഴ ഗുരുപുരം അവലൂക്കുന്ന് തെക്കേവേലി വീട്ടിൽ എ.അജീഷ് കുമാർ (25), അവലൂക്കുന്ന് കരുവാരപ്പറമ്പ് ശ്രീകുമാർ (42), കാളാത്ത് അവലൂക്കുന്ന് തറയിൽവേലി വീട്ടിൽ എസ്.ഷാനിൽ (38), കോമളപുരം സൗത്ത് ആര്യാട് കണ്ടത്തിൽ ഗോകുൽരാജ് (27) എന്നിവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടി പുരോഗമിക്കുകയാണ്. സംഘത്തിലെ ബാക്കി 3 പേരുടെയും പങ്ക് സ്ഥിരീകരിച്ചാൽ ഇവരെയും കള്ളനോട്ട് കേസിലെ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങും.

ജിഷ മോൾക്കും സുരേഷ് ബാബുവിനും പുറമേ മറ്റു പലർക്കും കള്ളനോട്ട് എത്തിക്കുന്നതിൽ ഈ സംഘത്തിനു മുഖ്യപങ്കുണ്ടെന്നാണു വിവരം. കായംകുളം, ചൂനാട് പ്രദേശങ്ങൾ കേന്ദ്രീകരിച്ചു കള്ളനോട്ട് ലോബി സജീവമാകുന്നതായി പൊലീസിനു വിവരം ലഭിച്ചു. അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും. ജിഷമോൾ തിരുവനന്തപുരം പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. ഇവരെ നാലു ദിവസത്തിനു ശേഷം കോടതിയിൽ ഹാജരാക്കും.

Advertisement