കൊച്ചി: മുസ്‌ലിം ലീഗിന് വർഗീയ താൽപര്യമുണ്ടെന്നും എന്നാൽ തീവ്രവാദ പാർട്ടികളുടെ നിലപാടില്ലെന്നും ആർഎസ്എസ്. ലീഗിനെ ജനാധിപത്യ പാർട്ടിയായാണ് ആർഎസ്എസ് കാണുന്നത്. ജമാ അത്തെ ഇസ്‌ലാമിയുമായി പ്രത്യേകം ചർച്ച നടത്തിയിട്ടില്ല. ചർച്ചയ്ക്കെത്തിയ മുസ്‌ലിം സംഘത്തിൽ അവരുടെ പ്രതിനിധിയും ഉണ്ടായിരുന്നു. ജമാ അത്തെയുമായി തുറന്ന ചർച്ച തീവ്രനിലപാട് മാറിയാൽ മാത്രമെന്നും അവർ പറഞ്ഞു. ക്രൈസ്തവ സമൂഹത്തിന് ആർഎസ്എസിനെ ഭയമില്ലെന്നും രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സംഘചാലക് കെ.കെ. ബാലറാം, ആർഎസ്എസ് പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ, സഹ പ്രാന്തപ്രചാർ പ്രമുഖ് പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2025ലെ വിജയദശമി മുതൽ ഒരു വർഷം ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങൾ നടക്കും. ശതാബ്ദി പരിപാടികൾക്ക് അടുത്ത വർഷത്തെ അഖിലഭാരതീയ പ്രതിനിധിസഭ രൂപം നൽകും. അതിന് മുന്നോടിയായി സംഘപ്രവർത്തനം സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള കർമ പരിപാടികൾ തയാറാക്കും. രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ശാഖയും ആഴ്ചയിലുള്ള മിലനും ആരംഭിക്കാനാണ് ലക്ഷ്യം. നിലവിൽ രാജ്യത്ത് 42,613 സ്ഥാനുകളിലായി 68,631 ശാഖകളുണ്ട്. 2020നെ അപേക്ഷിച്ച് 3,700 സ്ഥാനുകളും 6,160 ശാഖകളും വർധിച്ചു. ആഴ്ചയിലൊരിക്കൽ ചേരുന്ന മിലൻ പ്രവർത്തനം 6,540 വർധിച്ച് 26,877 ആയി. മാസത്തിൽ ഒരിക്കൽ കൂടുന്ന സംഘമണ്ഡലികളും 1,680 കൂടി 10,412 ആയി. എല്ലാ മണ്ഡലങ്ങളിലും പ്രവർത്തനം എത്തുക എന്നതാണ് ശതാബ്ദിയിൽ മുന്നോട്ടുവച്ചിട്ടുള്ള ലക്ഷ്യം. ഒരു ലക്ഷം സ്ഥലങ്ങളിൽ ശാഖകളെത്തിക്കും.
മാർച്ച് 12 മുതൽ 14 വരെ ഹരിയാനയിലെ പാനിപ്പത്ത് സമാൽഖയിലെ സേവാസാധനാ ഗ്രാമവികാസ കേന്ദ്രത്തിൽ ചേർന്ന ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ, തനിമയിലൂന്നിയ രാഷ്ട്രപുനരുത്ഥാനത്തിന് തയാറെടുക്കണം എന്ന സന്ദേശമാണ് നൽകിയത്. വിവിധക്ഷേത്ര സംഘടനകളിൽ നിന്ന് ഉൾപ്പെടെ 1,400 പ്രതിനിധികളാണ് പ്രതിനിധി സഭയിൽ പങ്കെടുത്തത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തോട് അനുബന്ധിച്ച് നടത്തിയ അമൃത മഹോത്സവ പരിപാടികൾ പ്രതിനിധി സഭ വിലയിരുത്തി.സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടെങ്കിലും ദേശീയജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സ്വത്വത്തിന്റെ ആവിഷ്‌കാരം പൂർണമായിട്ടില്ല. ദേശവിരുദ്ധ ചിന്താഗതികളുടെ പ്രഭാവം ഇപ്പോഴും പ്രകടമാണ്. പൗരന്മാരുടെ കാഴ്ചപ്പാടിൽ ഇനിയും വലിയ മാറ്റം വരുത്തേണ്ടതുണ്ട്. കോളനിവൽക്കരണ മാനസികാവസ്ഥ പൂർണ്ണമായും മാറ്റണം. ആത്മീയവും സാംസ്‌ക്കാരികവുമായ അസ്തിത്വം തിരിച്ചറിയുക എന്നത് പ്രധാനമാണ്. ആഗോള തലത്തിൽ ഭാരതം കൂടുതൽ ശ്രദ്ധ നേടുന്ന ഇക്കാലത്ത് നമ്മുടെ വികസനത്തിന്റെ ദിശ എന്തായിരിക്കണം എന്നതാണ് പ്രതിനിധി സഭയുടെ പ്രമേയം ചൂണ്ടിക്കാട്ടിയതെന്നും നേതാക്കൾ പറഞ്ഞു.
കേരളത്തിൽ ഇപ്പോൾ 5,359 സ്ഥലങ്ങളിൽ പ്രവർത്തനം നടക്കുന്നുണ്ട്. അടുത്ത വർഷത്തോടെ കേരളത്തിൽ എണ്ണായിരം സ്ഥലങ്ങളിൽ പ്രവർത്തനമെത്തണമെന്നതാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന് പ്രവർത്തകരെ തയ്യാറാക്കുന്നതിന് സംസ്ഥാനത്ത് 4 സ്ഥലങ്ങളിലായി പരിശീലനവർഗുകൾ സംഘടിപ്പിക്കും. വിദ്യാർത്ഥികൾ ,മുതിർന്ന പ്രവർത്തകർ എന്നിവർ ഇതിൽ പങ്കെടുക്കും. പരിസ്ഥിതി സംരക്ഷണം, ഗ്രാമവികാസം, കുടുംബ പ്രബോധനം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ അനുഭവസമ്പന്നരായ പ്രവർത്തകരെ നിയോഗിച്ച് പ്രവർത്തനം ശക്തമാക്കും. ഗ്രാമങ്ങളുടെ സ്വാവലംബനം, സംരഭകത്വ പരിശീലനം, സ്വദേശി എന്നീ മേഖലകളിൽ സ്ഥായിയായ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സമൂഹത്തിൽ വ്യാപിച്ച ലഹരി ഉപയോഗത്തിനെതിരായ ബോധവൽക്കരണത്തിനു കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും. ദേശീയ വിചാരത്തിന് കൂടുതൽ പ്രചാരം ലഭിക്കാനുള്ള ആശയ പ്രചാരണത്തിന് വിവിധ സംഘടനകൾ നേതൃത്വം നൽകുമെന്നും നേതാക്കൾ വിശദീകരിച്ചു.