കൊച്ചി: കൊച്ചിയില്‍ പെയ്ത ആദ്യ വേനല്‍ മഴയില്‍ ആശങ്കവേണ്ടെന്ന് കുസാറ്റിലെ അന്തരീക്ഷ റഡാര്‍ ഗവേഷണ കേന്ദ്രം. കുസാറ്റില്‍ ശേഖരിച്ച മഴ വെള്ള സാമ്പിളിന്റെ പരിശോധയില്‍ അമ്ലത വളരെ കുറഞ്ഞ അളവില്‍ മാത്രം. തീ പൂര്‍ണമായും അണച്ച് രണ്ട് ദിവസത്തിന് ശേഷം മഴ പെയ്തതിനാല്‍ ആസിഡ് മഴ ഒഴിവായിയെന്ന നിഗമനത്തിലാണ് ശാസ്ത്ര സമൂഹം.
തീപിടിത്തമുണ്ടായ ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ നിന്നും കുസാറ്റിലേക്കുള്ള ആകാശ ദൂരം ഏകദേശം ഏഴ് കിലോമീറ്ററാണ്. ബുധന്‍ വൈകിട്ട് പെയ്ത വേനല്‍മഴയുടെ കുസാറ്റ് ക്യാംപസില്‍ നിന്ന് തന്നെ ശേഖരിച്ച സാമ്പിളുകളാണ് റഡാര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ പരിശോധിച്ചത്. ഇവയുടെ പിഎച്ച് മൂല്യം 6.6 നും 6.9നും ഇടയിലാണ്. ഇത് ശുദ്ധമായ വെള്ളത്തിന്റെ അടുത്ത മൂല്യമായതിനാല്‍ ഭയക്കേണ്ട സാഹചര്യവുമില്ല.
വേനല്‍ മഴയില്‍ കാര്‍ബോണിക് ആസിഡിന്റെ അംശമുള്ളതിനാല്‍ പൊതുവില്‍ അമ്ലസ്വഭാവമാണ്. സാധാരണ ലിറ്റ്മസ് പേപ്പറില്‍ അതിന്റെ പിഎച്ച് മൂല്യം ക്യത്യമായി കാണിക്കണമെന്നില്ല. ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ കലര്‍ന്ന വാതകങ്ങളുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ ശാസ്ത്രീയ പഠനവും നടത്തേണ്ടതുണ്ട്. തീ അണയ്ക്കുന്നതിന് മുന്പുള്ള ദിവസങ്ങളിലായിരുന്നു മഴയെത്തിരുന്നതെങ്കില്‍ ഒരുപക്ഷേ ആസിഡ് മഴയ്ക്കുള്ള സാധ്യത തള്ളികളയാനാകില്ലായിരുന്നുവെന്നും ശാസ്ത്രസമൂഹം അഭിപ്രായപ്പെടുന്നു.