കെകെ രമയുടെ പരിക്ക്, സച്ചിൻദേവ് എം എൽ എയുടെ ഫേസ്ബുക്ക് പോസ്റ്റ് നിയമസഭയിൽ ചർച്ചയാക്കാൻ ഒരുങ്ങി പ്രതിപക്ഷം

Advertisement

തിരുവനന്തപുരം. കെ കെ രമ എം എൽ എക്കെതിരായ സച്ചിൻദേവ് എം എൽ എയുടെ ഫേസ്ബുക്ക് പോസ്റ്റ് നിയമസഭയിൽ ചർച്ചയാക്കാൻ ഒരുങ്ങി പ്രതിപക്ഷം. പൊട്ടൽ ഇല്ലാത്ത കൈക്ക് ആണ് പ്ലാസ്റ്റർ ഇട്ടതെന്ന ആക്ഷേപത്തിൽ ആരോഗ്യമന്ത്രി മറുപടി പറയണം എന്നതാണ് പ്രതിപക്ഷ നിലപാട്. അതിനിടെ, രമയുടെ കൈക്ക് പരിക്ക് ഇല്ലെന്ന് ഇന്നലെ പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് മലക്കം മറിഞ്ഞു പരുക്കുണ്ടോ എന്ന കാര്യം പൊലീസ് ആണ് അന്വേഷിക്കേണ്ടതെന്ന് എം വി ഗോവിന്ദന്‍ ഇന്ന് പറഞ്ഞു.

സച്ചിൻദേവ് എം എൽ എക്കെതിരെ കെ കെ രമ എം എൽ എ നൽകിയ പരാതിയിൽ സ്പീക്കറുടേയും സൈബർ സെല്ലിന്റെയും നീക്കങ്ങൾ നിരീക്ഷിക്കുകയാണ് പ്രതിപക്ഷം. വിഷയം നാളെ സഭക്കകത്തും ചർച്ചയാക്കാനാണ് പ്രതിപക്ഷ തീരുമാനം. രമയുടെ കൈക്ക് പരിക്ക് ഇല്ലെന്നാണ് സച്ചിൻദേവിന്റെയും സിപിഎം നേതാക്കളുടെയും പ്രചരണം. പരിക്ക് ഇല്ലാത്ത കൈക്ക് ആണ് സർക്കാർ ആശുപത്രിയിലെ ഡോക്ടർ പ്ലാസ്റ്റർ ഇട്ടതെങ്കിൽ, അതിന് ആരോഗ്യമന്ത്രി മറുപടി പറയണമെന്നതാണ് പ്രതിപക്ഷ ആവശ്യം. അതല്ല, സച്ചിൻദേവ് നടത്തിയത് വ്യാജ പ്രചരണം ആണെങ്കിൽ സ്പീക്കർ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം നിലപാട് എടുത്തിട്ടുണ്ട്. പൊട്ടൽ ഇല്ലാത്ത കൈക്ക് ആണ് കെ കെ രമ പ്ലാസ്റ്റർ ഇട്ടതെന്ന് ഇന്നലെ പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്ന് മലക്കം മറിഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

കൂടുതൽ പ്രതികരണത്തിന് മന്ത്രിമാരോ സിപിഎം നേതാക്കളോ തയ്യാറായതുമില്ല