ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പൗവത്തിലിൻറെ സംസ്കാരം സംസ്ഥാന സർക്കാറിൻറെ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രി വി.എൻ. വാസവൻ നടത്തിയ ചർച്ചയിലാണ് തീരുമാനം. ശനിയാഴ്ച മന്ത്രി വി.എൻ. വാസവൻ ചങ്ങനാശ്ശേരി അതിരൂപതാ ആസ്ഥാനത്തെത്തി ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ ബുധനാഴ്ച രാവിലെ 9. 30നാണ് മാർ പൗവത്തിലിൻറെ കബറടക്കം. ശുശ്രൂഷകൾക്ക് മേജർ ആർച്് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. രണ്ടുഘട്ടമായിട്ടാണ് സംസ്കാരശുശ്രൂഷകൾ. രാവിലെ ഏഴിന് ചങ്ങനാശ്ശേരി അതിരൂപതാഭവനത്തിൽ കുർബാനയും സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും നടക്കും. തുടർന്ന് 9.30ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിലേക്ക് ഭൗതികശരീരം വിലാപയാത്രയായി എത്തിക്കും. ബുധനാഴ്ച സംസ്കാര ശുശ്രൂഷകൾ നടക്കുന്നതുവരെ മെത്രാപ്പോലീത്തൻ പള്ളിയിൽ പൊതുദർശനം ഉണ്ടാകും.
മാർ ജോസഫ് പൗവത്തിൽ മെത്രാപ്പോലീത്തയുടെ ഭൗതികശരീരം ചൊവ്വാഴ്ച പൊതുദർശനത്തിനുവെക്കും. ചൊവ്വാഴ്ച രാവിലെ 9. 30ന് ചങ്ങനാശ്ശേരി അതിരൂപത ഭവനത്തിൽ നിന്നാരംഭിക്കുന്ന വിലാപയാത്രയെ തുടർന്ന് മെത്രാപ്പോലീത്തൻ പള്ളിയിലാണ് പൊതുദർശനം.
ചെത്തിപ്പുഴ ആശുപത്രിയിൽ അന്തിമോപചാരമർപ്പിക്കാൻ അവസരം ഉണ്ടായിരിക്കുന്നതല്ലെന്നും ചങ്ങനാശ്ശേരി അതിരൂപത അറിയിച്ചു. അന്ത്യോപചാരമർപ്പിക്കുവാൻ വരുന്നവർ പൂക്കൾ, ബൊക്കെ എന്നിവ പൂർണമായി ഒഴിവാക്കണമെന്നും ആവശ്യമെങ്കിൽ കച്ച സമർപ്പിക്കാവുന്നതാണെന്നും സഭാനേതൃത്വം അറിയിച്ചു.