നീതിനിഷേധത്തിനും അരക്ഷിതാവസ്ഥകള്‍ക്കും ഒടുവില്‍ മകന്‍ ന്യായാന്യായങ്ങളെ വേര്‍തിരിക്കാനുള്ള ഗൗണ്‍ അണിഞ്ഞു,മഅദനിയുടെ ആശംസാകുറിപ്പ്

Advertisement

ബംഗളുരു.അങ്ങനെ, നിരന്തര നീതി നിഷേധത്തിന്റെ ഒട്ടധികം എപ്പിസോഡുകളുടെ നടുവിലൂടെ എന്റെ മകൻ ന്യായാന്യായങ്ങളെ വേർതിരിക്കുവാനുള്ള കറുത്ത ഗൗൺ ഇന്ന് അണിഞ്ഞു, മഅദനിയുടെ വാക്കുകളാണ്, മഅദനിയുടെ മകന്‍ സലാഹുദ്ദീൻ അയ്യൂബി അഭിഭാഷകനായി എൻറോൾ ചെയ്ത വാര്‍ത്ത അറിഞ്ഞശേഷമാണ് മഅദനി ഈ കുറിപ്പ് ഫേസ്ബുക്കില്‍ പങ്ക് വച്ചത്

അയ്യൂബിക്ക് പത്ത് മാസം പ്രായമുള്ളപ്പോഴാണ് കള്ളക്കേസിൽ കുടുക്കി എന്നെ കോയമ്പത്തൂർ ജയിലിൽ അടയ്ക്കുന്നത്. പിന്നീട് അവന്റെ ലോകം പ്രധാനമായി കോയമ്പത്തൂർ സേലം ജയിലുകളിലെ സന്ദർശക മുറികളും അവിടുത്തെ വ്യത്യസ്ത സ്വഭാവക്കാരായ ജയിൽ ഉദ്യോഗസ്‌ഥരുമൊക്കെയായിരുന്നു.

പലതരത്തിലുള്ള ശാരീരിക മാനസിക പീഡനങ്ങളുടെ നടുവിലൂടെ വളരേണ്ടി വന്ന ബാല്യമായിരുന്നു അവന്റേത്.

ഒരിക്കൽ ഭാര്യ സൂഫിയായെ ഉപദ്രവിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ കുഞ്ഞുകൈകൾ കൊണ്ട് തടുക്കാൻ ശ്രമിച്ചപ്പോൾ ജയിൽ മുറ്റത്ത് വലിച്ചചെറിയപ്പെട്ടു. ചോരയൊഴുകുന്ന അന്നത്തെ അവന്റെ മുഖം ഇപ്പോഴും മറക്കാനാവാത്ത എന്റെ ഓർമ്മയാണ്.

ഇന്ന്,നല്ല മാർക്കോടെ എൽ.എൽ.ബി പാസ്സ് ആയതിന്റെ സന്തോഷം രേഖപ്പെടുത്തുമ്പോൾ അവിടെ എത്തിപ്പെടാൻ ഒട്ടനവധി വിഷമങ്ങൾ അവന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ജീവിതത്തിൽ വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവിച്ചു.

എറണാകുളം തേവയ്ക്കൽ വിദ്യോദയ സ്‌കൂളിലെ LKG പഠനവും നിലമ്പൂർ Peeveesലെ UKG,1 പഠനവും പിന്നീട് ഒൻപതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും Peeveesൽ കിട്ടിയ ക്ലാസ്സുകളും മാത്രമാണ് എൽ.എൽ.ബിക്ക് മുൻപ് അവന് സുരക്ഷിതമായി ലഭ്യമായിട്ടുള്ള ക്ലാസ്സുകൾ.

പിന്നീടൊക്കെ ദിനേന എന്നവണ്ണമുള്ള എന്റെ ആശുപത്രി വാസത്തിനും സംഘർഷഭരിതമായ ദിനരാത്രങ്ങൾക്കുമിടയിൽ വളരെ കഷ്ടപ്പെട്ട് അവൻ നേടിയെടുത്ത നേട്ടങ്ങളാണ്.

വല്ലാത്ത വാത്സല്യം നൽകി അവനെ പഠനരംഗത്ത് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന അവന്റെ പ്രിയപ്പെട്ട അധ്യാപകർ…തളർന്ന് വീണുപോകാതെ താങ്ങി നിർത്തിയ ഒട്ടധികം സുമനസ്സുകൾ..എല്ലാവർക്കും എല്ലാവർക്കും കാരുണ്യവാൻ അനുഗ്രഹം ചെയ്യുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

അവകാശ നിഷേധം അനുഭവിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ നിസ്സഹായർക്കും കൈത്താങ്ങായി മാറാൻ അയ്യൂബിയുടെ നിയമ ബിരുദം അവന് കരുത്തേകട്ടെ എന്നും മഅദനി ആശംസിച്ചു.