അനാഥരായ അവിവാഹിത യുവതികൾ ദുരിതത്തിന്റെ നടുക്കടലിൽ; കണ്ണുതുറക്കാതെ അധികാരികൾ

Advertisement

പടിഞ്ഞാറെ കല്ലട: പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ അനാഥരും നിർദ്ധനരുമായ അവിവാഹിത യുവതികൾ ദുരിതത്തിൽ. ചെറുപ്പത്തിലേ തന്നെ അമ്മ നഷ്ടപ്പെട്ട മൂന്ന് പെൺകുട്ടികൾ വള‍ർന്നത് ബന്ധുക്കളുടെ ദയാ ദാക്ഷണ്യത്തിലായിരുന്നു. കൂലിപ്പണിക്കാരനായിരുന്ന അച്ഛന് മക്കൾക്ക് വേണ്ടി ഒന്നും സമ്പാദിക്കാനായുമില്ല. തികഞ്ഞ മദ്യപാനിയായിരുന്ന അദ്ദേഹവും അമ്മയുടെ മരണ ശേഷം ഏറെ വൈകാതെ തന്നെ മരണത്തിലേക്ക് പോയി.

പതിനൊന്നാം വാർഡിലെ പുത്തൻതറകിഴക്കതിൽ വീട്ടിലെ സഹോദരിമാരാണ് ദുരിതക്കടലിൽ ആയിരിക്കുന്നത്. തികച്ചും അനാഥരായി തീർന്ന 42 വയസുള്ള ഈ സഹോദരിമാർ അതോടെ കൂടുതൽ ദുരിതത്തിലായി. ഇതിനിടെ സ്കൂൾ പഠനം പൂർത്തിയാക്കി ഇരട്ട സഹോദരിമാരായ ഇളയവരിൽ ഒരുവൾ ചെറിയ ചെറിയ ജോലിക്ക് പോയി മൂത്ത സഹോദരിയെ വിവാഹം കഴിച്ചയച്ചു. അപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന സഹോദരി രോ​ഗബാധിതയുമായി അതോടെ സ്വന്തം വിവാഹ സ്വപ്നങ്ങൾ എല്ലാം മാറ്റി വച്ച് അവളെ ശുശ്രൂഷിക്കാനും പരിചരിക്കാനുമായി ജീവിതം നീക്കി വച്ചു. ഇവരുടെ ദുരിതങ്ങൾ കണ്ടറിഞ്ഞ സമീപത്തെ ഒരു പള്ളിയിലെ അധികൃതർ അവൾക്ക് ചെറിയ ജോലി നല്കി. വലിയ വരുമാനം ഒന്നുമില്ലെങ്കിലും അത്യാവശ്യം കഞ്ഞികുടിച്ച് പോകാൻ കഴിയുന്ന വിധത്തിലായി.

ഇതിനിടെ ആണ് താമസിച്ചിരുന്ന പഴയ വീടിന് പൊട്ടലും ചോർച്ചയും. രണ്ട് സെന്റിലെ പരിമിതിയിലുള്ള ഈ കൊച്ചുകൂര ഇപ്പോൾ പൂർണമായും വാസയോ​ഗ്യമല്ലാതായിരിക്കുന്നു. ലൈഫ് പദ്ധതിയിലെ വീടിന് വേണ്ടി അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും പിന്നാക്ക വിഭാ​ഗക്കാർ കൂടിയായ ഇവരുടെ അപേക്ഷ നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് ഉദ്യോ​ഗസ്ഥർ നിഷ്ക്കരുണം തള്ളി.

ഈ ദുരിതങ്ങൾക്ക് പുറമെയാണ് അയൽവാസികളായ ചില ഞരമ്പുരോ​ഗികളിൽ നിന്ന് അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ. പലവട്ടം പൊലീസ് അടക്കം ഇടപെട്ടു. സുരക്ഷിതമായി അടച്ചുറപ്പുള്ള ഒരു വീട്ടിൽ മനഃസമാധാനമായി ഒന്നു കിടന്ന് ഉറങ്ങണമെന്നതാണ് ഇപ്പോൾ ഇവരുടെ ഏറ്റവും വലിയ സ്വപ്നം. അധികൃതർ ഇടയ്ക്കിടെ എത്തി ചില മോഹന വാ​ഗ്ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ നടപ്പായിട്ടില്ല. ഇവരുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ ആണ് ആവശ്യം. അതി ദാരിദ്ര്യപട്ടികയിൽ പെടുത്തിയെന്ന് അം​ഗൻവാടി അധികൃതർ അറിയിച്ചതായി ഇവർ പറയുന്നു.. സഹോദരിമാരുടെ പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരമുണ്ടാക്കാൻ പഞ്ചായത്ത് അധികൃതരും സുമനസുകളും കനിയുമെന്ന പ്രതീക്ഷയിലാണ് ഇവർ.

Advertisement