തിരുവനന്തപുരം: പിണറായി സർക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യു.ഡി.എഫ് തീരുമാനം. ഇതിന്‍റെ ഭാഗമായി സർക്കാറിന്‍റെ രണ്ടാം വാർഷികത്തിൽ യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് വളയും. മേയ് രണ്ടാം വാരമാണ് സെക്രട്ടറിയേറ്റ് വളയൽ സമരം നടക്കുക. ഇന്ന് നടന്ന യു.ഡി.എഫ് യോഗത്തിന്‍റേതാണ് തീരുമാനം.
കൂടാതെ, യു.ഡി.എഫിലെ വിവിധ ഘടകകക്ഷികളും സ്വന്തം നിലയിലും സർക്കാറിനെതിരെ സമരം നടത്തും. എല്ലാ മാസവും യു.ഡി.എഫ് യോഗം ചേരാനും അപ്പോഴത്തെ സമകാലിക സാഹചര്യം വിലയിരുത്തി കൊണ്ട് പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു. നിയമസഭയിൽ പിണറായി സർക്കാറിനെ തുറന്നു കാട്ടാനായെന്ന് യു.ഡി.എഫ് യോഗം വിലയിരുത്തി.
സംസ്ഥാന സർക്കാർ ഒളിച്ചോടിയെന്നും ഇത് പ്രതിപക്ഷത്തിന് നേട്ടമായെന്നുമുള്ള അഭിപ്രായം യോഗത്തിൽ ഉയർന്നു. ജനങ്ങളുടെ വിശ്വാസം ആർജിക്കുന്ന തരത്തിൽ സഭയിൽ സമരം നടത്താൻ സാധിച്ചു. ഈ സാഹചര്യത്തിൽ തുടർ സമര പരിപാടികളുമായി മുന്നോട്ടു പോകാനും യു.ഡി.എഫ് യോഗം തീരുമാനിച്ചു.