തൃശൂര്‍. നക്ഷത്ര ശോഭയോടെ ജീവിക്കുന്നതിനിടെ കത്തിപ്പൊലിഞ്ഞ യുവാവിന്‍റെ ജീവിതമറിയാന്‍ ആ കല്ലറ സന്ദര്‍ശിച്ചാല്‍ മതി. കല്ലറയിലെ ക്യൂ ആര്‍ കോഡില്‍ സ്കാന്‍ ചെയ്താല്‍ കാണാം ഡോക്ടര്‍ ഐവിന്‍ ഫ്രാന്‍സിസിന്‍റെ ജീവിതം. ഇരുപത്തിയാറാം വയസില്‍ ഓര്‍മ്മയായ ഐവിന്‍റെ ജീവിതം അനശ്വരമാക്കുന്നതിനായി കുടുംബാംഗങ്ങള്‍ ആണ് കല്ലറയില്‍ ക്യു ആര്‍ കോഡ് സ്ഥാപിച്ചത്. ഐവിന്‍റെ സഹോദരി എവ്‍ലിന്‍ തയാറാക്കിയ വെബ് സൈറ്റിലേക്കാണ് എത്തിപ്പെടുന്നത്. അവിടെ ഈ യുവാവിനെ ഒരാള്‍ക്ക് തിരിച്ചറിയാം, പരിചയമുള്ളവര്‍ക്ക് അവരുടെ സ്മരണ പുതുക്കാം.
അസൂയ തോന്നുംവിധം സുന്ദരമായിരുന്നു ആ യുവാവിന്‍റെ ജീവിതം. മെഡിക്കല്‍ ബിരുദമെടുത്ത് പ്രാക്ടീസ് തുടങ്ങിയിരുന്നു. പഠനത്തിനൊപ്പം സംഗീതോപകരണ വാദനം, ഫോട്ടോഗ്രഫി, സോഫ്ട് വെയര്‍ ഡവലപ്മെന്‍റ് തുടങ്ങിയവയില്‍ പ്രവീണ്യമുണ്ടായിരുന്നു ഐവിന്. ഈ ക്യു ആര്‍ കോഡിലുണ്ട്, ഐവിന്‍റെ സുന്ദര ജീവിതം. ഒമാനില്‍ സൌദ് ഗ്രൂപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കുരിയച്ചിറ വട്ടക്കുഴി ഫ്രാന്‍സിസിന്‍റെയും ലീനയുടെയും മകനായ ഐവിന്‍ ഇരുപത്തിയാറാം വയസിലാണ് വിടപറയുന്നത്…ഐവിന്‍റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒമാനില്‍ ആര്‍ക്കിടക്ട് ആയ സഹോദരി എവ് ലിന്‍ ആണ് വെബ് സൈറ്റ് രൂപ കല്‍പന ചെയ്തത്. കല്ലറയില്‍ സ്കാന്‍ചെയ്യുമ്പോഴെത്തുക ഈ വെബ് സൈറ്റിലേക്കാണ്.
2021 ഡിസംബര്‍ 22ന് ഷട്ടില്‍ കോര്‍ട്ടില്‍ കുഴഞ്ഞുവീണാണ് മരണം.പ്രിയപ്പെട്ടവരുടെ ഹൃദയം തകര്‍ത്തുകൊണ്ടാണ് ഐവിന്‍റെ വേര്‍പാട് സംഭവിച്ചത്. ഈ കല്ലറയില്‍ അന്ത്യനിദ്രയിലുള്ള പ്രീയപ്പെട്ടവന്‍റെ ഉയിര്‍ത്തെഴുന്നേല്‍ക്കലോ പുനര്‍ ജന്മമോ ആണ് വിവരസാങ്കേതിക വിദ്യയിലൂടെ സാധ്യമാക്കിയത്. ക്യൂ ആര്‍ കോഡിലൂടെ ഒരാള്‍ക്ക് ഐവിന്‍റെ ജീവിതത്തിലേക്ക് കടന്നു ചെല്ലാനാവും