ശാസ്താംകോട്ട (കൊല്ലം): ചരിത്ര പ്രസിദ്ധമായ പോരുവഴി പെരുവിരുത്തി മലനടയിൽ മലക്കുട മഹോത്സവത്തിന് സമാപനം കുറിച്ച് നടന്ന മലക്കുട കെട്ടുകാഴ്ച ഭക്തർക്ക് ദർശനപുണ്യമായി.ഉച്ചവെയിൽ ചാഞ്ഞതോടെ മലയീശ്വരന്റെ സന്നിധിയിലേക്ക് പുരുഷാരത്തിന്റെ ഒഴുക്കായിരുന്നു.കത്തിക്കാളുന്ന മീന വെയിൽ വൈകിട്ടോടെ മഴമേഘങ്ങൾക്ക് വഴിമാറി.ചൂടിന്റെ കഠിനത കുറഞ്ഞ് മലനട കുന്നുകളിൽ തണുത്ത കാറ്റ് വീശാൻ തുടങ്ങി.
ഞൊടിയിടയ്ക്കുള്ളിൽ പ്രകൃതി പുണ്യാഹം തളിച്ച പ്രതീതിയിൽ ചെറിയൊരു മഴ.എങ്കിലും പതിനായിരങ്ങൾ മലനടക്കുന്ന് വിടാൻ മടിച്ചു.അല്പ സമയത്തിനകം മഴ മാറിയതോടെ ക്ഷേത്രത്തിനു തെക്കുഭാഗത്തെ വെൺകുളം ഏലായിൽ പനപ്പെട്ടി,നടുവിലേമുറി,കമ്പലടി, പള്ളിമുറി,വടക്കേമുറി, അമ്പലത്തുഭാഗം തുടങ്ങിയ കരകളിൽ നിന്നുള്ള വലിയ എടുപ്പുകുതിരകളും ഇടയ്ക്കാട് കരയുടേതായി വലിയ എടുപ്പുകാളയും ചെറുതും വലുതുമായ നൂറുകണക്കിന് നേർച്ച കെട്ടുകാഴ്ചകളും അണിനിരന്നു.മുരവ് കണ്ടത്തിൽ അണിനിരന്ന കെട്ടുകാഴ്ചകൾക്ക് അരികിലേക്ക് മലയപ്പൂപ്പൻ സുയോധനന്റെ പ്രതിപുരുഷനായ
ക്ഷേത്രം ഊരാളി കറുപ്പ് കച്ചയുടുത്ത് പട്ടും തൊപ്പിയും ധരിച്ച് ഓലക്കുടയുമേന്തി മലയിറങ്ങിയെത്തി.
ഓരോ കെട്ടുരുപ്പടികളുടെയും അടുത്തെത്തി അനുഗ്രഹവും കുന്നു കയറാൻ അനുവാദവും നൽകി.ഇതോടെ ജനസാഗരത്തെ വകഞ്ഞു മാറ്റി കെട്ടുരുപ്പടികൾ ഓരോന്നായി മലനടക്കുന്നു കയറി.ആദ്യം നേർച്ച ഉരുപ്പടികളും പിന്നെ കരക്കെട്ടുകളും മെയ്ക്കരുത്തിൽ കെട്ടുരുപ്പടികൾ തോളിലേറ്റി ചെങ്കുത്തായ മലനടക്കുന്നു കയറുന്നത് ആവേശകരമായ കാഴ്ചയാണ് ഭക്തർക്ക് സമ്മാനിച്ചത്.വയലും തോടും കുന്നും കയറിയെത്തിയ കെട്ടുകാഴ്ചകൾ മലനടയ്ക്ക് ചന്തം ചാർത്തുന്ന നയന മനോഹരമായ കാഴ്ച തന്നെയായിരുന്നു.
ആർപ്പുവിളികളും കരഘോഷങ്ങളും നാമജപവും ചെണ്ടമേളത്തിന്റെ താളത്തിൽ ചുവടുവയ്ക്കുന്ന ചെറുപ്പക്കാരും കുട്ടികളുമടങ്ങുന്ന സംഘവും കെട്ടുകാഴ്ചയ്ക്ക് മാറ്റുകൂട്ടി.നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ഭക്തർ ഒഴുകിയെത്തിയതോടെ മലനടക്കുന്നുകൾ ഭക്തിയുടെയും ആവേശത്തിന്റെയും അലകടലായി മാറി.വൈകിട്ടോടെ ക്ഷേത്രത്തിന് മൂന്നു വലം വച്ച് കെട്ടുകാഴ്ചകൾ ഓരോന്നായി പിൻവാങ്ങിയതോടെ ഒരു വർഷത്തേക്കുള്ള ഓർമ്മകൾ നെഞ്ചേറ്റിയാണ് ഭക്തർ മലയിറങ്ങിയത്.