വിനോദയാത്ര പോകുന്ന കാര്യം സംസാരിക്കാന്‍ അര കിലോമീറ്റര്‍ അപ്പുറത്ത് സുഹൃത്തിന്റെ വീട്ടിലേക്കിറങ്ങിയ മനോഹരന്റേത് അവസാന യാത്രയായി

Advertisement

തൃപ്പൂണിത്തുറ: കാക്കിയിട്ടയാള്‍ കൈകാണിച്ചിട്ട് നിര്‍ത്തിയില്ല എന്ന ഒറ്റക്കാരണം,അതിനാണ് മാന്യമായി ജീവിക്കുന്ന ഒരു യുവാവിനെ വഴിയിലിട്ടടിക്കുകയും പിന്നീട് സ്റ്റേഷനില്‍ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തത്. സ്‌കൂള്‍ അവധിക്ക് വിനോദയാത്ര പോകുന്ന കാര്യം സംസാരിക്കാന്‍ അര കിലോമീറ്റര്‍ അപ്പുറത്ത് സുഹൃത്തിന്റെ വീട്ടിലേക്കിറങ്ങിയ മനോഹരന്റേത് അവസാന യാത്രയായി.
അവധിക്കാല ടൂറിന്റെ കാര്യം സംസാരിച്ച ശേഷം മനോഹരന്‍ താമസിച്ചിരുന്ന കര്‍ഷക കോളനിയില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍ മാത്രം അകലെയുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നു മടങ്ങവെയാണ് പോലീസിന്റെ വാഹന പരിശോധനയില്‍ ചെന്നുപെട്ടത്. പോലീസ് കൈ കാണിച്ചത് ശ്രദ്ധയില്‍പ്പെടാത്തതിനെത്തുടര്‍ന്ന് യാത്ര തുടര്‍ന്ന മനോഹരനെ പിന്തുടര്‍ന്നെത്തിയ പോലീസ് മര്‍ദിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഹെല്‍മറ്റ് ഊരിയ പാടെ പോലീസുകാര്‍ കൈകാണിച്ചാല്‍ നിര്‍ത്താന്‍ പറ്റില്ലേടാ എന്ന് ചോദിച്ച് ഉദ്യോഗസ്ഥന്‍ മനോഹരന്റെ മുഖത്തടിക്കുകയായിരുന്നു. എസ്ഐയോട് മദ്യപിച്ചിട്ടില്ലെന്ന് പറഞ്ഞെങ്കിലും മുഖത്തടിക്കുകയായിരുന്നുവെന്ന് മനോഹരന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന പോലീസിന്റെയും മര്‍ദനത്തിനിരയായ മനോഹരനെ വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് ദൃക്സാക്ഷികളും പറഞ്ഞു.
കൂട്ടുകാരന്റെ വീട്ടില്‍ പോയ ഭര്‍ത്താവ് തിരിച്ചെത്താന്‍ താമസിക്കുന്നത് കണ്ട് സുഹൃത്തിന്റെ ഫോണിലേക്ക് ഭാര്യ സിനി വിളിച്ചതോടെ മനോഹരനെ നോക്കി സുഹൃത്ത് വണ്ടിയുമായി ഇറങ്ങി. മനോഹരനെ പോലീസ് കൊണ്ടുപോയതറിഞ്ഞ് സുഹൃത്ത് സ്റ്റേഷനിലെത്തിയപ്പോള്‍ മനോഹരന്‍ സ്റ്റേഷനകത്ത് അവശനായി ഇരിക്കുകയായിരുന്നു. എനിക്ക് ഒരു അബദ്ധം പറ്റി, പോലീസ് കൈകാണിച്ചത് ഞാന്‍ കണ്ടില്ലെന്നാണ് മനോഹരന്‍ സുഹൃത്തിനോട് വ്യക്തമാക്കിയത്. പിന്നീട് കുഴഞ്ഞു വീഴുകയായിരുന്നു.

മനോഹരന്റെ മരണത്തോടെ രണ്ട് കുടുംബങ്ങളുടെ അത്താണിയാണ് നഷ്ടമായത്. പോലീസിന്റെ നീച പ്രവര്‍ത്തി വിദ്യാര്‍ഥികളായ അര്‍ജുനും സച്ചിനും അച്ചനെയും സിനിക്ക് ഭര്‍ത്താവിനെയും നഷ്ടമാക്കിയപ്പോള്‍, മുന്പ് അപകടത്തില്‍ മരണപ്പെട്ട ഭാര്യാ സഹോദരന്റെ കുടുംബത്തിനും താങ്ങായിരുന്നത് മനോഹരനായിരുന്നു.
വടക്കേ ഇരുമ്ബനം ട്രാക്കോ കേബിള്‍ കമ്ബനിക്കടുത്ത് താമസിച്ചിരുന്ന ചാത്തംവേലില്‍ രഘുവരന്റെയും പങ്കജത്തിന്റെയും മകനായ മനോഹരന്‍ (52) ഏഴ് വര്‍ഷം മുമ്ബാണ് കര്‍ഷകറോഡിലേക്ക് താമസം മാറിയത്. ദിവസക്കൂലിക്കാരനായിരുന്ന മനോഹരന്‍ കുറച്ച് നാള്‍ മുമ്ബാണ് സ്വന്തമായി ഒരു വ്യാപാര സ്ഥാപനം തുടങ്ങിയത്.
കച്ചവടം പുരോഗമിക്കുന്നതിനിടെയാണ് ദാരുണ സംഭവം. നിരപരാധിയായ മനോഹരനെ ക്രൂരമായി മര്‍ദിച്ച് കൊലചെയ്ത കുറ്റവാളികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അനാഥമാക്കപ്പെട്ട കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നും ഉന്നതല അന്വേഷണം നടത്തണമെന്നും കെ.ബാബു എംഎല്‍എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അനാഥമാക്കപ്പെട്ട കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement