വെള്ളറടയിൽ സർക്കാർ ആശുപത്രിയിലെ ലാബിലേക്ക് മരം ഒടിഞ്ഞുവീണ് ജീവനക്കാർക്ക് പരിക്ക്

Advertisement

തിരുവനന്തപുരം. വെള്ളറടയിൽ സർക്കാർ ആശുപത്രിയിലെ ലാബിലേക്ക് മരം ഒടിഞ്ഞുവീണ് ജീവനക്കാർക്ക് പരിക്ക്. കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചയോടെയാണ് സംഭവം. മരത്തിന്റെ വലിയ ചില വീണതോടെ ഷീറ്റ് കൊണ്ട് മറച്ച ലാബ് ഭാഗികമായി തകർന്നു.

ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.
സ്വകാര്യ പറമ്പിൽ നിന്ന ആഞ്ഞിൽ മരത്തിന്റെ വലിയൊരു ചില്ല അപ്രതീക്ഷിതമായി അടുത്തുള്ള ആശുപത്രി ലാബിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. മരം വീണതോടെ ലബോറട്ടറി ഭാഗികമായി തകർന്നു. ലാബിൽ ഉണ്ടായിരുന്ന ടെക്നീഷ്യന്മാർ അശ്വതി, സാനിയ എന്നിവർക്ക് പരിക്കേറ്റു. ഇതിൽ ഫാൻ തലയിൽ വീണ് അശ്വതിക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഇരുവരെയും അടുത്തുള്ള നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടേഴ്സ് അറിയിച്ചു. ആശുപത്രിയിൽ തിരക്ക് കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പാറശ്ശാല ഫയർഫോഴ്സ് സ്ഥലത്തെത്തി മരച്ചില്ല മുറിച്ച് നീക്കി. സംഭവത്തിൽ വിലപിടിപ്പുള്ള നിരവധി ഉപകരണങ്ങൾ നശിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.

Advertisement