അരിക്കൊമ്പന്‍ അരിതിന്നതുമാത്രമല്ല,തകര്‍ത്തത് 180ഓളം കെട്ടിടങ്ങള്‍

Advertisement

ഇടുക്കി. അരിക്കൊമ്പൻ വീടും റേഷൻ കടയും ഉൾപ്പെടെ 18 വർഷം കൊണ്ട് തകർത്ത് 180 ഓളം കെട്ടിടങ്ങളാണ്. മുപ്പതോളം പേർക്കാണ് കെട്ടിടങ്ങൾ തകർന്നുവീണു പരിക്കേറ്റത്. അതേസമയം പത്തോളം പേരെ അരിക്കൊമ്പൻ കൊലപ്പെടുത്തിയെന്ന് ജനങ്ങൾ പറയുമ്പോഴും വനം വകുപ്പിന്റെ കണക്കിൽ അതില്ല.


കോടതിയിൽ സമർപ്പിക്കാനായി 2005 മുതലുള്ള അരികൊമ്പൻ കാട്ടാനയുടെ ആക്രമണത്തിന്റെ കണക്കാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. വീടും റേഷൻ കടയും, ഏലം സ്റ്റോറും ഒക്കെയായി 180 കെട്ടിടങ്ങൾ തകർത്തു. വീടുകളും മറ്റും തകർന്നു വീണ് 30 ഓളം പേർക്ക് പരുക്കേറ്റു. നൂറിലധികം പേരുടെ ഏക്കറു കണക്കിന് സ്ഥലത്തെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. അക്ഷയ സെൻറർ വഴി അപേക്ഷ സമർപ്പിച്ചവരുടെ മാത്രം കണക്കാണിത്. ആനയിറങ്കൽ, പന്നിയാർ എന്നിവിടങ്ങളിലെ റേഷൻ കടകൾ അരിക്കൊമ്പൻ തകർത്തത് പലതവണയാണ്. വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷ ലഭിക്കാത്തതിനാൽ കണക്കിൽ ഉൾപ്പെട്ടിട്ടില്ല. വീട്ടു നമ്പരില്ലാത്ത കെട്ടിടങ്ങൾ, ഷെഡുകൾ പട്ടയമില്ലാത്ത സ്ഥലത്ത് തകർത്ത വീടുകൾ എന്നിവയും കണക്കിൽ നിന്ന് ഒഴിവാക്കപ്പെട്ടു.

2010 മുതൽ ഈ മാർച്ച് 25 വരെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി 29 പേരാണ് കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചത്. ഇതു സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളും കോടതിക്ക് കൈമാറും. പക്ഷേ അരിക്കൊമ്പൻ തന്നെയാണോ കൊലപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമല്ല. കോടതിയിൽ സമർപ്പിക്കുന്ന രേഖകൾ പരിഗണിച്ച് അനുകൂല വിധി ഉണ്ടാകുമെന്നാണ് വനവകുപ്പിന്റെയും നാട്ടുകാരുടെയും പ്രതീക്ഷ.

Advertisement