ചാരുംമൂട്: അപകടത്തുരുത്തായി കെ.പി. റോഡ്. പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും അപകട നിയന്ത്രണ പദ്ധതികൾ ഫയലിൽ ഒതുങ്ങി.
കരിമുളയ്ക്കൽ തുരുത്തിയിൽ ജങ്ഷനിൽ ടോറസ് ലോറിയിടിച്ച് നൂറുനാട് തത്തംമുന്ന വിളയിൽ പുത്തൻവീട്ടിൽ അനിൽകുമാറിന്റെ മകൻ ആദർശ് (26) ദാരുണമായി മരിച്ചതാണ് അവസാനത്തെ അപകടം. കെ.പി. റോഡിൽ അപകടങ്ങളില്ലാത്ത ഒരു ദിവസംപോലും ഇല്ല. കെ.പി റോഡിലും മേഖലയിലെ പ്രധാന റോഡുകളിലും ഉണ്ടായ ചെറുതും വലുതുമായ അപകടങ്ങളിൽ ഒരുവർഷത്തിനിടെ നിരവധി മനുഷ്യജീവനാണ് പൊലിഞ്ഞത്.
മരണത്തിനും ജീവിതത്തിനും ഇടയിൽ നിരവധി പേരാണ് ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ടിപ്പർലോറികളുടെ അമിതവേഗവുമാണ് മിക്ക അപകടങ്ങൾക്കും കാരണം. മികച്ച നിലവാരത്തിൽ റോഡുകൾ നിർമിച്ചതോടെയാണ് വാഹനങ്ങൾ അമിത വേഗത്തിൽ ചീറിപ്പായാൻ തുടങ്ങിയത്. വേഗപ്പൂട്ട് ഇല്ലാതെയാണ് ടിപ്പർ ലോറികളുടെ സഞ്ചാരം.
ടെസ്റ്റിങ് സമയത്ത് മാത്രമാണ് ടിപ്പറുകളിൽ വേഗപ്പൂട്ട് പ്രവർത്തിക്കുന്നത്. അതിനുശേഷം അഴിച്ചുമാറ്റുന്നതാണ് രീതി. ഡ്രൈവർമാർ ലഹരി ഉപയോഗിച്ചും മൊബൈൽ ഫോൺ ഉപയോഗിച്ചും ഡ്രൈവ് ചെയ്യുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. സ്കൂൾ സമയങ്ങളിൽ ഏർപ്പെടുത്തിയ നിരോധനംപോലും ടിപ്പർലോറികൾ പാലിക്കാറില്ല.
അപകട നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതും തുടർച്ചയായുള്ള അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ചാരുംമൂട് ജങ്ഷനിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ മാത്രമാണ് കെ.പി റോഡിൽ ആകെയുള്ള ഗതാഗത നിയന്ത്രണ സംവിധാനം. സ്വകാര്യബസുകൾക്ക് പെർമിറ്റ് നൽകിയതിലെ അപാകതയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അപകട നിയന്ത്രണത്തിനായി ഫ്ലയിങ് സ്ക്വാഡുകളുടെ സേവനം ഏർപ്പെടുത്തിയെങ്കിലും പ്രവർത്തനം വല്ലപ്പോഴും മാത്രമായി.