`എടീ രമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ? കൈയ്യൊടിഞ്ഞു, കാലൊടിഞ്ഞു, എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ച് പറ്റാൻ നോക്കുകയാണ് അല്ലേ? നിനക്കുള്ള അവസാനത്തെ താക്കീതാണ് കേസ് പിൻവലിച്ച് മാപ്പ് പറയുക. അടുത്ത മാസം 20ാം തീയ്യതിക്കുള്ളിൽ ഒരു തീരുമാനം ഞങ്ങൾ നടപ്പിലാക്കും’ കെ.കെ. രമ എം.എൽ.എക്ക് ലഭിച്ച വധ ഭീഷണിക്കത്തിലെ വാക്കുകളാണിത്. നേരത്തെയും രമയ്ക്ക് വധ ഭീഷണിക്കത്ത് ലഭിച്ചിരുന്നു. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്.
നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്നാണ് കത്തിലെ ഭീഷണി. ഏപ്രിൽ 20 നുള്ളിൽ പരാതി പിൻവലിക്കണമെന്ന് ഭീഷണി.
സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിൽ കെ കെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. പരിക്ക് വ്യാജമാണെന്ന രീതിയിൽ രമക്കെതിരെ വ്യാജ എക്സ് റേ ദൃശ്യങ്ങൾ അടക്കം ഉപയോഗിച്ച് സൈബർ ആക്രമണവും നടന്നിരുന്നു. സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ.കെ. രമ എം.എൽ.എ പരാതി നൽകിയിട്ടും സൈബർ പൊലീസ് ഒന്നും ചെയ്തിരുന്നില്ല.
സച്ചിൻ അടക്കം സൈബർ പ്രചാരണം നടത്തിയവർക്കെതിരെ അപകീർത്തി കേസ് കൊടുക്കാനാണ് രമയുടെ തീരുമാനം. ഇതിനിടെ, നിയമസഭയിലെ സംഘർഷത്തിൽ പരിക്കേറ്റ കെ.കെ. രമയുടെ കൈക്ക് എട്ട് ആഴ്ച പ്ലാസ്റ്റർ ഇടണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്