‘ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കരുത്’; സദാചാര സർക്കുലറിൽ പങ്കില്ലെന്ന് പ്രിൻസിപ്പൽ

Advertisement

കൊല്ലം: വിദ്യാർഥികളുടെ വിനോദയാത്രയുമായി ബന്ധപ്പെട്ട് കൊല്ലം എസ്.എൻ കോളജിൻറെ പേരിൽ പ്രചരിക്കുന്ന സദാചാര സർക്കുലറിൽ പങ്കില്ലെന്ന് പ്രിൻസിപ്പൽ നിഷ തറയിൽ. വിനോദയാത്രക്ക് പോകുന്ന മൂന്നാം വർഷ ബിരുദ വിദ്യാർഥികൾക്കുള്ള നിയമാവലിയെന്ന പേരിൽ പ്രചരിച്ച സർക്കുലർ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനത്തിനിടയാക്കിയിരുന്നു. ഈ സർക്കുലറുമായി കോളജ് മാനേജ്മെന്റിനോ പ്രിൻസിപ്പലിനോ യാതൊരു ഉത്തരവാദിത്തവുമില്ലെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. കുട്ടികളോ അവരുടെ മാതാപിതാക്കളോ യാതൊരു പരാതിയും ഉന്നയിച്ചിട്ടിച്ചില്ലെന്നും അവർ പറഞ്ഞു.

‘എസ്.എൻ കോളജിൽനിന്ന് സർക്കുലർ ഇറക്കണമെങ്കിൽ അതിന്റെ പ്രിൻസിപ്പലായ ഞാനാണ് ചെയ്യേണ്ടത്. ഞാൻ ഒരു സർക്കുലർ ഇറക്കുമ്പോൾ അത് എന്റെ ലെറ്റർ പാഡിലായിരിക്കും. അതിൽ എന്റെ ഒപ്പും സീലുമുണ്ടാകും. ഇങ്ങനെയൊന്നും കാണാത്ത ഒരു സർക്കുലറാണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്തായാലും ഞാൻ അറിഞ്ഞുകൊണ്ട് അങ്ങനെയൊരു സർക്കുലർ ഇറക്കിയിട്ടില്ല. ഇവിടെനിന്ന് കുട്ടികൾ വിനോദയാത്രക്ക് പോയി എന്നത് ശരിയാണ്. അതിൽ അവസാന ബാച്ച് തിരിച്ചെത്തി. അവരും ഇതുവരെ പരാതി പറഞ്ഞിട്ടില്ല. കുട്ടികളോ അവരുടെ മാതാപിതാക്കളോ യാതൊരു പരാതിയും ഉന്നയിച്ചിട്ടില്ല’ – പ്രിൻസിപ്പൽ പറഞ്ഞു.

നാക് സംഘം വരും ദിവസങ്ങളിൽ കോളജ് സന്ദർശിക്കാനിരിക്കെയാണ് സദാചാര സർക്കുലർ വിവാദം ഉടലെടുത്തിരിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് ഫോട്ടോ എടുക്കരുത്, ഹീലുള്ള ചെരുപ്പുകൾ ഒഴിവാക്കണം, മാന്യമായ വസ്ത്രം ധരിക്കണം തുടങ്ങി 11 നിർദേശങ്ങളടങ്ങിയ നിയമാവലിയാണ് പ്രചരിക്കുന്നത്. ബസിന്റെ മുൻവശത്തായാണ് പെൺകുട്ടികൾക്കുള്ള സീറ്റ് ക്രമീകരിച്ചിരിക്കുന്നത്, ഈ സീറ്റുകളിൽ ആൺകുട്ടികൾ ഇരിക്കാൻ പാടില്ല, പെൺകുട്ടികളും ആൺകുട്ടികളും മാന്യമായ വസ്ത്രം ധരിക്കണം, പെൺകുട്ടികൾ ഒപ്പമുള്ള അധ്യാപകരോ എസ്കോർട്ടോ ഇല്ലാതെ ഒറ്റക്ക് എവിടെയും പോകരുത്, ഷോപ്പിങ്ങിനും സ്ഥലങ്ങൾ കാണാനും പോകുമ്പോൾ പെൺകുട്ടികൾ എല്ലാവരും ഒറ്റ ഗ്രൂപ്പായി അധ്യാപകർക്കോ എസ്കോർട്ടിനോ ഒപ്പമേ പോകാവൂ, പെൺകുട്ടികൾക്കായി ഒരുക്കിയ പ്രത്യേക സുരക്ഷിത താമസസ്ഥലങ്ങൾ നിശ്ചിത സമയത്തിനു ശേഷം പുറത്തുനിന്ന് പൂട്ടും, ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും മാത്രമായി ഫോട്ടോ എടുക്കരുത്, ഫോട്ടോക്ക് മാന്യമായ പോസുകൾ മാത്രമേ അനുവദിക്കൂ, പെൺകുട്ടികൾ വിലപിടിപ്പുള്ള ആഭരണങ്ങൾ ധരിക്കരുത്, പെട്ടെന്ന് നടക്കാനും മറ്റും കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങളും ചെരുപ്പുകളും വേണം പെൺകുട്ടികൾ ധരിക്കാൻ, വിദ്യാർഥികളുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള മോശം പ്രവൃത്തികളുണ്ടായാൽ വിനോദയാത്രയുടെ അവസാനം കടുത്ത നടപടികൾ ഉണ്ടാകുന്നതാണ് എന്നിങ്ങനെയാണ് സർക്കുലർ പറയുന്നത്. ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. സർക്കുലറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ എസ്.എഫ്.ഐ, കോളജ് കവാടത്തിൽ ‘സദാചാരം പടിക്ക് പുറത്ത്’ എന്നെഴുതിയ ബാനർ ഉയർത്തിയിരുന്നു.

Advertisement