‘മാസ്റ്റർപീസ്’ എന്ന നോവൽ എഴുതിയതിന്റെ പേരിലുണ്ടായ പരാതിയെത്തുടർന്നു സർക്കാർ ജോലി ഉപേക്ഷിച്ച് പ്രമുഖ എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ. വിരമിക്കാൻ മൂന്നു വർഷം കൂടി ബാക്കിയുള്ളപ്പോഴാണ് ആലപ്പുഴ കുടുംബ കോടതിയിലെ സീനിയർ ക്ലർക്ക് ആയ നൊറോണ ജുഡീഷ്യൽ സർവീസിലെ ജോലിയിൽനിന്ന് 2023 മാർച്ച് 31ന് സ്വയം വിരമിച്ചത്.
എഴുത്തുകാർക്കിടയിലെ മൽസരം പ്രമേയമായ, നൊറോണയുടെ ഏറ്റവും പുതിയ പുസ്തകമാണ് മാസ്റ്റർപീസ്. എഴുത്ത്, പുസ്തക പ്രകാശനം, അവാർഡുകൾ, പുസ്തക പ്രചാരണം തുടങ്ങി എഴുത്തുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ ഉള്ളുകള്ളികളാണ് ഈ കൃതിയിൽ നൊറോണ വിമർശനവിധേയമാക്കുന്നത്. സർക്കാർ സർവീസിലുള്ളവർ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ നൊറോണ പാലിച്ചില്ല എന്ന ആരോപണമുയർത്തിയാണ് മേലധികാരികൾക്കു പരാതി നൽകപ്പെട്ടത്. ഇതുസംബന്ധിച്ച് രണ്ടു മാസം മുൻപു നൊറോണയ്ക്കു മെമ്മോ ലഭിച്ചിരുന്നു. എഴുത്തോ കഴുത്തോ എന്നു തീരുമാനമെടുക്കേണ്ട സന്ദർഭം വന്നപ്പോൾ എഴുത്തു തന്നെ തിരഞ്ഞെടുക്കുകയായിരുന്നു ‘അശരണരുടെ സുവിശേഷ’വും ‘തൊട്ടപ്പനും’ ‘മുണ്ടൻ പറുങ്കി’യുമെഴുതിയ മലയാളത്തിന്റെ പ്രിയ കഥാകാരൻ. സർക്കാർ ജോലിക്കാരിയായ ജീവിതപങ്കാളിയുടെയും നിയമവിദ്യാർഥിയായ മകളുടെയും പൂർണപിന്തുണയും സ്നേഹവും കൂടി ഈ തീരുമാനമെടുക്കാൻ നൊറോണയെ സഹായിച്ചു.
ഇവൻ ഇത്ര കേമനായി എഴുത്തു തുടരേണ്ട എന്നു വിചാരിച്ച ആരോ ആണ് തനിക്കെതിരെ പരാതി നൽകിയതെന്നു നൊറോണ വിശ്വസിക്കുന്നു. അതാരാണെന്ന സൂചനയും ഉള്ളതായി എഴുത്തുകാരൻ പറയുന്നു. ‘‘പുസ്തകങ്ങളിലെ വിവിധ പ്രമേയങ്ങളുടെ തിരഞ്ഞെടുപ്പ്, പുതിയ എഴുത്തുകാരെ തമസ്കരിക്കൽ, പ്രസാധനത്തിലെ കുതികാൽവെട്ടുകൾ, പുരസ്കാരങ്ങളിലെ വൃഥാമാൽസര്യം തുടങ്ങി എഴുത്തുലോകത്ത് ഇന്നു നിലനിൽക്കുന്ന കാലുഷ്യങ്ങളെയാണ് ഞാൻ ‘മാസ്റ്റർപീസ്’ എന്ന നോവലിൽ വിമർശനവിധേയമാക്കുന്നത്. അതിൽ ഞാൻ എന്നെയും ഒഴിവാക്കിയിട്ടില്ല. കാരണം ഞാനും ഈ എഴുത്തുരാജ്യത്തിലെ പ്രജ തന്നെയാണല്ലോ. എന്റെ കൃതികളെയും ഞാൻ ഈ നോവലിൽ വിമർശിച്ചിട്ടുണ്ട്. പക്ഷേ, ആരുടെയും പേരെടുത്തു പറഞ്ഞിട്ടില്ല. സാഹിത്യലോകത്തെ ചില ദുഷ്പ്രവണതകളെയാണ് ഞാൻ വിമർശനവിധേയമാക്കിയത്. അതുപക്ഷേ, അസഹിഷ്ണുതയുള്ള ചിലരെ ചൊടിപ്പിക്കുകയും അവർ എനിക്കു നേരെ വാളോങ്ങുകയുമായിരുന്നു. വളരെ സൗഹാർദപരമായിട്ടാണ് എന്റെ ഡിപ്പാർട്മെന്റ് ഈ പരാതിയെ കൈകാര്യം ചെയ്തത്. കൃത്യമായ വിശദീകരണം നൽകി എനിക്കു വേണമെങ്കിൽ ജോലിയിൽ തുടരാമായിരുന്നു. ഇതു വെറും നിയമപരമായ കാര്യം മാത്രമാണ് എന്നവർ സൂചിപ്പിച്ചിരുന്നു. പക്ഷേ, ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഇത്തരം മുൻകൂർ അനുവാദം വാങ്ങലും സർക്കാർ സംവിധാനത്തിന്റെ സ്വാഭാവികമായ താമസവുമൊക്കെ വലിയ സമ്മർദം സൃഷ്ടിക്കും. സജീവമായ എഴുത്തിൽ നിൽക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അയാളുടെ വിലപ്പെട്ട എഴുത്തുസമയമായിരിക്കും ഇത്തരം നിയമപരമായ നൂലാമാലകളിൽപ്പെട്ട് നഷ്ടമാകുക. ഞാൻ ഈ മെമ്മോ കണ്ടു പേടിക്കുമെന്നും എഴുത്തിൽനിന്നു പതിയെ പിൻവാങ്ങുമെന്നുമായിരിക്കും പരാതി നൽകിയവർ കരുതിയിട്ടുണ്ടാകുക. എന്നാൽ എഴുത്തു തന്നെയാണ് എനിക്കു പ്രധാനമെന്നും പൂർവാധികം ശക്തിയോടെ ഞാനിതിൽ തുടരുമെന്നും ഈ തീരുമാനത്തിലൂടെ ഞാനവരെ അറിയിക്കുകയാണ്. കൂടാതെ, എന്റെ ‘കക്കുകളി’ എന്ന കഥയുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് അനാവശ്യമായി എന്റെ പേരു വലിച്ചിഴയ്ക്കപ്പെട്ടതും എനിക്കു വലിയ മാനസിക സമ്മർദം സൃഷ്ടിച്ചിരുന്നു.
ഞാൻ കക്ഷിയേ അല്ലാത്ത ഒരു വിവാദത്തിൽ ഉൾപ്പെട്ടത് എന്നെ മനഃപൂർവം ആരോ ലക്ഷ്യം വയ്ക്കുന്ന പോലത്തെ ഒരു പ്രതീതിയാണ് ഉളവാക്കിയത്. എന്റെ സാഹിത്യജീവിതം അവസാനിച്ചുകാണാൻ ആരോ ആഗ്രഹിക്കുന്നതു പോലെ തോന്നി. ഈ സംഭവം കൂടിയായപ്പോൾ അതു കൂടുതൽ ബലപ്പെട്ടു. അങ്ങനെയാണ് സ്വയം വിരമിക്കൽ എടുക്കാമെന്നും ഇനി എഴുത്തിൽ മാത്രം ശ്രദ്ധിക്കാമെന്നുമുള്ള തീരുമാനത്തിലേക്കു ഞാൻ എത്തുന്നത്. എന്റെ ജീവിത പങ്കാളിയും മകളും ഈ തീരുമാനത്തിൽ പൂർണമായും എന്റെ കൂടെ നിന്നതും വലിയ കാര്യമായി. എഴുത്ത് ഉപേക്ഷിച്ചിട്ടുള്ള ഒരു വരുമാനവും നമുക്കു വേണ്ട എന്നാണ് ജീവിതപങ്കാളി എന്നോടു പറഞ്ഞത്. നമുക്ക് ഉള്ളതുകൊണ്ടു സന്തോഷമായി കഴിയാം എന്നു അവരും മകളും പറഞ്ഞതുകൊണ്ടുകൂടിയാണ് ഇത്രവേഗം ഈ തീരുമാനം എനിക്ക് എടുക്കാൻ കഴിഞ്ഞത്’’.
വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണിതെന്നു നൊറോണ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
‘‘ഞാൻ വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണിത്. അതിൽത്തന്നെ ഉറച്ചു നിൽക്കേണ്ടതിനാലാണ് രണ്ടുമൂന്നു സുഹൃത്തുക്കളോടല്ലാതെ മറ്റാരോടും നേരത്തേ പറയാതിരുന്നത്. ‘മാസ്റ്റർപീസ്’ എന്ന നോവലിനെതിരെ നൽകപ്പെട്ട പരാതിയുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഞാൻ ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്. ഒരു വിശദീകരണം നൽകിയിട്ട് ജോലിയിൽ തുടരാനാണ് മേലധികാരികൾ പറഞ്ഞത്. കക്കുകളി വിവാദമായിരിക്കെ ഇനിയങ്ങോട്ടുള്ള ഔദ്യോഗിക ജീവിതവും എഴുത്തും അത്ര എളുപ്പമല്ലെന്ന് അറിയാമല്ലോ. ഉപജീവനമാണോ അതിജീവനമാണോ തുടരുക എന്നൊരു ഘട്ടം വന്നപ്പോൾ അതിജീവനമാണു നല്ലതെന്നു തീരുമാനിച്ചു. എഴുത്തില്ലെങ്കിൽ എനിക്ക് ഭ്രാന്തു പിടിക്കും. ജോലി പോകുന്നതൂം ബുദ്ധിമുട്ടാണ്.
വളരെ ശാന്തമായി ഞാനിതെല്ലാം പറയുന്നെങ്കിലും അങ്ങനെയൊരു തീരുമാനത്തിൽ എത്താൻ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. ആരാണ് പരാതി കൊടുത്തത് എന്നതിനേക്കാൾ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചായിരുന്നു ആശങ്ക. മാസ്റ്റർപീസ് അറംപറ്റിയ നോവലാണെന്ന് എനിക്കു തോന്നി. ജോലി ഉപേക്ഷിച്ച് എഴുത്തിലേക്ക് വരുന്ന ഒരു എഴുത്തുകാരന്റെ ദുരിതംപിടിച്ച ജീവിതമാണ് ഞാനതിൽ പറയുന്നത്. എനിക്കും അതുപോലെ സംഭവിച്ചിരിക്കുന്നു. എന്റെ കഥാപാത്രം അനുഭവിച്ച കൊടിയ വേദനയിലേക്കും ഏകാന്തതയിലേക്കും ഞാനും അകപ്പെടുന്നതുപോലെ.
എഴുത്തിനുള്ളിലെ എഴുത്തിനെക്കുറിച്ചുള്ള എഴുത്തായിരുന്നു മാസ്റ്റർപീസ്. അതു വായിച്ചിട്ട് ആർക്കാവും മുറിവേറ്റത്. എന്തിനാവും അവരത് ചെയ്തത്. എന്റെ ഉറക്കംപോയി. ഞാനൊരാവർത്തി കൂടി മാസ്റ്റർപീസ് വായിക്കാനെടുത്തു. ഏറ്റവും അടുത്ത ഒന്നു രണ്ടു സുഹൃത്തുക്കളോടു വിവരം പറഞ്ഞു. ചില വ്യക്തികളിലേക്ക് അവരുടെ സംശയം നീളുന്നതു കണ്ടതോടെ ഞാൻ തകർന്നു. കേട്ട പേരുകളെല്ലാം ഞാൻ ബഹുമാനത്തോടെ മനസ്സിൽ കൊണ്ടു നടന്നവർ. രാത്രി ഉറങ്ങാനായില്ല. അവ്യക്തമുഖവുമായി ഒരു ശത്രു ഇരുട്ടത്ത്. അവരെന്റെ അന്നം മുടക്കി.. അടുത്ത നീക്കം എന്താണെന്ന് അറിയില്ല. ഇതിന്റെയെല്ലാം തുടർച്ചപോലെ എന്റെ കക്കുകളി വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഞാൻ ടാർഗറ്റ് ചെയ്യപ്പെടുന്നതുപോലെ.
തനിച്ചിരുന്ന് ഈ പ്രതിസന്ധിയെ മാനസികമായി മറികടക്കാനുള്ള കരുത്തു പതുക്കെ നേടിക്കൊണ്ടിരുന്നു. എന്റെ മേലധികാരികൾ ഉൾപ്പെടെ പ്രിയപ്പെട്ട പലരും എന്നെ ഇതിൽനിന്നു പിൻതിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.
ഞാൻ എഴുതുന്നതെല്ലാം ചിലർക്ക് പൊള്ളുന്നുണ്ട്. എന്റെ എഴുത്തിനെ എങ്ങനെയും തടയണമെന്നായിരുന്നു പരാതി കൊടുത്തവരുടെ ലക്ഷ്യം. ഔദ്യോഗിക ജീവിതത്തിന്റെ പരിമിതിയിൽ ഞാൻ ഒതുങ്ങുമെന്ന് അവർ കരുതിയിട്ടുണ്ടാവും. എനിക്ക് പരാതി കൊടുത്തവരുടെ മുന്നിൽ തോൽക്കാൻ വയ്യ. സർക്കാർ സേവനത്തിൽനിന്നു ഞാൻ പ്രീമച്വർ ആയി ഇന്നലെ വിരമിച്ചു. ഇതിനായുള്ള പ്രോസീജിയറുകളെല്ലാം വേഗം ചെയ്തു തന്ന എന്റെ മേലധികാരികളോട് ആദരവ്. എനിക്ക് ആത്മബലം തന്ന പ്രിയ സുഹൃത്തുക്കൾക്ക്, കുടുംബാംഗങ്ങൾക്ക്, വായനക്കാർക്ക്.. എല്ലാവർക്കും എന്റെ സ്നേഹം..
മാസ്റ്റർപീസിന്റെ താളുകൾക്കിടയിൽ എവിടെയോ എന്റെ അജ്ഞാത ശത്രു. വിരുന്നൊരുക്കി വീണ്ടും എന്റെ എഴുത്തുമേശ. ഞാനെന്റെ പേന എടുക്കട്ടെ..’’