വൈക്കം സത്യഗ്രഹം രാജ്യത്തെ ഏറ്റവും വലിയ പോരാട്ടം: എം.കെ.സ്റ്റാലിൻ

Advertisement

വൈക്കം: രാജ്യത്തെ ഏറ്റവും വലിയ പോരാട്ടമാണു വൈക്കം സത്യഗ്രഹമെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. രാജ്യത്തെ അയിത്തവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പ്രചോദനമായത് വൈക്കം സത്യഗ്രഹമാണ്. തമിഴ്നാട്ടിൽ നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലും വൈക്കത്ത് എത്തണമെന്നത് ആഗ്രഹമായിരുന്നെന്നും സ്റ്റാലിൻ പറഞ്ഞു.

വൈക്കം സത്യഗ്രഹ സമര ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം.കെ.സ്റ്റാലിനും പെരിയാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് ഉദ്ഘാടനച്ചടങ്ങിന് എത്തിയത്. അനാചാരത്തിനെതിരായ പോരാട്ടത്തിന്റെ വീരസ്മരണകളുണർത്തി 603 ദിവസം നീളുന്ന ആഘോഷത്തിന് ഇതോടെ ഔദ്യോഗിക തുടക്കമായി.

വൈക്കം കായലോരത്തു നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി വി.എൻ.വാസവനാണ് അധ്യക്ഷത വഹിക്കുന്നത്. 15,000 പേർക്ക് ഇരിക്കാവുന്ന വലിയ പന്തലാണ് തയാറാക്കിയിട്ടുള്ളത്. തമിഴ്നാട്ടിൽനിന്നു മാത്രം 80 ബസുകളിൽ ആളുകൾ പരിപാടിയിൽ പങ്കെടുക്കുന്നു. 1000 പൊലീസുകാരെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.