തിരുവനന്തപുരം : കനത്ത നികുതികളും കടുത്ത സാമ്പത്തിക തകർച്ചയും ജനങ്ങൾ നേരിടുമ്പോൾ 50 കോടിയിലധികം രൂപ ഖജനാവിൽനിന്നു മുടക്കി സർക്കാർ വാർഷികം ആഘോഷിക്കുന്നത് അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചിൽ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിനു തുല്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പിണറായി വിജയനെ തുടർച്ചയായി 60 ദിവസം സ്തുതിക്കാനും കാരണഭൂതന്റെ ചിത്രങ്ങളിൽ പാലഭിഷേകം നടത്താനും പൂച്ച പെറ്റുകിടക്കുന്ന ഖജനവിൽനിന്ന് ഒരു രൂപപോലും ചെലവഴിക്കരുതെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
സർക്കാരിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കാനുള്ള ജില്ലാതല മെഗാ എക്‌സിബിഷന് ജില്ലക്ക് 35 ലക്ഷം രൂപ വീതം അനുവദിച്ച് ഉത്തരവിറങ്ങി. ജില്ലകൾക്കു മാത്രം 4.20 കോടി രൂപയാണ് പൊടിക്കുന്നത്. പി.ആ.ർഡിയുടെ നേതൃത്വത്തിലുള്ള ആഘോഷങ്ങൾ കൂടാതെ 44 പ്രധാന വകുപ്പുകൾ, കോർപറേഷനുകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവരോട് തനത് ഫണ്ട് വിനിയോഗിച്ച് ആഘോഷം ഗംഭീരമാക്കാനും നിർദേശമുണ്ട്.
സംസ്ഥാന സർക്കാർ കടമെടുക്കുന്ന 4,263 കോടി രൂപയിൽനിന്നാണ് ആഘോഷത്തിനു പണം കണ്ടെത്തുന്നത്. കടത്തിനു മേൽ കടം കയറ്റിവച്ച് നിത്യനിദാന ചെലവുപോലും നടത്തുന്നതിനിടയിലാണ് ആഘോഷം പൊടിപൊടിക്കുന്നത്. ക്ഷേമപെൻഷൻകാർ, കരാറുകാർ, സർക്കാർ ജീവനക്കാർ, നെൽകർഷകർ, റബർ കർഷകർ, പാചകത്തൊഴിലാളികൾ, വീൽചെയർ രോഗികൾ തുടങ്ങിയ വിവിധ ജനവിഭാഗങ്ങൾ തങ്ങൾക്കു ലഭിക്കേണ്ട പണത്തിനും ആനുകൂല്യങ്ങൾക്കും സെക്രട്ടേറിയറ്റിനു മുന്നിൽ മുട്ടിലിഴയുമ്പോഴാണ് കോടാനുകോടികൾ വൃഥാ കത്തിയമരുന്നത്.
കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുള്ള ആശ്വാസം കിരണം പദ്ധതിയിലെ ധനസഹായം മുടങ്ങിയിട്ട് രണ്ടു വർഷമായി. കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്കുള്ള പ്രതിമാസ ധനസഹായം നവംബറിനുശേഷം വിതരണം ചെയ്തിട്ടില്ല. സർക്കാർ വിഹിതം കുടിശിക ആയതിനെ തുടർന്ന് കുട്ടികൾക്കുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലാണ്.
രൂക്ഷമായ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും നില്ക്കുമ്പോൾ 4,000 കോടി രൂപയുടെ ബജറ്റ് നികുതി നിർദേശങ്ങൾ നടപ്പിൽ വന്നതോടെ ജനജീവിതം അങ്ങേയറ്റം ദുസഹമായി. പെട്രോൾ/ ഡീസൽ വില വർധന സമസ്ത മേഖലകളിലും വില വർധിപ്പിച്ചു. മരുന്നുകൾക്ക് 12 ശതമാനം വില കൂടി. വെള്ളക്കരം, പാചകവാതകം, വൈദ്യുതി, ബസ്‌കൂലി തുടങ്ങിയ എല്ലാത്തിനും ലോകത്തിലില്ലാത്ത വിലയാണ്. വസ്തുനികുതി, ഭൂമി രജിസ്‌ട്രേഷൻ, ഭൂമിയുടെ ന്യായവില തുടങ്ങിയവ കുതിച്ചു കയറി. ജീവിതഭാരം താങ്ങനാവാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നു.
സംസ്ഥാനം ഇത്രയും വലിയ പ്രതിസന്ധിയിൽക്കൂടി കടന്നുപോകുമ്പോൾ, സർക്കാരിന്റെ വാർഷികം ആഘോഷിക്കണമെന്ന് നിർബന്ധമുണ്ടെങ്കിൽ അതു പാർട്ടി ആസ്ഥാനത്ത് കെട്ടിവച്ചിരിക്കുന്ന പണം എടുത്തു മാത്രമേ ചെയ്യാവൂ എന്നും സുധാകരൻ ആവശ്യപ്പെട്ടു.