വെള്ളമുണ്ട∙ പുറത്തേക്ക് എഴുതിയ മരുന്നു വാങ്ങാൻ കാത്തു നിൽക്കാതെ പിഞ്ചുകുഞ്ഞ് നഷ്ടമായ വേദനയിൽ കാരാട്ട്കുന്ന് ആദിവാസി കോളനിയിലെ ദമ്പതികളായ ബിനീഷും ലീലയും. ആരോഗ്യ സ്ഥിതി മോശമായ ആറു മാസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ ഉണ്ടായ ദുരവസ്ഥയിൽ അമർഷവും വേദനയും ഉള്ളിലൊതുക്കി കഴിയുകയാണ് ഇവർ.
കഴിഞ്ഞ 22നാണ് കടുത്ത ചുമയും കഫക്കെട്ടും അനുഭവപ്പെട്ട കുഞ്ഞിനു ചികിത്സ തേടി ഇവർ മെഡിക്കൽ കോളജിൽ എത്തുന്നത്. കുട്ടിയെ അഡ്മിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട ദമ്പതികളോട് അതിന്റെ ആവശ്യമില്ലെന്നു പറഞ്ഞ് ഡോക്ടർ ദേഷ്യപ്പെടുകയും ഒരു മരുന്നു മാത്രം ആശുപത്രിയിൽ നിന്ന് നൽകുകയും ബാക്കിയുള്ളവ പുറത്തു നിന്നു വാങ്ങാൻ പറഞ്ഞു മടക്കി അയയ്ക്കുകയുമായിരുന്നുവെന്ന് ബിനീഷ് പറഞ്ഞു.
കയ്യിൽ പണം ഇല്ലാത്തതിനാൽ വീട്ടിലെത്തി പണം ഏർപ്പാടാക്കി പിറ്റേന്ന് മരുന്ന് വാങ്ങാം എന്നു കരുതിയെങ്കിലും മരുന്നിനു കാത്തു നിൽക്കാതെ രാവിലെ കുഞ്ഞ് മരിക്കുകയുമായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. ന്യുമോണിയയും വിളർച്ചയും ആണ് കുഞ്ഞിന്റെ മരണകാരണമായി പറയപ്പെടുന്നത്. കുട്ടി ജനിച്ച് ഒരു മാസം തികഞ്ഞപ്പോൾ മുതൽ തന്നെ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയിരുന്നതായും ദമ്പതികൾ പറഞ്ഞു.
മോശം ആരോഗ്യ സ്ഥിതിയിൽ തുടർന്ന കുട്ടിക്ക് ആവശ്യമായ ചികിത്സ ഒരുക്കാൻ ആരോഗ്യ പ്രവർത്തകരും നടപടിയെടുത്തില്ലെന്നു സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രം ജീവനക്കാർക്ക് എതിരെയും പരാതി ഉയർന്നിട്ടുണ്ട്. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഡോക്ടറുടെ ഭാഗത്ത് ചികിത്സാ പിഴവ് കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും ഒ.ആർ. കേളു എംഎൽഎ അറിയിച്ചു.
ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തു നിന്നും അശ്രദ്ധ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീഴ്ച കണ്ടെത്തിയാൽ സംഭവത്തിന് ഉത്തരവാദികളായ ആരോഗ്യ വകുപ്പ് ജീവനക്കാർ, കുട്ടിയെ പരിശോധിച്ച ഡോക്ടർ എന്നിവർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പി. ദിനീഷും അറിയിച്ചു.
ആരോപണവിധേയനായ ഡോക്ടറെ പിരിച്ചുവിട്ടതായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ കെ.കെ. മുബാറക് അറിയിച്ചു