തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശന് 12,090 രൂപ പ്രതിമാസ പെൻഷൻ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തേതുൾപ്പടെ ആറു വർഷം സേവന കാലയളവായി പരിഗണിച്ചാണ് ഉത്തരവ്. 2.88 ലക്ഷം ഗ്രാറ്റുവിറ്റിയായും 6.44 ലക്ഷം പെൻഷൻ കമ്യൂട്ടേഷനായും അനുവദിച്ചു. ബുധനാഴ്ചയാണ് ഉത്തരവിറങ്ങിയത്.
2016 ജൂൺ മുതൽ 2022 ഏപ്രിൽ വരെയായിരുന്നു പുത്തലത്ത് ദിനേശൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നത്. 1,30,000 രൂപയായിരുന്നു അന്നത്തെ ശമ്പളം. ആറു വർഷം ജോലി ചെയ്ത വകയിൽ ടെർമിനൽ സറണ്ടറായി 7,80,000 രൂപ കിട്ടുന്നതിനും പുത്തലത്ത് ദിനേശന് അർഹതയുണ്ട്. ഇക്കാര്യം ഉത്തരവിൽ പറഞ്ഞിട്ടില്ല.
നിലവിൽ സിപിഎം മുഖപത്രത്തിന്റെ എഡിറ്ററാണ് പുത്തലത്ത് ദിനേശൻ. അതേസമയം, മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി എന്ന് രേഖപ്പെടുത്തുന്നതിന് പകരം മുൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്നാണ് ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.