തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ ഉത്സവത്തിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം. സ്റ്റേജിന് മുന്നില്‍ ശല്യമുണ്ടാക്കിയവരെ മാറ്റാന്‍ ശ്രമിച്ചതിന് ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് പോലീസുകാര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍
ആര്യനാട് സ്റ്റേഷനിലെ പോലീസുകാരന്റെ മൂക്കിന്റെ പാലം തകര്‍ന്നു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂട്ടില്‍ ഉത്സവത്തിനിടെ ഒരു സംഘം പരിപാടി നടന്നിരുന്ന സ്റ്റേജിന് മുന്നില്‍ ശല്യമുണ്ടാക്കി.
ഇവരെ മാറ്റുന്നതിനിടെയാണ് പോലീസിന് നേരെ ആക്രമണമുണ്ടായത്. സംഘടിച്ചെത്തിയ
അക്രമി സംഘം പോലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ പോലീസുകാരന്റെ മൂക്കിന്റെ പാലം തകരുകയായിരുന്നു. ആര്യനാട് സ്റ്റേഷനിലെ സിപിഒ രാജേന്ദ്രനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മറ്റു പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട സ്വദേശികളായ ആകാശ്, അഖില്‍, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ മറ്റുള്ളവര്‍ക്കായും അന്വേഷണം തുടരുകയാണ്.