‘സർക്കാരിന്റെ വാർഷിക പ്രചാരണത്തിന് 120 കോടി ചെലവാക്കാനുള്ള തൊലിക്കട്ടി മുഖ്യമന്ത്രിക്കേ കാണൂ’

Advertisement

തിരുവനന്തപുരം: സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ പ്രചാരണത്തിനായി 120 കോടിരൂപ ചെലവഴിക്കാനുള്ള തൊലിക്കട്ടി കേരള മുഖ്യമന്ത്രിക്കേ കാണൂ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിക്കായി നടത്തുന്ന പിആർ ക്യാംപെയ്നുവേണ്ടിയാണ് ഇത്രയും തുക ചെലവഴിക്കുന്നത്. ലോക കേരള സഭയെന്ന പേരിൽ വിദേശത്തേക്കു ടൂർ പോകാൻ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. പഞ്ചായത്തുകളുടെ പദ്ധതിവിഹിതം പോലും നൽകിയില്ല. കർഷകർക്ക് 200 കോടിരൂപ കൊടുക്കാനുണ്ട്. ക്ഷേമപെൻഷൻ കൊടുക്കുന്നില്ല. കെഎസ്ആർടിസിയെ വഴിയിൽ ഉപേക്ഷിച്ചു. ശമ്പളം ലഭിക്കാത്തതിനാൽ സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. 10 ലക്ഷത്തിനു മുകളിലുള്ള ചെക്കുകൾ ട്രഷറിയിൽ മാറുന്നില്ല. ഏറ്റവും കൂടുതൽ ജപ്തിയുണ്ടാകുന്ന കാലമായിട്ടും സർക്കാർ ഇടപെടാതെ മാറിനിൽക്കുകയാണ്. പൊലീസ് ജീപ്പിന് ഡീസൽ അടിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതിനിടയിലാണ് 5,000 കോടിയുടെ നികുതി ജനങ്ങളിൽ അടിച്ചേൽപ്പിച്ചതെന്നും വി.ഡി.സതീശൻ പറഞ്ഞു.