തിരുവനന്തപുരം: എലത്തൂർ ട്രെയിൻ ആക്രമത്തിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ട കെ.പി. നൗഫീഖ്, റഹ്‌മത്ത്, സഹ്‌റ ബത്തൂൽ എന്നിവരുടെ ആശ്രിതർക്ക് -കുടുംബത്തിന് തുക നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു..
ആലപ്പുഴ കണ്ടങ്കരി, ദേവീ വിലാസം ഹയർ സെക്കണ്ടറി സ്‌കൂളിൽ സയൻസ് ബാച്ചിൽ ഒമ്പത് തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. എം.എ. യൂസഫലി നൽകിയ രണ്ട് കോടിരൂപ വിനിയോഗിക്കും. പുറ്റിങ്ങൽ വെട്ടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും നൽകുന്നതിന് പ്രമുഖ വ്യവസായി എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ രണ്ട് കോടി രൂപ വിനിയോഗിക്കാൻ തീരുമാനിച്ചു.
മരണപ്പെട്ട 109 പേരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപവീതം നൽകും. ഗുരുതര പരിക്കേറ്റ 209 പേർക്ക് 30,000 രൂപയും നിസ്സാര പരിക്കേറ്റ 202 പേർക്ക് 14,000 രൂപയുമാണ് നൽകുക.
കരാർ ഒപ്പുവക്കും
കെ.എസ്.ഇ.ബി. മുഖേന കേരള ഗ്രീൻ എനർജി കോറിഡോർ പദ്ധതി നടപ്പാക്കുന്നതിന് ജർമ്മൻ ബാങ്കായ കെ.എഫ്.ഡബ്ല്യൂവിൽ നിന്ന് ലോൺ ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ, കെ.എസ്.ഇ.ബി., കെ.എഫ്.ഡബ്ല്യൂ എന്നിവർ ചേർന്ന് പ്രൊജക്ട് എഗ്രിമെന്റ് ഒപ്പുവക്കുന്നതിന് അനുമതി നൽകി.
സേവനകാലാവധി ദീർഘിപ്പിക്കും
സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ ആരംഭിച്ച മെയിന്റിനൻസ് ട്രൈബ്യൂണലുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന 25 ടെക്‌നിക്കൽ അസിസ്റ്റന്റ്മാരുടെ സേവനം ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചു.
സർക്കാർ ഗ്യാരണ്ടി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് ഹഡ്‌കോയിൽ നിന്ന് 3,600 കോടി രൂപ വായ്പ എടുക്കാൻ വിഴിഞ്ഞം അന്താരാഷ്ട്ര സീ പോർട്ട് ലിമിറ്റഡിന് സംസ്ഥാന സർക്കാർ ഗ്യാരണ്ടി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. .