മാധ്യമ പ്രവർത്തകന്റെ വീടിന് നേരെ ലഹരി -​ഗുണ്ടാ മാഫിയയുടെ ആക്രമണം; ആക്രമണം നടത്തിയത് വാറ്റുചാരായം വിൽക്കാനെത്തിയത് ചോദ്യം ചെയ്തതിന്റെ പേരിൽ

Advertisement

കൊല്ലം: ലഹരി കച്ചവടം ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകന്റെ വീട് ലഹരി മാഫിയ ആക്രമിച്ചു. മീഡിയ മം​ഗളം ഡെപ്യുട്ടി ന്യൂസ് എഡിറ്റർ കല്ലട ശ്രീകുമാറിന്റെ വീടാണ് ലഹരി സംഘം ആക്രമിച്ചത്.

കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട ഐത്തോട്ടുവയിലുള്ള വീട്ടിൽ പത്തോളം ​ഗുണ്ടാ സംഘം നടത്തിയ ആക്രമണത്തിൽ ശ്രീകുമാറിനും അമ്മ വിജയമ്മക്കും ചെറിയച്ഛനും പരിക്കേറ്റു. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ​ഗുണ്ടാ സംഘം പൊലീസ് എത്തിയതോടെ ഓടി രക്ഷപെടുകയായിരുന്നു. പ്രദേശത്തെ ലഹരി/ ക്രിമിനൽ സംഘങ്ങളുടെ നേതാവ് വിളന്തറ സ്വദേശി നന്ദു, വിളന്തറ വെട്ടോലിക്കടവ് സ്വദേശി അരുൺ, നാടൻപാട്ട് കലാകാരൻ പ്രകാശ് കുട്ടന്റെ മകൻ ബുദ്ധപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

കഴിഞ്ഞ ദിവസം വൈകിട്ട് അ‍ഞ്ചരയോടെയാണ് സംഭവം. ബുദ്ധപ്രകാശ് എന്നയാൾ ശ്രീകുമാറിന്റെ വീട്ടുമുറ്റത്ത് ചാരായം അടങ്ങിയ കന്നാസും മറ്റ് വാറ്റ് ഉപകരണങ്ങളുമായി സ്കൂട്ടർ കൊണ്ടുവച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. പ്രദേശത്തെ അരുൺ എന്നയാളുടെ വീട്ടിൽ നൽകാൻ കൊണ്ടുവന്ന ചാരായം ആരുടെയും ശ്ര​ദ്ധയിൽപെടാതിരിക്കാൻ ശ്രീകുമാറിന്റെ മതിൽക്കെട്ടിനുള്ളിൽ കയറ്റിവെക്കുകയായിരുന്നു. ഇതിനെ ശ്രീകുമാർ ചോദ്യം ചെയ്തതോടെ നന്ദുവിന്റെ നേതൃത്വത്തിലുള്ള ​ഗുണ്ടാ സംഘം ശ്രീകുമാറിനെയും അവിടെയുണ്ടായിരുന്നവരെയും മർദ്ദിക്കുകയും ചാരായം അവിടെ ഉപേക്ഷിച്ച് വാഹനവുമായി സ്ഥലം വിടുകയുമായിരുന്നു. പത്തോളം സംഘം അരമണിക്കൂറോളം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരെയും സംഘം ഭീഷണിപ്പെടുത്തികയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സൈനികനാണ് താനെന്ന് ആക്രോശിച്ചായിരുന്നു പ്രധാന പ്രതിയായ അരുൺ അക്രമം നടത്തിയത്. എന്നാൽ, ഇയാൾ ഇന്ത്യൻ കോഫീ ഹൗസിലെ ജീവനക്കാരനാണെന്ന് നാട്ടുകാർ പിന്നീട് തിരിച്ചറിയുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ബുദ്ധപ്രകാശിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

പടിഞ്ഞാറെ കല്ലടയിൽ നന്ദുവിന്റെ നേതൃത്വത്തിലുള്ള ​ഗുണ്ടാ – ലഹരി മാഫിയ സംഘത്തിന് വലിയ ബന്ധങ്ങളാണുള്ളത്. പ്രദേശങ്ങളിലെ ചെറിയ സുഹൃദ് സംഘങ്ങളിലെ പ്രധാനികളുമായി ആദ്യം ചങ്ങാത്തം സ്ഥാപിക്കുന്നതും പിന്നീട് ചെറിയ അളവിൽ മദ്യവും കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും സൗജന്യമായി നൽകി ഒപ്പം നിർത്തുകയുമാണ് ഇവരുടെ ആദ്യപടി. ലഹരിക്ക് അടിമയാകുന്ന ഇത്തരം കൗമാരക്കാരെ ഉപയോ​ഗിച്ചാണ് മറ്റ് കുട്ടികളെ കഞ്ചാവിനും വാറ്റുചാരായത്തിനും മറ്റുമുള്ള ഉപഭോക്താക്കളാക്കി മാറ്റുന്നത്. പഞ്ചായത്തിന്റെ എല്ലാ പ്രദേശത്തും ഇവർക്ക് കണ്ണികളുണ്ട്. എല്ലാ പ്രദേശങ്ങളും കോന്ദ്രീകരിക്കാനും ചോദ്യം ചെയ്യുന്നവരെ കയ്യേറ്റം ചെയ്യാനും ഇവർക്ക് നിഷ്പ്രയാസം സാധിക്കുന്നു. അതുകൊണ്ട് തന്നെ നാട്ടുകാർ ഇവരെ ഭയന്ന് ഒന്നും മിണ്ടാറുമില്ല.

Advertisement