സുഗതൻ എൽ. ശൂരനാട്
ഒരു മധ്യവേനൽ അവധിക്കാലം കൂടി നമ്മുടെ കുട്ടികൾക്ക് മുന്നിലെത്തിയിരിക്കുന്നു. മധ്യവേനൽ അവധി കാലം എന്നും രക്ഷിതാക്കളുടെ പക്ഷത്ത് പേടി സ്വപ്നം തന്നെ. സ്കൂൾ ദിവസങ്ങളിൽ രക്ഷിതാക്കൾക്ക് ഒരു പരിധിവരെ മനസമാധാനം ഉള്ള സ്ഥിതിയായിരുന്നു. എന്നാൽ ആധുനിക കാലഘട്ടത്തിലെ അവധിക്കാലം പല കാരണങ്ങൾ കൊണ്ട് ആധിയുടെയും അങ്കലാപ്പിന്റെയും നേർ കാഴ്ചയാവുകയാണ്.കഴിഞ്ഞ കാലങ്ങളിൽ അവധിക്കാലത്തെ പലവിധ അപകടങ്ങളിലൂടെ മാത്രം നമുക്ക് നഷ്ടപ്പെട്ടത് നിരവധി വിലപ്പെട്ട ജീവനുകളാണ്. പ്രതീക്ഷകളാണ്. വേനലവധിക്കാലം നമ്മുടെ കുട്ടികൾക്ക് എങ്ങനെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കാലമാക്കി മാറ്റാം.
💥നീരൊഴുക്ക് അറിയാതെ
ജലാശയങ്ങളിലെ അപകടങ്ങൾ ആണ് അവധിക്കാലത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് മിക്കതും സംഭവിച്ചിട്ടുള്ളത് രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ അത്തരം സ്ഥലങ്ങളിൽ പോയിട്ടുള്ളവർക്കുമാണ്. ആയതിനാൽ നീന്തൽ വശമില്ലാത്ത കുട്ടികളെ ഒരു കാരണവശാലും രക്ഷിതാക്കളുടെയോ മറ്റ് ഉത്തരാവാദിത്ത്വപ്പെട്ടവരുടെയോ സാന്നിധ്യം ഇല്ലാതെ ജലാശയങ്ങളിൽ പോകാൻ അനുവദിക്കരുത്. ജലാശയങ്ങളുടെ ആഴവും പരപ്പും മറ്റ് പ്രത്യേകതകളും വ്യക്തമായി മനസിലാക്കിയതിന് ശേഷം മാത്രം പോവുക. (ഒഴിവുകാലം നീന്തൽ പഠിപ്പിക്കുന്ന കേന്ദ്രങ്ങളിൽ കുട്ടികളെ പഠിപ്പിക്കാം )
💥സോഷ്യൽമീഡിയ പിടിമുറുക്കുമ്പോൾ
ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് കുട്ടികളിൽ സോഷ്യൽമീഡിയകളുടെ ഉപയോഗവും ദുരുപയോഗവും. കോവിഡ് കാലത്തിനു മുൻപ് എന്താണോ കുട്ടികൾക്ക് നിഷിദ്ധമായത്, അത് കോവിഡ് കാലത്ത് അവരെ അടിച്ചേൽപ്പിച്ച സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്. ഇനി അത് ഉപയോഗിക്കരുത് എന്ന് പറയുന്നത് ന്യായമല്ല. കൊച്ചു കുട്ടികൾ പിറന്ന് വീഴുമ്പോഴേ കാണുന്ന ഒരു വസ്തുവായി മൊബൈൽ ഫോണ്‍ മാറി കഴിഞ്ഞു.
ബാലാവകാശ കമ്മീഷൻ പോലും കുട്ടികൾക്ക് മൊബൈൽ ഉപയോഗം അനുവദിച്ച സ്ഥിതിക്ക് അത് നമ്മുടെ കുട്ടികൾ എങ്ങനെ ഇനിയുള്ള കാലം ക്രിയാത്മകമായി ഉപയോഗിക്കാം എന്നുള്ളതാണ്. നമ്മുടെ കുട്ടികളെല്ലാം വ്യത്യസ്ത മേഖലകളിൽ കഴിവുള്ളവരാണ്. അവരുടെ കഴിവുകൾ നേരത്തെ തന്നെ കണ്ടെത്തി ആ മേഖലയിലുള്ള അറിവുകൾ സോഷ്യൽ മീഡിയ വഴി കൂടുതൽ ആർജിക്കുവാനും അത് പ്രായോഗിക തലത്തിൽ എത്തിക്കുവാനും നമ്മുടെ സഹായങ്ങൾ അവർക്ക് വാഗ്ദാനം ചെയ്യാം.
രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വ്യക്തമായ സമയ മാനദണ്ഡത്തോടെ കമ്പ്യൂട്ടർ ഗെയിമോ കാർട്ടൂണുകളോ മറ്റ് താല്പര്യമുള്ള ആപ്ലിക്കേഷനുകളോ പരിചയപ്പെടുത്താം. (അത് വിശ്വാസമുള്ള കമ്പ്യൂട്ടർ സ്ഥാപനങ്ങളിൽ വിട്ടുമാകാം )രക്ഷിതാക്കൾ കിട്ടുന്ന സമയം അവരുടെ സന്തോഷത്തിനായി മാറ്റിവെയ്ക്കുക. കാരണം അധ്യയന സമയത്ത് കൂടുതൽ സമയവും അവർ സ്‌കൂളിലാണല്ലോ. ഇത് ബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കാൻ നല്ലതാണ്.
💥 വീട്ടിലെ ഏകാന്തത
പല വീടുകളിലും പകൽ സമയങ്ങളിൽ രക്ഷിതാക്കൾ ഇല്ലാത്ത അവസ്ഥയുണ്ട്. ഇത് മറ്റൊരു വലിയ പ്രതിസന്ധിയാണ്.ഈ കാലഘട്ടത്തിൽ ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികളെ വീട്ടിൽ ഒറ്റക്കിരുത്തി പോകുന്നത് അപകടകരമാണ്.ഈക്കാലത്ത് എല്ലാ ബന്ധുവീടുകളും കൂട്ടുകാരുടെ വീടുകളും ഒരേപോലെ സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനായി നമ്മുടെ പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ ഓരോ വാർഡുകളിലും കുട്ടികളുടെ സംരക്ഷണത്തിനായി താൽക്കാലിക സൗകര്യങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.അല്ലാത്ത പക്ഷം ഓരോ കുട്ടിയുടെയും സുരക്ഷിതത്വം രക്ഷകർത്താക്കൾ തന്നെ ഏറ്റെടുത്തേ മതിയാകൂ. ഇപ്പോൾ മിക്കവാറും എല്ലാ സ്ഥലങ്ങളിലും കുട്ടികളുടെ വേനൽ ക്യാമ്പുകൾ നടക്കുന്നുണ്ട്. കുട്ടികളെ ഇത്തരം ക്യാമ്പുകളിൽ പരമാവധി പങ്കെടുപ്പിക്കുക. ഈ കാലത്ത് ഏതെങ്കിലും ഒരു പുതിയ അറിവ്/കഴിവ് ആർജിച്ചെടുക്കാൻ നമുക്ക് ആവശ്യപ്പെടാം. അത് ഏതെങ്കിലും തരത്തിലും ആർട്ട് ആകാം, പുതിയ ഭാഷ ആകാം, പ്രസംഗ കല ആകാം, സംഗീതമാകാം, ക്രാഫ്റ്റ് നിർമാണം ആകാം, ഏതെങ്കിലും ചെറിയ വരുമാന സ്രോതസ് ആകാം. അവരുടെ ഇഷ്ടം അനുസരിച്ച് തീരുമാനിക്കുക
💥അവധിക്കാലത്തെ കൂട്ടുകെട്ടുകൾ
തന്റെ കുട്ടി ഇപ്പോൾ എവിടെയാണ് , എപ്പോൾ പോകുന്നു, എപ്പോൾ വരുന്നു, കൂടെയുള്ളതാരാണ്, അവനെന്തൊക്ക കഴിക്കുന്നു, കുടിക്കുന്നു, ഏതൊക്കെ വിനോദങ്ങളിൽ ഏർപ്പെടുന്നു, ഇത്യാദി കാര്യങ്ങളിലൊക്കെ രക്ഷിതാക്കൾ ശ്രദ്ധിക്കണം. മോശമായ കൂട്ടുകെട്ടുകളിലൂടെയാണ് ഒരു കുട്ടി നല്ലതോ ചീത്തയോ ആകുന്നത്. മയക്കുമരുന്ന് ലോബികൾ നമ്മുടെ കൊച്ചുകേരളത്തെ ശക്തമായി പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു .ഇത്തരം ലോബിയെ നിലക്ക് നിർത്തുവാൻ ഭരണകൂടം മാത്രം വിചാരിച്ചാൽ പോരാ. ഓരോ രക്ഷിതാവും ചിന്തിക്കുന്നത് എന്റെ കുട്ടി അങ്ങനെ പോകില്ല എന്നാണ് . എന്നാൽ ഇത് നാളെ നമ്മുടെ കുട്ടിയ്ക്ക് വന്നുകൂടായ്കയില്ല.നമ്മുടെ കുട്ടികളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം നാമോരോരുത്തരും ഏറ്റെടുക്കണം.
💥 നിരത്തുകളിലെ നെടുവീർപ്പുകൾ
പതിനഞ്ചിൽ താഴെ മാത്രം പ്രായമുള്ള കുട്ടികളെക്കൊണ്ട് സ്‌കൂട്ടർ ഓടിപ്പിച്ചിട്ട് , തലയുയർത്തിപ്പിടിച്ച് വളരെ അഭിമാനത്തോടെ പിറകിൽ ഇരിക്കുന്ന രക്ഷിതാക്കൾ ഇന്ന് നമ്മുടെ നിരത്തുകളിലെ സ്ഥിരം കാഴ്ചയാണ്. നിരവധി അപകടങ്ങളാണ് ഇത്തരത്തിൽ ഉണ്ടായിട്ടുള്ളത്. ഈ കേസുകളിൽ കുറ്റക്കാരായ രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കുവാൻ നിയമ നിർമ്മാണം നടത്തിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ അതിപ്രസരം മൂലം പല കേസുകളിലും നടപടി എടുക്കുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇരുചക്ര വാഹനം ഓടിക്കുവാനുള്ള ലൈസെൻസ് ലഭിച്ചതിന് ശേഷം മാത്രമേ വാഹനം കൊടുത്തുവിടൂ എന്ന തീരുമാനം ഓരോ രക്ഷിതാക്കളും എടുക്കണം. ചില വീടുകളിലെ കുട്ടികൾ മൊബൈൽ, ബൈക്ക് തുടങ്ങിയവക്ക് വേണ്ടി ആത്മഹത്യാ ഭീഷണിമുഴക്കുകയും അത് നേടിയെടുക്കുന്നതിൽ വിജയിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം നിർബന്ധങ്ങളുടെ പ്രധാന കാരണം ചെറുപ്പം മുതൽ കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ചു രക്ഷിതാക്കൾ ഓരോന്നും ചെയ്തു കൊടുക്കുന്നത് കൊണ്ട് മാത്രമാണ്.
ചെറുപ്പത്തിലേ കുട്ടികളുമായി നല്ല ബന്ധം വളർത്തിയെടുക്കുവാൻ ശ്രദ്ധിച്ചാൽ അത്തരം നിർബന്ധബുദ്ധികളിൽ നിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കുവാൻ സാധിക്കുമെന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല.
ജീവിതത്തിലെ പ്രതിസന്ധികളും വിഷമങ്ങളും അറിയിച്ചു തന്നെ അവരെ വളർത്തുക. കുട്ടികളെ രക്ഷിതാക്കളുടെ ജോലി സ്ഥലത്തും മറ്റും കൊണ്ട് പോവുക. വീട്ടിലെ ഓരോ മാസത്തേയും വരവ് ചെലവ് കണക്കുകൾ അവരെ കൊണ്ട് തയ്യാറാക്കിക്കുക.
എല്ലാ കൊച്ചുകൂട്ടുകാർക്കും ഒരു നല്ല വേനൽ അവധിക്കാലം ആശംസിക്കുന്നു.
(സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ആണ് ലേഖകന്‍) കൊല്ലം, 9496241070