മുലപ്പാലടക്കം നിഷേധിക്കപ്പെട്ടു; ഒന്നര വയസ്സുള്ള മകനെ വിട്ടുകിട്ടണമെന്ന് പോക്സോ അതിജീവിത

Advertisement

മലപ്പുറം: പതിനാലു വയസ്സുകാരിയായ പോക്സോ അതിജീവിതയുടെ ഒന്നര വയസ്സുകാരനായ മകനെ അമ്മയില്‍നിന്ന് വേര്‍പിരിച്ചതായി പരാതി. കഴിഞ്ഞ അഞ്ചു മാസമായി മലപ്പുറം മഞ്ചേരിയിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയാണ് മകനെ വിട്ടുകിട്ടണം എന്ന ആവശ്യവുമായി അലയുന്നത്. പെൺകുട്ടി പോക്സോ കേസില്‍ ഇരയാണെന്ന വിവരം പുറത്തറിഞ്ഞതോടെ 2022 നവംബറിലാണ് അമ്മയെയും കുഞ്ഞിനെയും മഞ്ചേരിയിലെ ഷെല്‍ട്ടര്‍ ഹോമില്‍ പ്രവേശിപ്പിച്ചത്.

അതിജീവിതയെയും കുഞ്ഞിനെയും സംരക്ഷിക്കാന്‍ തയാറാണെന്നും വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് പിതൃസഹോദരി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അടുത്ത ബന്ധുവിനൊപ്പം താമസിക്കാന്‍ 14 വയസ്സുകാരിക്ക് അനുമതി ലഭിച്ചു. എന്നാല്‍ ഒന്നര വയസ്സുകാരനായ മകനെ ഒപ്പം കൂട്ടാനാകില്ല.

കുട്ടി സിഡബ്ല്യുസിയുടെ സംരക്ഷണയില്‍ തുടരട്ടെ എന്ന നിലപാടാണ് അതിജീവിതയെ വേദനിപ്പിക്കുന്നത്. ഇതോടെ ഒന്നര വയസ്സുകാരന് മുലപ്പാലടക്കം നിഷേധിക്കപ്പെടുകയാണ്. അഞ്ചാം ക്ലാസ് വരെ മാത്രം സ്കൂളില്‍ പോയിട്ടുളള അതിജീവിതയെക്കൊണ്ട് പ്രായപൂര്‍ത്തിയാകും വരെ കുട്ടിയെ കൂടാതെ തനിച്ചു താമസിക്കാന്‍ തയാറാണെന്ന് എഴുതി വാങ്ങിയതായും പരാതി ഉയര്‍ന്നു.

Advertisement