പുനലൂർ: നഗരസഭയിലെ ഭൂരഹിത – ഭവന രഹിതർക്കായുള്ള ഫ്ലാറ്റ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. തുടർന്ന് കലയനാടുള്ള പുനലൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ പി.എസ് സുപാൽ എം.എൽ.എ അദ്ധ്യക്ഷനായി . കേരള ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഫ്ലാറ്റിൻ്റെ താക്കോൽ കൈമാറുന്ന ചടങ്ങ് നിർവ്വഹിച്ചു. ലൈഫിൻ്റെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഏറ്റവും കൂടുതൽ പ്രായമുള്ള 82 വയസ്സുള്ള വിധവയായ നേതാജി വാർഡിലെ കൈപ്പള്ളി ഇലഞ്ഞിക്കൽ പുത്തൻവീട്ടിൽ ഫരീദാബീബിയക്ക് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് താക്കോൽ കൈമാറിയത്.തുടർന്ന് മന്ത്രി ഫ്ലാറ്റ് സന്ദർശിക്കുകയും ഫ്ലാറ്റിൻ്റെ സൗകര്യങ്ങളും, നിർമ്മാണ രീതികളും പരിശോധിക്കുകയും ചെയ്തു.തുടർന്ന് അവിടെ സ്ഥാപിച്ചിരുന്ന ശിലാഫലകം അനാഛാദനം നടത്തി.ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഓൺലൈനായി ആശംസകൾ അറിയിച്ചു.സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ മുഖ്യ അഥിതിയായി. നഗരസഭാ ചെയർപേഴ്സൺ ബി.സുജാത ,വൈസ് ചെയർമാൻ ഡി. ദിനേശൻ, മരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബിനോയി രാജൻ, വിവിധ സ്റ്റാൻ്റിംഗ് കമ്മറ്റി അദ്ധ്യക്ഷൻ മാരായ പുഷ്പലത, പി.എ അനസ്, വസന്ത രഞ്ജൻ, വാർഡ് കൗൺസിലർമാരായ വി.പി ഉണ്ണികൃഷ്ണൻ, ജ്യോതി സന്തോഷ്, എസ് സതേഷ്, ജയപ്രകാശ് ,മുൻ നഗരസഭ ചെയർമാൻമാരായ എം.എ രാജഗോപാൽ, കെ.എ ലത്തീഫ്, നേതാക്കളായ എസ്.ബിജു, നെൽസൺ സെബാസ്റ്റ്യൻ ,ഡി ധർമ്മരാജൻ, എന്നിവർ പങ്കെടുത്തു.
നഗരസഭയുടെ അധീനതയിലുള്ള പ്ലാച്ചേരിയിലെ 50 സെൻ്റ് സ്ഥലത്താണ് ലൈഫ്മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ഫ്ലാറ്റ്നിർമ്മിച്ചിരിക്കുന്നത് .
ഭൂരഹിത ഭവന രഹിതരായിട്ടുള്ള നഗരസഭയിലെ 42 കുടുംബങ്ങൾക്ക് ഇവിടെ താമസ സൗകര്യമൊരുക്കും. കൂടാതെ ഒരു അംഗൻവാടിയും, ഒരു വയോജന കേന്ദ്രവും ഉൾപ്പടെ മൊത്തം 44 ഫ്ലാറ്റുകൾ ആണ് പണി തീർന്നത്. ലൈഫ്മിഷൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് മുഖ്യമന്ത്രി തന്നെ തറക്കല്ലിട്ട് നിർമ്മാണം ആരംഭിച്ച പദ്ധതിയാണിത്.
സംസ്ഥാനത്തെ മറ്റു മൂന്നു ലൈഫ് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്കൊപ്പം പുനലൂരിലും ഇന്നലെ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലാണ് സമുച്ചയം ഉദ്ഘാടനം ചെയ്തത്.
നാല് നിലകളിലായി 28857 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ ഓരോ കുടുംബത്തിനും ,ഒരു ഹാൾ, ബഡ്റും, അടുക്കള ,മനോഹരമായ ബാൽക്കണി, കുളി മുറി, കക്കൂസ് എന്നിങ്ങനെ ഒരു ഫ്ലാറ്റിന് 511 സ്ക്വയർ ഫീറ്റിലാണ് സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത് .കെട്ടിടം പ്രീ-ഫാബ് ടെക്നോളജി ഉപയോഗിച്ച് ലൈറ്റ് ഗേജ് സ്റ്റീൽസ് ട്രക്ചർ നിർമ്മാണ രീതിയാണ് അവലംബിച്ചിരിക്കുന്നത് .ഗുജറാത്ത് ആസ്ഥാനമായ മിറ്റ്സുമി ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഫ്ലാറ്റിൻ്റെ നിർമ്മാണം പൂർണ്ണമായും നിർവ്വഹിച്ചിരിക്കുന്നത്. പ്രകൃതി സൗഹൃദ നിർമ്മാണമാണ് ഇതിൻ്റെ പ്രത്യേകത. പാറ, കട്ട, മണൽ, സിമൻ്റ് എന്നിവയുടെ ഉപയോഗം 20 % മാത്രമാണ്.സ്റ്റീൽ ചാനൽ ഉപയോഗിച്ച് സ്ട്രക്ചർ നിർമ്മിച്ച ശേഷം ഫൈബർ സിമൻ്റ് ബോർഡുകൾ ഉപയോഗിച്ചാണ് ചുവര് പൂർണമായും നിർമ്മിച്ചിരിക്കുന്നത് .കൂടാതെ സോളാർ സംവിധാനം, ജനറേറ്റർ ,മാലിന്യ സംസ്ക്കരണ പ്ലാൻ്റ്, സീവേജ് വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.പ്രകൃതിക്ഷോഭത്തെ അതിജീവിക്കാൻ കഴിയുന്ന നിലയിലാണ് ഇതിൻ്റെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയി,രിക്കുന്നത് .കാറ്റ്, തീയ്, ചൂട് എന്നിവയെ അതിജീവിക്കാൻ കഴിയും. അന്തരീക്ഷ ഊക്ഷ്മാവിൽ നിന്നും 10 ഡിഗ്രി സെൽഷ്യസ് ഇതിനകത്ത് എപ്പോഴുംകുറവായിരിക്കും എന്ന പ്രത്യേകത എടുത്ത് പറയേണ്ടതാണ്.ഇതിനായി ചുവർ നിർമ്മിക്കുന്നതിന് ഉപയോഗിച്ചിട്ടുള്ള ഫൈബർ സിമൻ്റ് ബോർഡുകളുടെ ഇടയിലായി കട്ടിയുള്ള അലൂമിനിയം ഫോയിലും, റോക്ക് വൂളും ആണ് നിറച്ചിരിക്കുന്നത്. ഇത് പുറത്ത് നിന്നുള്ള ചൂടിനേയും, ശബ്ദത്തിനേയും പ്രതിരോധിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.