പത്തനംതിട്ട: അമ്പലത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ വിപ്ലവഗാനം പാടണമെന്നാവശ്യപ്പെട്ട് സംഘര്‍ഷം. പത്തനംതിട്ട വള്ളംകുളം നന്നൂര്‍ ക്ഷേത്ര ഉത്സവത്തിനിടെ ശനിയാഴ്ച രാത്രി 11.45-ഓടെയായിരുന്നു സംഭവം. ആര്‍എസ്എസ് രണഗീതമായ ‘നമസ്കരിപ്പൂ’ എന്ന ഗാനം പാടിയതിന് പിന്നാലെ, ‘ബലികുടീരങ്ങളെ’ എന്ന ഗാനം പാടണമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. തിരുവല്ല സബ് ഇന്‍സ്പെക്ടര്‍ അടക്കമുള്ള പോലീസുകാര്‍ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നു. ഗാനമേള തടസ്സപ്പെടുത്തിയെന്നും ക്ഷേത്രോത്സവം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്നും കാട്ടി ക്ഷേത്ര ഉപദേശക സമിതിയും ഉത്സവ കമ്മിറ്റി ഭാരവാഹികളും തിരുവല്ല പോലീസില്‍ പരാതി നല്കി.