കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്. കെ. മാണിയുടെ മകന്‍ കെ. എം. മാണി ഓടിച്ച വാഹനം ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. അപകടത്തില്‍ ജോസ്.കെ. മാണിയുടെ മകന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു.
മാണിയുടെ മകന്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ചാണ് സഹോദരങ്ങളായ യുവാക്കളാണ് മരിച്ചത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ ബൈക്ക് മണിമല ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്നാണ് ബൈക്ക് പിന്നില്‍ ഇടിച്ച് കയറിയതെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.
ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമുണ്ടായപ്പോള്‍, ജോസ് കെ മാണിയുടെ മകനെ രക്ഷിക്കാന്‍ പൊലീസ് ശ്രമം നടത്തിയതായി ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്ന് വാഹനാപകടത്തില്‍ ജോസ്.കെ. മാണിയുടെ മകന്‍ 19 കാരനായ കെ. എം. മാണിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടുവെന്ന് പൊലീസ് പറയുന്നു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി.