ക്ഷേത്രോത്സവ ഗാനമേളയിൽ ‘ബലികുടീരങ്ങളെ’ പാടണം എന്നാവശ്യപ്പെട്ട് സംഘർഷം

Advertisement

തിരുവല്ല: വള്ളംകുളം നന്നൂർ ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ വിപ്ലവഗാനം പാടണം എന്നാവശ്യപ്പെട്ട് പൊലീസ് നോക്കി നിൽക്കെ സി.പി.എം പ്രവർത്തകരുടെ സംഘർഷം. കഴിഞ്ഞ ദിവസം രാത്രി 11 ഓടെ ആലപ്പുഴ ക്ലാപ്സിന്റെ നേതൃത്വത്തിൽ നടന്ന ഗാനമേളക്കിടയായിരുന്നു സംഭവം. ഗാനമേള സംഘം എത്തിയ വാഹനം ക്ഷേത്രത്തിനു സമീപം തടഞ്ഞുനിർത്തി ‘ബലികുടീരങ്ങളെ’ പാടണമെന്ന് സി.പി.എം പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.

ഗാനമേള അവസാനിക്കാൻ രണ്ട് പാട്ടുകൾ ബാക്കി നിൽക്കെ ‘നമസ്കരിപ്പു ഭാരതം അങ്ങയെ’ ആലപിച്ചതിന് പിന്നാലെ ‘ബലികുടീരങ്ങളെ’ പാടണം എന്നാവശ്യപ്പെട്ട് ഒരു സംഘം വേദിക്ക് മുന്നിലെത്തി. ഇതോടെ കമ്മിറ്റി ഭാരവാഹികളുടെ നിർദേശപ്രകാരം കർട്ടൻ താഴ്ത്തി. ഇതോടെ ബഹളക്കാർ സ്റ്റേജിലെ കർട്ടൻ വലിച്ചു കീറി.

ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ ഉൾപ്പെടെ അസഭ്യം പറഞ്ഞു. ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ തിരുവല്ല സ്റ്റേഷനിൽ നിന്നും എത്തിയ എസ്.ഐ ഉൾപ്പടെ പത്തോളം പൊലീസുകാർ കാഴ്ചക്കാരായി നിന്നു.

സംഭവം ഉണ്ടായതിന്റെ തൊട്ടടുത്ത ദിവസം ക്ഷേത്ര പരിപാടി ഉദ്ഘാടനം ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. കെ. അനന്ത ഗോപൻ എത്തുന്നതിൽ ചില പ്രാദേശിക ഡി.വൈ.എഫ് ഐ പ്രവർത്തകർക്ക് എതിർപ്പ് ഉണ്ടായിരുന്നുവെന്നും, മനപൂർവം പ്രശ്നം ഉണ്ടാക്കി അദ്ദേഹത്തെ പങ്കെടുപ്പിക്കാതിരിക്കാനാണ് ഈ പ്രശ്നം ഉണ്ടാക്കിയതെന്നുമാണ് നാട്ടുകാർ പറയുന്നത്. ക്ഷേത്ര കമ്മിറ്റിയുടെ പരാതിയിൽ പൊലീസ് നടപടിയെടുക്കാത്തതിൽ ഭക്തർക്കിടയിൽ അമർഷമുണ്ട്.

Advertisement