തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റിയ കേസിലെ പുനഃപരിശോധന ഹർജി ലോകായുക്ത തള്ളി. വ്യത്യസ്ത അഭിപ്രായമുള്ളതിനാലാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടതെന്നും നിയമപ്രകാരമാണ് ഇതെന്നും അപ്പീൽ നിലനിൽക്കാത്തതാണെന്നും ലോകായുക്ത പറഞ്ഞു. വിശദമായി വാദം കേട്ട ശേഷമാണ് പുനഃപരിശോധന ഹർജി തള്ളിയത്. എന്തുകൊണ്ട് ഹർജിക്കാരന് സഹകരിച്ചുകൂടാ എന്നും ലോകായുക്ത ചോദിച്ചു.
അതേസമയം, പ്രതീക്ഷിച്ച വിധിയാണെന്നും നിയമ പോരാട്ടം തുടരുമെന്നും ഹർജിക്കാരനായ ആർ.എസ്. ശശികുമാർ പ്രതികരിച്ചു.
2018 സെപ്റ്റംബർ 27നാണ് ദുരിതാശ്വാസനിധി ദുരുപയോഗം സംബന്ധിച്ച ഹർജി സമർപ്പിക്കപ്പെട്ടത്. മുഖ്യമന്ത്രിയും ഒന്നാം പിണറായി സർക്കാറിലെ മന്ത്രിമാരും ചേർന്ന് ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രന്റെയും അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെയും കുടുംബത്തിനും, കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തിൽപെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽനിന്ന് പണവും മറ്റ് ആനുകൂല്യങ്ങളും നൽകിയെന്നാരോപിച്ചായിരുന്നു ഹർജി. വിചാരണവേളയിൽ ലോകായുക്തയുടെ ഭാഗത്തുനിന്ന് സർക്കാർ അനുകൂല പരാമർശങ്ങളുണ്ടായിരുന്നു. ഒടുവിൽ ഭിന്നാഭിപ്രായം വന്നതോടെ വിധി ഫുൾ ബെഞ്ചിന് വിടുകയായിരുന്നു.
ഇതിനിടെ, കേസ് ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൻ ഉൽ റഷീദും എതിർകക്ഷിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തത് വിവാദമായിരുന്നു. ഇതോടെ, ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി കേസിലെ പരാതിക്കാരൻ ആർ.എസ്. ശശികുമാർ പ്രതികരിച്ചു. ഇതിനുശേഷം പുനഃപരിശോധന ഹർജി പരിഗണിക്കുന്നതിനിടെ പരാതിക്കാരനായ ശശികുമാറിനെതിരെ ലോകായുക്ത ന്യായാധിപന്മാർ രൂക്ഷ വിമർശനം നടത്തിയിരുന്നു. പേപ്പട്ടി ഒരു വഴിയിൽ നിൽക്കുമ്പോൾ അതിന്റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലതെന്നും അതുകൊണ്ടാണ് കൂടുതൽ പറയാത്തതെന്നുമാണ് ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് പറഞ്ഞത്.