വിഷുപിറക്കുന്നത് നിങ്ങള്‍ക്ക് എങ്ങനെ, സമ്പൂര്‍ണ വിഷുഫലം

Advertisement

1198 മീനം 31 ന്, 2023ഏപ്രിൽ 14 ന് വെള്ളിയാഴ്ച പകൽ ഇന്ത്യൻ സമയം 2 മണി 58 മിനിറ്റിന്, മകരക്കൂറിൽ തിരുവോണം നക്ഷത്രത്തിലായി ചന്ദ്രൻ സഞ്ചരിക്കവേയാണ് സൂര്യന്റെ മേടരാശി സംക്രമം .അതിന്റെ പിറ്റേദിനം വിഷുദിനമായി നാം ആഘോഷിക്കുന്നു. ജ്യോതിഷപ്രകാരം, ഈ വർഷം നിങ്ങൾ ഓരോരുത്തർക്കും കരുതി വച്ചിരിക്കുന്നത് എന്താണെന്നു നോക്കാം.

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4):

ഗുണദോഷ സമ്മിശ്രമായ ഒരു കാലമാണിത്. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.അധികാരമുള്ള പദവികൾ വന്നുചേരും.തുലാം മാസത്തിന് ശേഷം ഔദ്യോഗികമായി മുന്നേറ്റം പ്രതീക്ഷിക്കാം. കൂട്ടുകച്ചവട ത്തിൽ ലാഭമുണ്ടാകും. സ്വന്തമായി തൊഴിൽ തുടങ്ങാനും, നിലവിലുള്ള തൊഴിൽ നവീകരിക്കാനും സാധിക്കും. .മേടം, ഇടവം, തുലാം,വൃശ്ചികം, മീനം എന്നീ മാസങ്ങളിൽ നവസംരംഭങ്ങൾ തുടങ്ങരുത്. സാമ്പത്തിക സ്ഥിതി ഉയരുന്നതാണ്.ഒരു പാട് കാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ ഫലവത്താകും. അവിവാഹിതർക്ക് വിവാഹം നടക്കുന്നതാണ്. ജീവിതപങ്കാളിയുടെ പൂർണപിന്തുണ ഉണ്ടാകും.കുടുംബജീവിതം സന്തോഷകരമാകും. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയത്തിൽ ഉപരി വിദ്യാഭ്യാസം സിദ്ധിക്കുന്നതാണ്. മക്കളുടെ പഠനം, വിവാഹം ഇവയെല്ലാം പ്രതീക്ഷിച്ചവിധം തന്നെ നടക്കാൻ സാധ്യത കാണുന്നു. കഴിഞ്ഞ വർഷം അനുഭവിച്ച ദുരിതങ്ങൾ പലതും വിട്ടു മാറും. പുതിയ വാഹനം വാങ്ങും.സകുടുംബം വിനോദ- ആത്മീയ യാത്രകൾ ഉണ്ടാവും.
ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2):

ഗുരു 12ലും ശനി പത്തിലും സഞ്ചരിക്കുന്ന സമയമാണ് വരുന്നത്. രണ്ട് ഗ്രഹങ്ങളുടെ സ്ഥിതിയും അനുകൂലമല്ലാത്തതു കൊണ്ട് എല്ലാ രംഗത്തും വെല്ലുവിളികൾ ഉണ്ടായേക്കാം.
ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കുന്നതിനായി കൂടുതൽ അധ്വാനം വേണ്ടിവരും.ഔദ്യോഗികരംഗത്ത് ചില ബുദ്ധിമുട്ടുകൾക്ക് സാധ്യത കാണുന്നു. വിദേശത്ത് പഠിക്കാനോ തൊഴിൽ ചെയ്യാനോ സാഹചര്യം ഉണ്ടാകു താണ്.സ്വന്തം തൊഴിലിൽ സാങ്കേതികവിജ്ഞാനം പ്രയോജനപ്പെടുത്തും. കച്ചവടത്തിൽ തരക്കേടില്ലാത്ത നേട്ടം വന്നുചേരുന്നതാണ്.ഊഹക്കച്ചവടം ഗുണകരമാവണം എന്നില്ല. പുതിയ മുതൽ മുടക്കുകൾക്ക് തുലാം മാസം മുതൽ കാലം നല്ലതാണ്.തൊഴിലിടത്തിൽ പ്രതികൂലതകൾ തലപൊക്കിയാലും പ്രത്യുല്പന്നമതിത്വത്തോടെ അവയെ മറികടക്കാൻ സാധിച്ചേക്കും.സർക്കാർ ജീവനക്കാർക്ക് സ്ഥലമാറ്റം ഉണ്ടാകാം.വിവാഹത്തിന് കാലവിളംബം ഭവിക്കാം. പ്രേമകാര്യങ്ങളിൽ തടസ്സങ്ങൾ ആവർത്തിച്ചേക്കാം , വീട്,വാഹന സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ഭാഗികമായി കഴിയും. കുടുംബ ജീവിതം സന്തോഷകരമായി മാറും.മക്കളുടെ പഠന, വിവാഹാദികൾക്ക് വായ്പാസഹായം ലഭിക്കുന്നതാണ്. ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല. ചിലവുകൾ വർധിക്കും. മേടം, ഇടവം, കന്നി, ധനു മാസങ്ങളിൽ കൂടുതൽ കരുതൽ വേണം.
മിഥുനക്കൂർ(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മൂന്നു പാദങ്ങൾ):

ഗുരു അഭീഷ്ട സ്ഥാനത്തും ശനി ഭാഗ്യസ്ഥാനത്തും സഞ്ചരിക്കുന്ന സമയമാണ് വരുന്നത്. വളരെ അനുകൂലമായ സ്ഥിതിയാണിത്. എല്ലാ രംഗത്തും പ്രശോഭിക്കാൻ കഴിയും.12 വർഷമായി ശ്രമിച്ചിട്ട് നടക്കാത്ത കാര്യങ്ങൾ പോലും ഈ വർഷം നടക്കും. വരുമാനം മെച്ചപ്പെടും. സാമ്പത്തികസ്ഥിതി ഉയരും. ഒന്നിലധികം ആദായമാർഗങ്ങൾ തുറക്കപ്പെടും. കച്ചവടമേഖല വളരും.കഴിഞ്ഞ നാളുകളിൽ അനുഭവിച്ച ദുരിതങ്ങൾ പൂർണമായും ഒഴിവാകും.വിദ്യാർത്ഥികൾക്ക് പരീക്ഷാ വിജയം ഉണ്ടാകും. കലാകായിക മത്സരങ്ങളിൽ നേട്ടങ്ങളുണ്ടാകും. പ്രൊഫഷണൽ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സാഹചര്യം ഒരുങ്ങുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, വേതനവർദ്ധനവ് എന്നിവ ലഭിക്കും.തൊഴിൽ രംഗത്ത് തടയപ്പെട്ട അംഗീകാരങ്ങളും സ്ഥാനക്കയറ്റവും നിങ്ങളെ തേടി വന്നേക്കും.
സഹപ്രവർത്തകരുടെ പിന്തുണ ലക്ഷ്യം നേടാൻ സഹായിക്കും.പുതിയ വീട് , വാഹനം എന്നിവ വാങ്ങാൻ കഴിയും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം.പ്രണയികൾക്ക് സന്തോഷിക്കാനാവും. അവിവാഹിതർക്ക് കുടുംബജീവിതത്തിൽ പ്രവേശിക്കാൻ കാലം അനുകൂലമാണ്. കടബാധ്യത ഇല്ലാതാകും.ഇടവം, മിഥുനം, തുലാം, മകരം എന്നീ മാസങ്ങളിൽ കുറച്ച് ശ്രദ്ധ വേണം.
കർക്കടകക്കൂർ (പുണർതം അവസാന പാദം, പൂയം, ആയില്യം ):

ജോലി ഭാരം വർധിക്കും.തൊഴിൽ രംഗത്തു നേരിടുന്ന വെല്ലുവിളികളെ ഭംഗിയായി മറികടക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും.വിദേശതൊഴിലിനുള്ള പരിശ്രമങ്ങൾ ഫലവത്താകുന്നതാണ്.ഉദ്യോഗസ്ഥർക്ക് ആഗ്രഹിച്ച സ്ഥലം മാറ്റം ലഭിക്കും. മക്കളുടെ വിദ്യാഭ്യാസം , വിവാഹം എന്നിവയ്ക്ക് വായ്പകൾ എടുക്കും. വസ്തുവില്പനയിൽ പ്രതീക്ഷിച്ച ആദായം വന്നുചേരണമെന്നില്ല. ക്രയവിക്രയങ്ങളിൽ അമളിപറ്റാതെ നോക്കണം. ആരോഗ്യം ശ്രദ്ധിക്കുക. അകന്നു കഴിഞ്ഞ ദമ്പതികൾ തമ്മിൽ ഒന്നിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. സ്വന്തമായി ഭൂമി വാങ്ങാൻ സാധിക്കും.മേടം, ഇടവം, കന്നി, ധനു മാസങ്ങളിൽ ഉദ്യോഗത്തിൽ ഉയർച്ചയും കച്ചവടത്തിൽ ആദായവും വർദ്ധിക്കും.മിഥുനം-കർക്കടകം- കുംഭം മാസങ്ങളിൽ സാഹസിക പ്രവൃത്തികൾ ഒഴിവാക്കേണ്ടതുണ്ട്. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം.
ചിങ്ങക്കൂർ (മകം, പൂരം, ഉത്രം ആദ്യ പാദം):

ദൈവാധീനമുള്ള കാലമായതിനാൽ പല ഭാഗ്യ അനുഭവങ്ങളും പ്രതീക്ഷിക്കാം. ഗുണാനുഭവങ്ങൾ വർദ്ധിക്കും. ശത്രുക്കളുടെ പ്രവർത്തനം ഏതാണ്ട് മന്ദീഭവിക്കും. വ്യാഴാനുകൂല്യം കൂടി വരുന്നതിനാൽ അനുരാഗസാഫല്യം, വിവാഹസിദ്ധി, സന്താനപ്രാപ്തി തുടങ്ങിയവയും പ്രതീക്ഷിക്കാവുന്ന വർഷമാണ്. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ലഭിക്കാനിടയുണ്ട്. വിദേശയാത്രയ്ക്ക് പരിശ്രമിക്കുന്നവർക്ക് അത് സാധ്യമാകും. തുലാം മാസം തൊട്ട്, വിശേഷിച്ചും. പഠനം, തൊഴിൽ, പുണ്യസ്ഥലദർശനം ഇത്യാദികൾക്കായി വിദേശയാത്രകൾക്ക് യോഗമുണ്ട്. ഇതു മൂലം പല തരത്തിലുളള പ്രയോജനങ്ങളും സിദ്ധിക്കും.ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കും.കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം.വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസം ആഗ്രഹിച്ച വിഷയത്തിൽ നടത്താനാവും. കോടതി വ്യവഹാരങ്ങൾക്ക് അനുകൂലമായ തീർപ്പുകൾ ഭവിക്കും. രാഷ്ട്രീയപ്രവർത്തകർക്ക് അധികാരസ്ഥാനങ്ങളിൽ എത്താൻ യോഗമുണ്ട്. കൃഷി കാര്യങ്ങളിൽ ശ്രദ്ധ കൂടും. വ്യാപാരരംഗം വിപുലീകരിക്കുന്നതിന് ആവശ്യമായ വായ്പകൾ ലഭിക്കും. കർക്കടകം, ചിങ്ങം, കന്നി, മീനം എന്നീ മാസങ്ങളിൽ ഗുണാനുഭവങ്ങളുടെ തോത് കുറയുന്നതാണ്.
കന്നിക്കൂർ (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി):

ഗുണദോഷ സമ്മിശ്രമായ വർഷമാണിത്. ദൈവാധീനം കുറഞ്ഞ കാലമാണ്. പ്രാർഥനകളും പുണ്യകർമങ്ങളും മുടങ്ങാതെ നടത്തുക. എന്നിരുന്നാലും പ്രതികൂലഘടകങ്ങളെ സമർത്ഥമായി പ്രതിരോധിച്ച് മുന്നേറാൻ കഴിയും.പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കും. വിദേശവ്യാപാരത്തിന് അനുമതി കിട്ടുന്നതാണ്. ഉദ്യോഗസ്ഥർക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നതായിരിക്കും. കരാർ ജോലികൾ, ഫ്രാഞ്ചൈസികൾ, പാർട്ട് ടൈം ജോലികൾ എന്നിവയിൽ നിന്നും ആദായം വന്നുചേരുന്നതാണ്. ഗൃഹനിർമ്മാണത്തിൽ പുരോഗതി കുറഞ്ഞേക്കും.
മേടം, ചിങ്ങം, കന്നി, തുലാം എന്നീ മാസങ്ങളിൽ നവസംരംഭങ്ങൾക്ക് മുതിരരുത്. വീട് മാറി താമസിക്കേണ്ടി വരാം.പുതിയ സംരംഭങ്ങൾ തുടങ്ങാൻ നല്ല കാലമല്ല. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക. രാഹുവിന്റെ സ്ഥാനത്തിന്
തുലാം മാസം മുതൽ മാറ്റം വരികയാൽ വിവാഹതടസ്സം നീങ്ങുന്നതാണ്. ചിരകാലാഭിലഷിതങ്ങളായ കാര്യങ്ങൾ സാക്ഷാത്കരിക്കാനാവും. കിടപ്പ് രോഗികൾക്ക് ആശ്വാസം വരും. മാതാപിതാക്കളുടെ ആരോഗ്യപരിരക്ഷയിൽ ശ്രദ്ധയുണ്ടാവണം. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. മക്കൾക്ക് വേണ്ടിയുള്ള ചിലവുകൾ വർധിക്കാൻ ഇടയുണ്ട്.കർക്കടകമാസത്തിൽ സൽക്കീർത്തിയേറും. നിക്ഷേപങ്ങൾ, വായ്പ ഇവ മൂലം സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കുടുംബകലഹങ്ങൾ പറഞ്ഞുതീർക്കും. വൃശ്ചിക മാസത്തിൽ കടബാധ്യതകൾ ഒട്ടൊക്കെ പരിഹരിക്കാനാവും
തുലാക്കൂർ (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ):

ഈശ്വരാധീനമുള്ള വർഷമാണ് .ജീവിതം സന്തോഷഭരിതമാകും.അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കാനോ സ്ഥാനക്കയറ്റം ലഭിക്കാനോ സാധ്യതയുണ്ട്.കച്ചവടം ലാഭത്തിലേക്ക് നീങ്ങുന്നതാണ്. വസ്തുക്കൾ വിൽക്കാനും തന്മൂലം കടബാധ്യതകൾ തീർക്കാനും കഴിയും. സന്താന ഭാഗ്യം പ്രതീക്ഷിക്കാം. വലിയ തോതിലുള്ള കരാറുകളും ഉടമ്പടികളും നേടിയെടുക്കും.സാങ്കേതികവിദ്യയിൽ ഉപരിപഠനം സാധ്യമാകും. . രാഷ്ട്രീയമത്സരങ്ങളിൽ അഭിമാനിക്കാവുന്ന വിജയം വന്നെത്തുന്നതാണ്.സമൂഹത്തിൽ ആദരവും സ്വാധീനവും വർദ്ധിക്കും.അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കാനും സാധ്യതയുണ്ട്. പ്രണയസാഫല്യം, വിവാഹം, ദാമ്പത്യസുഖം എന്നിവയ്ക്ക് യോഗമുണ്ട്. പുതിയ വാഹനം വാങ്ങാനും, ഗൃഹം മോടിപിടിപ്പിക്കാനും ഈ വർഷം കഴിയും.മക്കളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ഇടവം, കന്നി, തുലാം എന്നീ മാസങ്ങളിൽ ചെലവും അലച്ചിലും ഏറും. നവസംരംഭങ്ങൾ ഇക്കാലത്ത് തുടങ്ങരുത്.അഗ്നി, വാഹനം, വൈദ്യുതി ഇവയുടെ ഉപയോഗം അങ്ങേയറ്റം കരുതലോടെയാവണം.ആരോഗ്യം പൊതുവെ തൃപ്തികരമാണ്.
വൃശ്ചികക്കൂർ(വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട):

ഗുരു ആറിലും ശനി നാലിലും സഞ്ചരിക്കുന്ന ഈ സമയം വെല്ലുവിളി നിറഞ്ഞതായിരിക്കും. എല്ലാ മേഖലകളിലും തടസ്സങ്ങളും തിരിച്ചടികളും പ്രതീക്ഷിച്ചിരുന്ന് ഫലപ്രദമായി നേരിടേണ്ടിവരും.വിദേശയാത്രക്ക് അനുകൂലമായ വർഷമാണ്.അന്യനാടുകളിൽ പഠനമോ തൊഴിലോ ഭവിക്കും.സമയബന്ധിതമായി പൂർത്തീകരിക്കേണ്ട ദൗത്യങ്ങളുടെ ചുമതല കൂടുതലായി വന്നുചേരുന്നതാണ്. സാമ്പത്തിക ഞെരുക്കം ഉണ്ടാകാൻ ഇടയുണ്ട്. അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാം. ചെറുപ്പക്കാരുടെ വിവാഹതീരുമാനം നീണ്ടുപോകാനിടയുണ്ട്. ഓഹരി വിപണിയിൽ നഷ്ടങ്ങളുണ്ടായേക്കാം. മക്കളുടെ വിവാഹം നടക്കും. കുടുംബ പ്രാരബ്ധങ്ങൾ ചിലപ്പോൾ കടബാധ്യതകൾ സൃഷ്ടിച്ചേക്കാം. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. കൂട്ടുസംരംഭങ്ങളിലും ഉടമ്പടികളിലും പങ്കാളിയാവുമ്പോൾ എല്ലാവശങ്ങളും അറിഞ്ഞിരിക്കുവാൻ ശ്രദ്ധിക്കണം. അന്യരുടെ പണമിടപാടിന് ജാമ്യം നിൽക്കരുത്.മിഥുനം, തുലാം, വൃശ്ചികം എന്നീ മാസങ്ങളിൽ ചെറുതും വലുതുമായ കാര്യങ്ങളിൽ ജാഗ്രത ഉണ്ടാവണം. തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കണം. ബന്ധുമിത്രാദികളുടെ പിന്തുണ വലിയ ആശ്വാസമേകും. . ദുർവ്യയങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. അപവാദംകേൾക്കാൻ ഇടയുണ്ട്. പ്രാർഥന മുടങ്ങാതെ നടത്തുക.
ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം):

ഗുരു അഞ്ചിലും ശനി മൂന്നിലും സഞ്ചരിക്കുന്ന ഈ കാലം വളരെ അനുകൂലമാണ്. കുറച്ചുകാലമായി അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുവാൻ സാധിക്കും.
കഷ്ടതകൾക്കൊടുവിൽ ജീവിതം പ്രസാദ ഭരിതമാകുന്ന വർഷമാണിത്.സ്ഥാനക്കയറ്റം ലഭിക്കും. വിദേശ ജോലി, വിദേശ വിദ്യാഭ്യാസം, വിവാഹം, സന്താനലബ്ധി എന്നിവ ശുഭസാധ്യതകളാണ്.സാമ്പത്തിക പുരോഗതി കൈവരിക്കും.ആഗ്രഹങ്ങൾ മിക്കതും സഫലമാകും.അസാദ്ധ്യം എന്ന് കരുതിയ കാര്യങ്ങൾ അധികം അധ്വാനിക്കാതെ നേടിയെടുക്കും. സ്ഥിരജോലിയിൽ ഉയർച്ച, കരാറുകൾ ഉറപ്പിച്ചു കിട്ടുക, വ്യാപാരത്തിൽ മുന്നേറ്റം എന്നിവ പ്രതീക്ഷിക്കാം.ഭൂമിയിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നും ഉയർന്ന വരുമാനം പ്രതീക്ഷിക്കാം.വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. കുടുംബജീവിതം സന്തോഷകരമാകും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. മക്കൾക്ക് ഉയർച്ചയുണ്ടാകും. ഗൃഹം മോടി പിടിപ്പിക്കും. പുതുവാഹനം വാങ്ങും. കിട്ടാക്കടങ്ങൾ കുറച്ചൊക്കെ മടക്കിക്കിട്ടുന്നതാണ്.ആരോഗ്യം തൃപ്തികരമാണ്. അന്യനാട്ടിൽ കഴിയുന്നവർക്ക് ആഗ്രഹിച്ച സ്ഥലം മാറ്റം ലഭിക്കും.കർക്കടകം, വൃശ്ചികം, ധനു എന്നീ മാസങ്ങളിൽ പ്രതികൂലാനുഭവങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ ജാഗ്രത വേണം
മകരക്കൂർ (ഉത്രാടം 2 ,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ):

ഗുരു നാലിലും ശനി രണ്ടിലും സഞ്ചരിക്കുന്ന സമയമാണിത്. കഴിഞ്ഞ കാലത്തേക്കാൾ അനുകൂലമാണെങ്കിലും എല്ലാ മേഖലയിലും ശ്രദ്ധ അനിവാര്യമാണ്. ഗുണാത്മകമായ മാറ്റങ്ങൾ ഉണ്ടാകുന്ന വർഷമാണിത്.കുടുംബ ജീവിതത്തിൽ സുഖവും സമാധാനവും അനുഭവപ്പെടും. പുതിയ വീട് സ്വന്തമാക്കാൻ സാധിക്കും. വരുമാനം വർധിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.സുഹൃത്തുക്കളും ബന്ധുക്കളും പിന്തുണയേകും. ഉപരിവിദ്യാഭ്യാസം പ്രതീക്ഷിച്ച വിഷയത്തിൽ, ഉയർന്ന സർവ്വകലാശാലയിൽ നടത്തുവാൻ സാധിക്കും. വിദ്യാർഥികൾ പഠനത്തിൽ അലസരാവാൻ ഇടയുണ്ട്. ശ്രദ്ധിക്കുക.തൊഴിൽ നേട്ടമുണ്ടാകും.വിദേശതൊഴിൽ വലിയ സാധ്യതയാണ്. നിക്ഷേപങ്ങളിൽ നിന്നും ആദായം വർദ്ധിക്കും. വ്യാപാരം ലാഭത്തിലേക്ക് നീങ്ങുന്നതാണ്. വിവാഹാഭിലാഷം നിറവേറ്റപ്പെടും. ഭൂമി വാങ്ങുവാനും ഗൃഹം നിർമ്മിക്കാനും അനുകൂല സമയമാണ്.ദൈവാധീനമുളള സമയമായതിനാൽ പല പ്രതിസന്ധികളും തരണം ചെയ്യാൻ കഴിയും. ചിലർക്ക് പുതിയ വാഹനത്തിനും സാധ്യത കാണുന്നുണ്ട്.ചിങ്ങം, കന്നി, ധനു, മകരം മാസങ്ങളിൽ ആരോഗ്യകാര്യത്തിൽ ശ്രദ്ധ കൂട്ടണം. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കണം. പുതിയ സംരംഭങ്ങൾ തുടങ്ങരുത്.പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
കുംഭക്കൂർ (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ):

കുംഭം രാശിക്കാര്‍ക്ക് ശനിദോഷം ഉണ്ടാവുന്ന സമയമാണെങ്കിലും ഗുണാനുഭവങ്ങളും ഉണ്ടാകും. ജീവിതത്തില്‍ അനുകൂലമായ സാഹചര്യം നിങ്ങളെ തേടി എത്തുന്നുണ്ട്.പ്രതീക്ഷകൾ നിറവേറുന്നത് അല്പം വൈകിയിട്ടാവും. വാഗ്ദാനങ്ങൾ പാഴായിപ്പോകാം. അദ്ധ്വാനം വർദ്ധിക്കുന്നതാണ്. സാമ്പത്തിക ഇടപാടുകൾ കരുതലോടെ വേണം ചെയ്യാൻ. ചിലർക്ക് ദൂരദിക്കിലേക്ക് സ്ഥലമാറ്റം ലഭിക്കാൻ ഇടയുണ്ട്. പുണ്യകർമ്മങ്ങളും പ്രാർഥനകളും മുടങ്ങാതെ അനുഷ്ഠിക്കുക.പുതിയ കാര്യങ്ങൾ തുടങ്ങാതെ ഉള്ളത് നിലനിർത്തിപ്പോകാൻ ശ്രദ്ധിക്കുക. നിത്യവരുമാനക്കാർ നിരാശപ്പെടുകയില്ല. ഉദ്യോഗസ്ഥർക്ക് ദൂരദിക്കുകളിലേക്ക് സ്ഥലം മാറ്റം ഭവിക്കും. മക്കളുടെ പഠനം, വിവാഹം ഇത്യാദികൾക്ക് നല്ല രീതിയിലുള്ള സാമ്പത്തികസഹായം കൈവരുന്നതാണ്. ഗാർഹിക ജീവിതത്തിൽ സമാധാനം പുലരും. സഹോദരരും സുഹൃത്തുക്കളും പ്രതിസന്ധികളിൽ ഉറച്ച പിന്തുണയേകും. വിദേശത്ത് പോകാനും പഠനം – തൊഴിൽ എന്നിവയിൽ ഏർപ്പെടുവാനും കാലം അനുകൂലമാണ്. മേടം, കർക്കടകം, വൃശ്ചികം, ധനു എന്നീ മാസങ്ങളിൽ കാര്യങ്ങൾ സുഗമവും സുലഭവുമാകും. കന്നി, തുലാം, മകരം മാസങ്ങളിൽ ജാഗ്രത വേണ്ടതുണ്ട്.വിദേശത്ത് ഉദ്യോഗം ലഭിക്കാൻ സാധ്യത കാണുന്നു. പല കാര്യങ്ങളിലും അലസത തോന്നാൻ ഇടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.


മീനക്കൂർ ( പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി):

ഗുരു രണ്ടിലും ശനി 12 ലുംസഞ്ചരിക്കുന്ന ഈ സമയം ഗുണദോഷസമ്മിശ്രമായിരിക്കും.ഏഴരശനി തുടങ്ങിയ വർഷമാണ്. ധനലാഭം ഉണ്ടാകും. എങ്കിലും ചിലവും അതിനനുസരിച്ച് കൂടുതൽ സാധ്യതയുണ്ട്.
ധനസ്ഥിതി കഴിഞ്ഞ കാലത്തേക്കാൾ മികച്ചതായിരിക്കും.നിക്ഷേപങ്ങൾ നടത്തുന്നത് വിദഗ്ദ ഉപദേശത്തിലായിരിക്കണം. കിട്ടാനുളള ധനം വന്നു ചേരാൻ സാധ്യത കാണുന്നു.കച്ചവടത്തിൽ വരുമാനം വർദ്ധിക്കുന്നതാണ്. ഏജൻസി പ്രവർത്തനം വിപുലീകരിക്കും.പഠനാദികൾക്കോ തൊഴിലിനോ ആയി വീടും നാടും വിട്ടുനിൽക്കേണ്ട സ്ഥിതി ഉണ്ടാവാം. ഉദ്യോഗസ്ഥർക്ക് അകലങ്ങളിലേക്ക് സ്ഥലം മാറ്റം വരാവുന്നതാണ്.ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. തൊഴിൽരംഗത്ത് അംഗീകാരങ്ങൾ ലഭിക്കും. മികച്ച ശമ്പളവർധന പ്രതീക്ഷിക്കാവുന്നതാണ് – വിദ്യാർഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. പഠനകാലത്ത് ജോലി ലഭിക്കുന്ന സാഹചര്യവും വരാവുന്നതാണ്.കുടുംബ ജീവിതം സന്തോഷം നിറഞ്ഞതാകും. കുടുംബാംഗങ്ങൾക്കിടയിൽ ഉള്ള അനൈക്യം അവസാനിക്കും. പ്രണയസാഫല്യം, വിവാഹയോഗം ഇവയും പ്രതീക്ഷിക്കാവുന്നതാണ്. മുടങ്ങി കിടന്ന കാര്യം പുനരാരംഭിക്കും.മേടം, ഇടവം, ചിങ്ങം, ധനു, മകരം എന്നീ മാസങ്ങളിൽ സ്ഥാനലബ്ധി, അംഗീകാരം, രാഷ്ട്രീയവിജയം, ധനലാഭംഎന്നിവ പ്രതീക്ഷിക്കാം. വീട് മോടി പിടിപ്പിക്കുകയോ പുതിയ വീട് വാങ്ങുകയോ ചെയ്യും. പുതിയ വാഹനം വാങ്ങാനും യോഗമുണ്ട്.പുണ്യകർമ്മങ്ങളോട് ആഭിമുഖ്യം വർധിക്കും. ആരോഗ്യം തൃപ്തികരമാണ്. എതിരാളികളെ വശത്താക്കാൻ കഴിയും.

Advertisement